
കാസർകോട് ∙ 2024 ജൂലൈ 16, അന്നും രാവിലെ പെയ്തിറങ്ങുന്ന മഴയായിരുന്നു. മരത്തടി കയറ്റിയ ലോറിയോടിച്ചു കർണാടക ഹുബ്ബള്ളിയിൽനിന്നു ദേശീയപാതയിലൂടെ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഷിരൂരിലെത്തി.
നിമിഷങ്ങൾക്കകം, 8.30നു സമീപത്തെ ഷിരൂർ കുന്നിടിഞ്ഞ് അർജുൻ ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലേക്കു മാഞ്ഞു. അർജുനെ തിരഞ്ഞ്, കുടുംബവും മലയാളികളും കണ്ണീരോടെയും പ്രാർഥനയോടെയും പിന്നിട്ട
72 ദിനരാത്രങ്ങൾ. കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി അർജുൻ ഗംഗാവലിപ്പുഴയുടെ നോവായി മാറിയിട്ട് ഇന്നേക്ക് ഒരു വർഷം.
സംഭവത്തിന്റെ പിറ്റേന്നു സമീപത്തെ ചായക്കട
ഉടമ, ഭാര്യ, 2 മക്കൾ, ബന്ധു, 2 ടാങ്കർ ലോറി ഡ്രൈവർമാർ എന്നിവർ മരിച്ചതായി സ്ഥിരീകരണമുണ്ടായെങ്കിലും അർജുനെക്കുറിച്ചു മാത്രം വിവരം ലഭിച്ചില്ല. റോഡിനോടു ചേർന്നു കുന്നിടിഞ്ഞു കിടക്കുന്ന ഭാഗത്താണു ലോറിയെന്ന ധാരണയിൽ മണ്ണുമാന്തിയന്ത്രമെത്തിച്ച് ഈ പ്രദേശത്തായിരുന്നു ആദ്യ ദിവസങ്ങളിലെ പരിശോധന.
പിന്നീട് പുഴ കേന്ദ്രീകരിച്ചായി തിരച്ചിൽ. പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ മുങ്ങൽസംഘം തിരച്ചിലിനിറങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്കു കാരണം ലക്ഷ്യം കണ്ടില്ല.
പലപ്പോഴായി മുടങ്ങിയ തിരച്ചിൽ ഒരു മാസം കഴിഞ്ഞു പുനരാരംഭിച്ചു.
കർണാടക സർക്കാർ ഒരു കോടിയോളം രൂപ മുടക്കി ഗോവയിൽനിന്നു ഡ്രജർ എത്തിച്ചു പുഴയിലെ മണ്ണു നീക്കി പരിശോധന നടത്തി. സെപ്റ്റംബർ 25നു കരയിൽനിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽനിന്ന് 12 മീറ്റർ ആഴത്തിൽ പുഴയിൽ അർജുന്റെ ലോറി കണ്ടെത്തി.
നടപടികൾക്കു ശേഷം, 27നു മൃതദേഹം വിട്ടുനൽകി. കോഴിക്കോട് കിണാശ്ശേരി സ്വദേശികൾ മനാഫിന്റെയും മുബീന്റെയും ഉടമസ്ഥതയിലുള്ളതായിരുന്നു ലോറി.
വിഷ്ണുപ്രിയയാണ് അർജുന്റെ ഭാര്യ. പ്ലേ സ്കൂൾ വിദ്യാർഥിയാണു മകൻ അയാൻ കൃഷ്ണ.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ലോകേഷ്, ജഗന്നാഥ എന്നിവരുടെ മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ കർണാടകയ്ക്കു വേണ്ടിയും മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷറഫ് കേരളത്തിനു വേണ്ടിയും മുഴുവൻ ദിവസവും ദൗത്യത്തിൽ പങ്കാളികളായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]