
കാസർകോട് ∙ ആവശ്യമായ അനുമതിയും അംഗീകാരവും ലഭിച്ചതിനാൽ കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ പ്ലാസ സ്ഥാപിക്കുന്നതിൽ നിയമലംഘനമില്ലെന്നു ഹൈക്കോടതി. ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ ജഡ്ജി നഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.
കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അഭിഭാഷകൻ അറിയിച്ചു.
കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾ പ്ലാസ ഉണ്ടെന്നും അതിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയായി മറ്റൊരു ടോൾ പ്ലാസയുടെ നിർമാണം നടക്കുന്നതു ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോൾ പ്ലാസകൾക്കിടയിലെ 60 കിലോമീറ്റർ ദൂരപരിധി എന്ന ചട്ടത്തിനു വിരുദ്ധമാണെന്നുമായിരുന്നു പരാതിക്കാരുടെ വാദം. എന്നാൽ ചട്ടപ്രകാരം അനുമതിയും അംഗീകാരവും ലഭ്യമാക്കിയാണു ടോൾ പ്ലാസ പണിയുന്നതെന്നും അതിനാൽ നിയമപ്രകാരം തടസ്സമില്ലെന്നും ദേശീയപാത അതോറിറ്റി വാദിച്ചു.
ആരിക്കാടിയിലെ ടോൾ പ്ലാസ നിർമാണത്തിനെതിരെ 5 ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
അപ്പീൽ നൽകും
ടോൾ ബൂത്ത് നിർമാണവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകും.
ഈ വിഷയം ചർച്ച ചെയ്യുന്നതിനായി 16ന് 4നു കുമ്പള പഞ്ചായത്ത് ഓഫിസിൽ ആക്ഷൻ കമ്മിറ്റിയുടെ യോഗം വിളിച്ചിട്ടുണ്ട്. ഒരു കാരണവശാലും ടോൾബൂത്ത് ആരിക്കാടിയിൽ നിർമിക്കാൻ അനുവദിക്കില്ല.
ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തും.
എ.കെ.എം.അഷ്റഫ് , എംഎൽഎ ,ആക്ഷൻ കമ്മിറ്റി ചെയർമാൻ.
1964ലെ ദേശീയപാത നിയമപ്രകാരം ഒരു ടോൾ പ്ലാസയ്ക്കുശേഷം 60 കിലോമീറ്റർ കഴിഞ്ഞേ മറ്റൊന്നു പാടുള്ളൂവെന്നു ദേശീയപാത ചട്ടത്തിലെ വ്യവസ്ഥ ലംഘിച്ചതായി ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ ടോൾ ബൂത്ത് നിർമാണത്തിനെതിരെ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനും ആക്ഷൻ കൗൺസിൽ വൈസ് ചെയർമാനുമായി അഷ്റഫ് കർള നൽകിയ ഹർജിയിലാണു നിർമാണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് നേരത്തേ ലഭിച്ചിരുന്നത്. ദേശീയപാത അതോറിറ്റി അധികൃതർ ടോൾ പ്ലാസ നിർമാണവുമായി വന്നാൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]