കാസർകോട് ∙ ജില്ലയിലെ 83 കിലോമീറ്റർ ദേശീയപാതയിൽ 70 കിലോമീറ്റർ നിർമാണം പൂർത്തിയായതായി സർക്കാർ അവകാശപ്പെടുമ്പോഴും അനുബന്ധ പ്രവർത്തനങ്ങൾ ഒട്ടേറെ ബാക്കി. പലയിടത്തും മേൽപാലങ്ങളടക്കം പൂർത്തിയാകാനുണ്ട്.
ടാർ ചെയ്യാത്ത സർവീസ് റോഡുകളും ഓവുചാൽ നിർമാണം പൂർത്തിയാകാത്തതുമായ പ്രദേശങ്ങളുണ്ട്. ജില്ലയിൽ തലപ്പാടി മുതൽ ചെർക്കള ടൗണിന് അടുത്തുവരെയാണ് ആറുവരിപ്പാതയുടെയും സർവീസ് റോഡുകളുടെയും നിർമാണം പൂർത്തിയായത്. അവിടെപ്പോലും വഴിവിളക്കുകളും സൂചനാ ബോർഡുകളും സ്ഥാപിക്കാനും വയറിങ്ങും പെയിന്റിങ്ങുമടക്കമുള്ള ജോലികളും ചിലയിടങ്ങളിലെങ്കിലും ബാക്കിയാണ്.
ചെർക്കള മുതൽ കാലിക്കടവുവരെ തുടർച്ചയായി സഞ്ചരിക്കുന്നതിനും പരിമിതിയുണ്ട്.
പലതവണ സർവീസ് റോഡുകളിലേക്ക് ഇറങ്ങിയും തിരിച്ചുകയറിയുമാണ് യാത്ര. ആറുവരിപ്പാത പൂർത്തിയായിട്ടും സർവീസ് റോഡ് ഇല്ലാത്ത ഇടങ്ങളുണ്ട്.
പാത മാത്രം പൂർത്തിയാക്കി ട്രാക്കുകൾപോലും വരയ്ക്കാത്ത ഇടങ്ങളുണ്ട്. ആദ്യ റീച്ച് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജോലിയാണ് ഏറെക്കുറെ പൂർത്തിയായത്.
മേഘ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ നിർമാണം ഇഴയുകയാണ്.
രണ്ടാം റീച്ച് നിർമാണം 80 ശതമാനം പൂർത്തിയായെന്നു പറയുമ്പോഴും ചെർക്കള ടൗൺ മുതലുള്ള കുറച്ചു കിലോ മീറ്ററുകളിൽ കരാർ കമ്പനിക്കു തിരിച്ചടി കിട്ടി. നിർമാണം ഇഴയുന്നതു കൂടാതെ തെക്കിൽ ഭാഗത്തുണ്ടായ മണ്ണിടിച്ചിലും തിരിച്ചടിയായി.
അന്നു സോയിൽ നെയ്ലിങ് ചെയ്ത ഭാഗം ഉൾപ്പെടെ ഇടിഞ്ഞുവീണു. ചെറുവത്തൂർ വീരമലക്കുന്നിലും മണ്ണിടിഞ്ഞതോടെ നിർമാണം അശാസ്ത്രീയമായാണെന്ന് ആരോപണമുയർന്നു.
നിർമാണം മന്ദഗതിയിൽ; എന്നു തീരും ദുരിതം?
കാഞ്ഞങ്ങാട് ∙ ദേശീയപാതയിൽ മാവുങ്കാൽ മുതൽ പടന്നക്കാട് വരെയുള്ള ഭാഗത്തെ നിർമാണം മന്ദഗതിയിലാണ്.
നിർമാണം പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും. പാലങ്ങളുടെ അനുബന്ധ റോഡ് നിർമാണവും പടന്നക്കാട് റെയിൽവേ മേൽപാലവും ഇനിയും പൂർത്തിയാകാനുണ്ട്.
ചെമ്മട്ടംവയൽ, കൂളിയങ്കാൽ, പടന്നക്കാട് തോട്ടം എന്നീ അടിപ്പാതകളുടെ പണി പൂർത്തിയായിട്ടുണ്ട്. ചെമ്മട്ടംവയൽ അടിപ്പാതയിലെ റോഡ് നിർമാണം പൂർത്തിയാകാനുണ്ട്.
ജില്ലാ ആശുപത്രി ഭാഗത്തേക്കുള്ള റോഡ് നിർമാണം പൂർത്തിയായി. മാവുങ്കാൽ ഭാഗത്തേക്കുള്ള റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നു.
കാഞ്ഞങ്ങാട് സൗത്തിലെ മേൽപാലത്തിന്റെ പണിയും പൂർത്തിയായിട്ടില്ല. മേൽപാലത്തിന്റെ നീലേശ്വരം ഭാഗത്തേക്കുള്ള റോഡിന്റെ നിർമാണം പൂർത്തിയായി.
എന്നാൽ, മാവുങ്കാൽ ഭാഗത്തേക്കുള്ള റോഡ് നിർമാണം പൂർത്തിയായിട്ടില്ല. പടന്നക്കാട് റെയിൽവേ മേൽപാലത്തിൽ തൂണുകളുടെ പണി മാത്രമാണ് പൂർത്തിയായത്.
രണ്ടു കിലോമീറ്റർ വരുന്ന അനുബന്ധ റോഡിന്റെ നിർമാണവും മന്ദഗതിയിലാണ്. സർവീസ് റോഡുകളുടെ പണിയും പലയിടത്തും ബാക്കിയാണ്.
ഓവുചാൽ നിർമാണവും ബാക്കിയുണ്ട്. പടന്നക്കാട് നല്ലിടയൻ പള്ളിക്ക് മുൻപിലെ മേൽനടപ്പാലം നിർമാണം തുടങ്ങിവച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രി, കല്യാൺ റോഡ്, പടന്നക്കാട് നെഹ്റു കോളജിന് മുൻവശം എന്നിവിടങ്ങളിൽ മേൽനടപ്പാലത്തിന്റെ അടിത്തറ ഒരുക്കിവച്ചിട്ടുണ്ട്.
റെയിൽവേ മേൽപാലം മന്ദഗതിയിൽതന്നെ
നീലേശ്വരം ∙ ചെങ്കള-നീലേശ്വരം റീച്ച് അവസാനിക്കുന്നതും നീലേശ്വരം-തളിപ്പറമ്പ് റീച്ച് ആരംഭിക്കുന്നതും നീലേശ്വരം കരുവാച്ചേരിയിലാണ്. പടന്നക്കാട് മേൽപാലം മുതൽ പള്ളിക്കര മേൽപാലംവരെയുള്ള ഭാഗത്ത് 60 ശതമാനത്തോളം നിർമാണം പൂർത്തിയായിട്ടുണ്ട്.
പടന്നക്കാട്ടെ പുതിയ റെയിൽവേ മേൽപാലം നിർമാണം മന്ദഗതിയിലാണ്. പാലത്തിന്റെ തൂണുകളുടെ നിർമാണം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. ഗർഡറുകളുടെയും 2 കിലോമീറ്ററോളം വരുന്ന അനുബന്ധ റോഡിന്റെയും നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല.
നീലേശ്വരം മാർക്കറ്റിൽ പുഴയ്ക്കു കുറുകെയുള്ള പഴയപാലം പൊളിച്ചുമാറ്റി പുതിയതു പണിയാതെ നിലനിർത്താനാണ് നിലവിലെ തീരുമാനം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. പുഴയ്ക്കു കുറുകെ പുതുതായി പണിയുന്ന പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല.
പ്രധാനപാത ലക്ഷ്യത്തിലേക്ക്; സർവീസ് റോഡ് എവിടെ?
പൊയിനാച്ചിയിൽനിന്നു ചെമ്മട്ടംവയലിലേക്കുള്ള 21.7 കിലോമീറ്റർ ദേശീയപാതയിൽ പ്രധാനപാതയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായെങ്കിലും പലയിടങ്ങളിലും സർവീസ് റോഡ് നിർമാണം ഇഴയുകയാണ്.
പെരിയ ബസാറിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ സർവീസ് റോഡിന്റെ നിർമാണവും പൂർത്തിയാകാനുണ്ട്. ഇവിടെ സർവീസ് റോഡ് നിർമാണത്തിലെ അപാകതയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
പെരിയ ടൗണിൽ കനറാ ബാങ്കിനു മുൻവശം സർവീസ് റോഡ് മതിയായ വീതിയിലല്ല നിർമിച്ചതെന്ന് ആക്ഷേപമുണ്ട്. ഇവിടെ അടിപ്പാത മുതൽ പള്ളിക്കര റോഡ് ജംക്ഷൻ വരെ പടിഞ്ഞാർ ഭാഗത്ത് സർവീസ് റോഡ് നിർമാണം പൂർത്തിയാകാനുണ്ട്.
മാവുങ്കാൽ ടൗണിൽ മേൽപാത പൂർത്തിയായെങ്കിലും ഇരുഭാഗത്തും സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായില്ല. കല്യാൺ റോഡ് ജംക്ഷൻ മുതൽ ചെമ്മട്ടംവയൽ ജില്ലാ ആശുപത്രി വരെ 1 കിലോമീറ്ററോളം ദൂരത്തിൽ ദേശീയപാത നിർമാണം പൂർത്തിയാകാനുണ്ട്.
കല്യാൺ റോഡ് ജംക്ഷനിൽ കിഴക്കു ഭാഗത്ത് സർവീസ് റോഡ് നിർമാണവും ബാക്കിയുണ്ട്. ചാലിങ്കാൽ –രാവണീശ്വരം ജംക്ഷൻ മുതൽ കേളോത്ത് വരെ ദേശീയപാതയുടെ ഇരുഭാഗത്തും അരകീലോമീറ്ററോളം ദൂരത്തിൽ സർവീസ് റോഡ് നിർമാണം ആരംഭിച്ചിട്ടില്ല.
രാവണീശ്വരം റോഡിൽ നിന്ന് ഇപ്പോൾ വാഹനങ്ങൾ നിർമാണം പൂർത്തിയായ ദേശീയപാതയിലേക്ക് നേരിട്ടു പ്രവേശിക്കുകയാണ്. പെരിയ കേരള കേന്ദ്ര സർവകലാശാലയ്ക്കു മുൻപിലെ അടിപ്പാത പൂർത്തിയായെങ്കിലും ഇവിടെനിന്നു പെരിയയിലേക്കും ചാലിങ്കാലിലേക്കുമുള്ള പാത നിർമാണവും സർവീസ് റോഡും പൂർത്തിയായിട്ടില്ല.
മൂലക്കണ്ടം മുതൽ വിഷ്ണുമംഗലം ക്ഷേത്രം റോഡ് വരെ സർവീസ് റോഡ് നിർമാണം പൂർത്തിയാകാനുണ്ട്. പെരിയാട്ടടുക്കം ടൗണിലും സർവീസ് റോഡ് നിർമാണം പൂർത്തിയായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]