
കാസർകോട് ∙ ഓണപ്പരീക്ഷ അടുത്തിരിക്കെ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകക്ഷാമം. പൊതു സ്ഥലം മാറ്റത്തിനു പുറമേ രണ്ടാം ഘട്ടത്തിൽ അഡ്ജസ്റ്റ്മെന്റ് സ്ഥലം മാറ്റം കൂടി വന്നതോടെ നൂറോളം ഒഴിവുകളാണ് വിവിധ സ്കൂളുകളിലുള്ളത്.
മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ പല വിദ്യാലയങ്ങളിലും വിവിധ വിഷയങ്ങൾക്ക് ഗെസ്റ്റ് അധ്യാപകർ പോലും ഇല്ലെന്നതാണ് സ്ഥിതി. ഇത് വളരെ പിന്നാക്കം ഉള്ള വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. പരിമിതികളുള്ള വിദ്യാർഥികളെ മികവിലേക്ക് ഉയർത്താൻ പ്രാപ്തരായ അധ്യാപകരെ കിട്ടാത്ത സാഹചര്യം പല വിദ്യാലയങ്ങളിലും ഉണ്ട്.
ആദൂർ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ സ്ഥിരം തസ്തികയിൽ ആരുമില്ല. ബെള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലും കല്യോട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിലും ഒരു അധ്യാപിക മാത്രം. സർക്കാർ സ്കൂളുകളിൽ ആവശ്യമായ അധ്യാപകരുടെ അഭാവം കാരണം പുറമേ ട്യൂഷനു പോകുന്നവരാണ് വിദ്യാർഥികൾ ഏറെയും.
സ്കൂളിൽ നിന്ന് ഭാഗികമായി ലഭിക്കുന്ന അധ്യയനവും പുറമേ നിന്ന് ട്യൂഷൻ വഴി ലഭിക്കുന്ന അധ്യയനവും ചേർത്തു വേണം പരീക്ഷകളെ നേരിടാൻ. സാമ്പത്തികമായി പ്രയാസമുള്ള വിദ്യാർഥികൾക്ക് ട്യൂഷനു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
ജനപ്രതിനിധികളും പിടിഎയും ചില അധ്യാപകരെങ്കിലും സജീവമായ വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കു വേണ്ടി ശക്തമായ ഇടപെടൽ നടത്തി പഠന നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
താൽക്കാലിക നിയമനത്തിന് 15 ദിവസത്തെ കാത്തിരിപ്പ്
സ്ഥിരം അധ്യാപകർ സ്ഥലം മാറ്റം നേടിയാൽ ആ ഒഴിവുകളിലേക്ക് പത്രപ്പരസ്യം നൽകി 15 ദിവസം കഴിഞ്ഞേ അഭിമുഖം നടത്തി താൽക്കാലിക നിയമനം നടത്താനാവൂ. ഈ കാലയളവിലെ ക്ലാസ് നഷ്ടം കൂടി വിദ്യാർഥികൾ അനുഭവിക്കണം.
ശരാശരിയിലും താഴെയുള്ള പഠന നിലവാരമുള്ള വിദ്യാർഥികളാണ് വിദഗ്ധ അധ്യാപകരുടെ അഭാവം കാരണം ദുരിതത്തിലാവുന്നത്.
പ്രിൻസിപ്പലില്ലാതെ 21 വിദ്യാലയങ്ങൾ
അധ്യാപക ക്ഷാമത്തിനു പുറമെ ജില്ലയിലെ 21 വിദ്യാലയങ്ങളിൽ പ്രിൻസിപ്പൽമാരും ഇല്ല. ഒരു അധ്യാപകന് പ്രിൻസിപ്പലിന്റെ അധിക ചുമതല കൂടി വഹിക്കേണ്ടി വരുമ്പോൾ ഈ അധ്യാപകനു വിദ്യാർഥികളെ പഠിപ്പിക്കാൻ ആവശ്യത്തിനു സമയം ലഭിക്കില്ല. ജിഎച്ച്എസ്എസ് കുമ്പള, ജിഎച്ച്എസ്എസ് പിലിക്കോട്, ജിഎച്ച്എസ്എസ് ബന്തടുക്ക, ജിഎച്ച്എസ്എസ് പെരിയ, ജിഎച്ച്എസ്എസ് ആദൂർ, ജിഎച്ച്എസ്എസ് പട്ല, ജിഎച്ചഎസ് എസ് രാവണേശ്വരം, ജിഎച്ച്എസ്എസ് ബെള്ളൂർ, ജിഎച്ച്എസ്എസ് അഡൂർ, ജിഎച്ച്എസ്എസ് ഉപ്പള, ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് കാസർകോട്, ജിഎച്ച്എസ്എസ് ആലംപാടി, ജിഎച്ച്എസ്എസ് ബങ്കര മഞ്ചേശ്വരം, ജിഎച്ച്എസ്എസ് കല്യോട്ട്, ജിഎച്ച്എസ്എസ് ഷിറിയ, ജിഎച്ച്എസ്എസ് മംഗൽപാടി, ജിഎച്ച്എസ്എസ് കൊട്ടോടി, ജിഎച്ച്എസ്എസ് കയ്യൂർ, ജിഎച്ച്എസ്എസ് ബളാൽ, എസ്ആർഎംജിഎച്ച്എസ്എസ് രാംദാസ് നഗർ, പെരുമ്പട്ട
എച്ച്എസ്എസ് എന്നിവയാണ് പ്രിൻസിപ്പൽമാരില്ലാത്ത സ്കൂളുകൾ.
ആദൂർ സ്കൂളിൽ താൽക്കാലിക അധ്യാപകർ മാത്രം
മുള്ളേരിയ ∙ ഒരു സ്ഥിരം അധ്യാപകർ പോലുമില്ലാതെ ആദൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ. പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപിക ഉൾപ്പെടെ ആകെയുള്ള 6 അധ്യാപകരെയും അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫറിന്റെ ഭാഗമായി ഇവിടെ നിന്ന് മാറ്റി.
പകരം ഒരാളെ പോലും നിയമിച്ചിട്ടുമില്ല. ചുമതല കൈമാറാൻ ഒരാളെത്തിയാൽ മാത്രമേ പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയ്ക്ക് പോകാൻ സാധിക്കുകയുള്ളൂ.
പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലായി 6 ബാച്ചുകളുണ്ട്.
6 സ്ഥിരം അധ്യാപകരും ബാക്കി താൽക്കാലിക അധ്യാപകരെയും വച്ചാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. അഡൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലും ഇതേ സ്ഥിതിയാണ്.
ഉണ്ടായിരുന്ന 6 സ്ഥിരം അധ്യാപകരെയും സ്ഥലം മാറ്റിയപ്പോൾ ഒരാളെ പകരം നിയമിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനു ചുമതല കൈമാറി പ്രിൻസിപ്പലിന്റെ ചുമതല ഉണ്ടായിരുന്നയാളും പോയി.
14 സ്ഥിരം അധ്യാപകരുടെ തസ്തികയാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]