കുമ്പള∙ ദേശീയപാത 66ൽ ആരിക്കാടിയിൽ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ 9നു ഹർജി പരിഗണിച്ച കോടതി രണ്ടാം റീച്ച് തുടങ്ങുന്ന ചെങ്കളയ്ക്കും പെരിയയ്ക്കും ഇടയിൽ ദേശീയ പാതയുടെ നിലവിലെ സ്ഥിതി അറിയിക്കാൻ ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകിയിരുന്നു.
തലപ്പാടിയിൽ കർണാടകയിലെ ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ അകലെ മാത്രമാണ് കുമ്പള ആരിക്കാടിയിൽ പുതിയ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതെന്നാരോപിച്ച് അഷ്റഫ് കർല നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷ് ദേശീയപാത അതോറിറ്റിയോടു നിർദേശിച്ചത്.
കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ നിലവിൽ കർണാടകയുടെ സ്ഥലത്ത് ടോൾ ഗേറ്റുണ്ട്.
ഇവിടെനിന്ന് 60 കിലോമീറ്റർ അകലെ കേരളത്തിന്റെ ദേശീയപാതയിൽ പെരിയ ചാലിങ്കാലിൽ ടോൾ ഗേറ്റ് നിർമിക്കുന്നതിനുള്ള നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിനു പുറമെയാണ് ആരിക്കാടിയിൽ താൽക്കാലിക ടോൾ പ്ലാസ പണിയുന്നത്.തലപ്പാടിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരം ചെങ്കള വരെ മാത്രമാണ് ദേശീയപാത പണി പൂർത്തിയാക്കിയതെന്നും ചാലിങ്കാൽ വരെ ബാക്കി വരുന്ന ഭാഗം ദേശീയപാത നിർമിച്ചിട്ടില്ലെന്നും ഹർജിക്കാരൻ അറിയിച്ചിരുന്നു.തുടർന്നാണ് മേഖലയിലെ ദേശീയപാതയുടെ നിലവിലെ സ്ഥിതി അറിയിക്കാൻ നിർദേശിച്ചത്.
ദേശീയ പാത നിർമാണം നടന്നിട്ടില്ലെങ്കിൽ ടോൾ പിരിക്കാനാവില്ലെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. അതിനാൽ കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ആക്ഷൻ കമ്മിറ്റി.
ഇന്നത്തെ വിധിക്കു ശേഷം ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു ഭാവി പരിപാടികൾ ആലോചിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ഇതിനിടെ സമരത്തിൽ കുട്ടികളെ ഉൾപ്പെടെ പങ്കെടുപ്പിക്കുന്നതായി കാണിച്ച് ചിലർ പൊലീസിൽ പരാതിയിൽ നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]