
നീലേശ്വരം ∙ പാളത്തിലെ സ്ലീപ്പറുകൾ പുതുക്കുന്നതിന്റെ ഭാഗമായി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിർമിക്കുന്ന താൽക്കാലിക ട്രാക്ക് മംഗളൂരു സെൻട്രൽപോലുള്ള സ്റ്റേഷനുകളിലുള്ള ബേ ലൈൻപോലെ ഉപയോഗിച്ചുകൊണ്ട് ട്രെയിനുകൾ നീലേശ്വരംവരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ട്രെയിൻ നിർത്തിയിടാൻ സ്ഥലമില്ലെന്ന കാരണം പറഞ്ഞാണ് തെക്കുനിന്നുള്ള പല ട്രെയിനുകളും നിലവിൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നത്.
രാത്രി ഏറ്റവും ഒടുവിലായി കണ്ണൂരിലെത്തുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വന്നിറങ്ങുന്നവർ റെയിൽവേ സ്റ്റേഷനു പുറത്തു നിർത്തിയിരിക്കുന്ന ബസിൽ കയറാനായി പ്ലാറ്റ്ഫോമിലൂടെ ഓടുകയാണ്. എക്സിക്യൂട്ടീവ് ട്രെയിൻ വടക്കോട്ടു നീട്ടാനായാൽ ദുരിതത്തിനു പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു.
ദക്ഷിണ റെയിൽവേക്കു കീഴിൽ ഷൊർണൂരിനു വടക്കോട്ട് ഏറ്റവും കൂടുതൽ ഭൂമിയുള്ള സ്റ്റേഷനാണ് നീലേശ്വരം. ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻതക്ക ഭൂമി ഉണ്ടായിട്ടും ഇക്കാര്യത്തിൽ ഇതുവരെ അധികൃതരുടെ ശ്രദ്ധപതിഞ്ഞിട്ടില്ല.
‘ട്രെയിനുകൾ നീലേശ്വരത്തേക്ക് നീട്ടണം’
നിലവിൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ പുതിയ ട്രാക്ക് ഉപയോഗിച്ചുകൊണ്ട് നീലേശ്വരത്തേക്കു നീട്ടണമെന്നും കൂടുതൽ സ്ഥലത്ത് വാഹനം പാർക്കിങ് സംവിധാനം ഒരുക്കണമെന്നും നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു.
സേതു ബങ്കളം, കെ.വി.സുനിൽരാജ്, എ.വി.പത്മനാഭൻ, ഗോപിനാഥൻ മുതിരക്കാൽ, എ. വിനോദ് കുമാർ, സി.കെ.ജനാർദനൻ, പത്മനാഭൻ മാങ്കുളം, സി.കെ.അബ്ദുൽ സലാം, കെ.വി.പ്രിയേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]