കാസർകോട് ∙ നഗരത്തിൽ എന്നു തീരും വൈദ്യുതി മുടക്കം.? കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് എതിർവശം കാസർകോട് നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രം മുതൽ കാസർകോട് എംജി റോഡ് – ചന്ദ്രഗിരി പാലം റോഡ് ജംക്ഷൻ വരെയായിരുന്നു കഴിഞ്ഞ രണ്ടു ദിവസം പല തവണകളായി വൈദ്യുതി മുടങ്ങിയത്. ബുധനാഴ്ച രാവിലെ 10 ന് മുടങ്ങിയ വൈദ്യുതി തിരിച്ചു വന്നത് രാത്രി 7ന്..
9 മണിക്കൂറിലേറെ വൈദ്യുതി മുടക്കത്തിനു ശേഷം വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ച 2 വരെ വീണ്ടും വൈദ്യുതി മുടക്കം. പുതിയ ബസ് സ്റ്റാൻഡിൽ കേബിൾ മാറ്റിസ്ഥാപിക്കാൻ ആയിരുന്നു ആദ്യ ദിവസത്തെ വൈദ്യുതി മുടക്കം. ദേശീയപാത ജോലിക്കിടെ മുറിഞ്ഞ വൈദ്യുതി അണ്ടർ ഗ്രൗണ്ട് കേബിൾ ലൈൻ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു പിറ്റേന്ന് വൈദ്യുതി മുടങ്ങിയത്.
ദേശീയപാത, വൈദ്യുതി അധികൃതർ തമ്മിൽഏകോപനമില്ല
ദേശീയപാത വികസന നിർമാണ അധികൃതരും വൈദ്യുതി അധികൃതരുമായി ഏകോപനമില്ലാത്തതാണ് ഇങ്ങനെ ലൈൻ മുറിയുകയും ഇത് പുനഃസ്ഥാപിക്കാൻ ഏറെ പണിപ്പെടേണ്ടി വരുന്നതുമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നാണ് വൈദ്യുതി അധികൃതർ പറയുന്നത്. എച്ച്ടി, എൽടി ലൈൻ ഉൾപ്പെടെയുള്ള അണ്ടർ ഗ്രൗണ്ട് കേബിൾ മാറ്റി സ്ഥാപിക്കൽ ജോലികളാണ് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്നത്.
പുതിയ ബസ് സ്റ്റാൻഡിനരികെ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറിൽ നിന്നാണ് റോഡ് ക്രോസ് ചെയ്ത് മറുവശത്തേക്ക് കേബിൾ മാറ്റി സ്ഥാപിക്കേണ്ടി വന്നത്.
വ്യാപാര സ്ഥാപനങ്ങളും ദുരിതത്തിൽ
ദേശീയപാത വികസനത്തിന്റെ പേരിലല്ലാതെയും കാസർകോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാണ്. അത് മണിക്കൂറുകൾ നീളുമ്പോൾ അവശ്യ സേവനം പോലും മുടങ്ങാൻ ഇടയാകുന്നു. വിവിധ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഓഫിസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ വൈദ്യുതി ഇല്ലാതെ ഏറെ ക്ലേശം അനുഭവിക്കേണ്ടി വരുന്നു.
നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രം മുതൽ ചന്ദ്രഗിരി പാലം– എംജി റോഡ് ട്രാഫിക് സർക്കിൾ കടന്ന് ചന്ദ്രഗിരി പാലം റോഡ് അരികിലുള്ള ഹോട്ടൽ വരെയുള്ള അറുനൂറിലേറെ സ്ഥാപനങ്ങളിലും വീടുകളിലും ആയിട്ടായിരുന്നു വൈദ്യുതി മുടങ്ങിയത്.
എല്ലായിടത്തും വൈദ്യുതി മുടക്കം
ഓഗസ്റ്റ് 24 ന് ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു എതിർവശം തന്നെ 11 കെ വി അണ്ടർ ഗ്രൗണ്ട് കേബിൾ മാറ്റി സ്ഥാപിക്കുന്ന ജോലി ഉള്ളതിനാൽ കാസർകോട് ടൗണിന്റെ പകുതിയോളം ഭാഗത്ത് വൈദ്യുതി മുടങ്ങിയിരുന്നു. പത്തോളം ട്രാൻസ്ഫോമർ പരിധിയിലാണ് അന്നു വൈദ്യുതി വിതരണം നിലച്ചത്.
എച്ച് ടി ടച്ചിങ് ജോലി നടക്കുന്നതിനാൽ അണങ്കൂർ കാപ്പി വളപ്പ് മുതൽ കോട്ടക്കണി വരെ അന്നു പകൽ വൈദ്യുതി നിലച്ചു. ഓഗസ്റ്റ് 26 ന് വിദ്യാനഗർ, ചാല ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി.
28 ന് വിദ്യാനഗർ മുതൽ പാറക്കട്ട, ഇസ്സത്ത് നഗർ വരെ വൈദ്യുതി നിലച്ചു. ബദിയടുക്ക ഫീഡർ ലൈനിൽ വൈദ്യുതി നിലച്ചു.
28 നു പുലർച്ചെ മുതൽ നുള്ളിപ്പാടി, പിഎംഎസ് റോഡ്, നേതാജി റസിഡൻഷ്യൽ ഏരിയയിൽ മുടങ്ങിയ വൈദ്യുതി പിറ്റേന്നു രാവിലെ കഴിഞ്ഞു പുനഃസ്ഥാപിക്കാൻ. 30 ന് കല്ലക്കട്ട
ഭാഗത്ത് വൈദ്യുതി നിലച്ചു. കഴിഞ്ഞ രണ്ടിന് പരവനടുക്കം, മണിയങ്ങാനം ഭാഗത്ത് വൈദ്യുതി മുടങ്ങി.
4 ന് കല്ലക്കട്ട ഭാഗത്ത് വൈദ്യുതി വീണ്ടും നിലച്ചു.
പലപ്പോഴും അപ്രഖ്യാപിത ലോഡ് ഷെഡിങ് ആണ് ജില്ലയിൽ. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കുന്നതിനു കാസർകോട് സന്ദർശിച്ച വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി മുൻപാകെ ഭരണകക്ഷി യൂണിയൻ നേതാക്കൾ പോലും ഇക്കാര്യം പരാതിയായി ഉന്നയിച്ചിരുന്നു.
വൈദ്യുതിതൂൺ ഒടിഞ്ഞു വീഴുക, ലൈൻ പൊട്ടി വീഴുക, ട്രാൻസ്ഫോമർ തകരാർ, സബ്സ്റ്റേഷനിൽ തകരാർ തുടങ്ങിയ കാരണങ്ങളാലും മറ്റുമായാണ് പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത്.
താഴെയും മുകളിലും ലൈൻ വരും
ദേശീയപാത സർവീസ് റോഡ് നടപ്പാത പണി തീരും മുൻപ് തന്നെ വൈദ്യുതി ലൈൻ ജോലികൾ തീർക്കാനാണ് വൈദ്യുതി അധികൃതർ ശ്രമിക്കുന്നത്. അണ്ടർ ഗ്രൗണ്ട് കേബിൾ ലൈൻ പണി തീർന്നാൽ ദിവസങ്ങൾക്കു ശേഷം ഓവർ ഹെഡ് ലൈൻ കൂടി സ്ഥാപിക്കാനുണ്ട്.
ഏതെങ്കിലും കാരണവശാൽ അണ്ടർ ഗ്രൗണ്ട് കേബിൾ ലൈനിൽ വൈദ്യുതി തടസ്സം നേരിട്ടാൽ പകരം സംവിധാനമായാണ് ഇത് കൂടി സ്ഥാപിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]