ബെംഗളൂരു ∙ കേരളത്തിൽ ഉൾപ്പെടെ പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയുടെ സ്വർണം പണയം വാങ്ങി തട്ടിപ്പു നടത്തിയ 2 മലയാളികളെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ മാതമംഗലം കുറ്റൂർ സ്വദേശി സലാം മണക്കാട്ട്, വിദ്യാരണ്യപുര എംഎസ് പാളയ സർക്കിളിൽ എമിറേറ്റ്സ് ഗോൾഡ് പാൻ ബ്രോക്കേഴ്സ് എന്ന സ്ഥാപന ഉടമ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
സലാമിന്റെ ഭാര്യ സറീനയും കേസിൽ പ്രതിയാണ്. തളിപ്പറമ്പ് ചിറവക്ക് മെലോറ ജ്വല്ലറിയുടെ പേരിലാണു തട്ടിപ്പു നടത്തിയത്.
യശ്വന്തപുര സ്വദേശി ജാബിർ നൽകിയ പരാതിയിലാണ് ബെംഗളൂരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) നടപടി.
മുഡിഗെരെയിൽ എആർ ഗോൾഡെന്ന സ്ഥാപന ഉടമയായ ജാബിർ ഇടനിലനിന്ന് ഇയാളുടെ കുടുംബക്കാരും സുഹൃത്തുക്കളും ഉൾപ്പെടെ 41 പേരിൽ നിന്ന് 5 കിലോഗ്രാം സ്വർണം സലാമും അജിത്തും പണയം വാങ്ങിയിരുന്നു. അടുത്തയിടെ സ്വർണവില കുത്തനെ ഉയർന്നതോടെ ഇതിലൊരാൾ പണയമെടുക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.
ഇടപാടുകാരിൽ നിന്നു പണയമായി വാങ്ങുന്ന സ്വർണം ഇവരറിയാതെ മറിച്ചു വിൽക്കുന്നതാണ് തട്ടിപ്പു രീതി.
ഇത്തരത്തിൽ ബെംഗളൂരു, മംഗളൂരു, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ തട്ടിപ്പ് നടന്നതായും പൊലീസ് കണ്ടെത്തി. തളിപ്പറമ്പ് പൊലീസിൽ ഉൾപ്പെടെ കേരളത്തിൽ 1400 പേർ ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
സ്വർണവിലയുടെ 70–80% ആണ് ഇടപാടുകാർക്ക് നൽകിയിരുന്നത്. ഇവർ നേരിട്ടു വീടുകളിലെത്തിയാണ് സ്വർണപ്പണയം വാങ്ങിയിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]