കുമ്പള ∙ കാസർകോട്ടുനിന്ന് മംഗളൂരിലേക്കും തിരിച്ചും പോകാൻ 22 കിലോ മീറ്ററിനുള്ളിൽ ജില്ലക്കാർക്ക് ഇനി നൽകേണ്ടത് രണ്ട് ടോൾ പ്ലാസകളിലെ ചുങ്കം. ദേശീയപാത അതോറിറ്റിയുടെ ഈ അനീതിക്കെതിരെ ശക്തമായ പ്രക്ഷോഭം നിലനിൽക്കെ അധികൃതർ ഇന്നലെ രാവിലെ മുതൽ ടോൾ പിരിവ് തുടങ്ങി.
മംഗളൂരുവിലേക്കു പോകണമെങ്കിൽ ഫാസ്റ്റ് ടാഗ് വഴി സ്വകാര്യ കാറിന് ആരിക്കാടിയിൽ ഒരുവശത്തേക്ക് 85രൂപയും തലപ്പാടിയിൽ 55 രൂപയുമായി ആകെ 140രൂപ നൽകണം.
ഫാസ്ടാഗ് ഇല്ലാതെ നേരിട്ടു തുകയായി നൽകുമ്പോൾ ഇത് 280 രൂപയായും യുപിഐ വഴിയാണെങ്കിൽ 175 രൂപയായും ഉയരും. മംഗളൂരുവിലെത്തിയുള്ള മടക്കയാത്രയ്ക്കുകൂടി ഒന്നിച്ചാണ് ടോൾ അടയ്ക്കുന്നതെങ്കിൽ 210 രൂപ നൽകണം.
കുമ്പളയിൽനിന്ന് 40 കിലോ മീറ്റർ മാത്രം അകലെയുള്ള മംഗളൂരുവിലേക്ക് പോകാനാണ് ഇത്രയും തുക ടോൾ ആയി നൽകേണ്ടിവരുന്നത്. സ്വകാര്യ കാറുകൾക്കു മാത്രമല്ല, മറ്റു വാഹനങ്ങൾക്കും കൂടുതൽ തുക കൊടുത്തുവേണം ഇനി മംഗളൂരുവിലെത്താൻ.
കോടതിയലക്ഷ്യമെന്ന് ആക്ഷൻ കമ്മിറ്റി
ദൂരപരിധി പാലിക്കാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവു നേടിയിരുന്നു. പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽനിന്ന് അതോറിറ്റിക്ക് അനുകൂലമായ വിധി ഉണ്ടായി.
ഇതിനെതിരെ ആക്ഷൻ കമ്മിറ്റി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി. സിംഗിൾ ബെഞ്ചിനോട് കേസ് വീണ്ടും പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഈ സമയത്ത് ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകൻ ആരിക്കാടി ടോൾ പ്ലാസ തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അതിനാൽ തൽക്കാലം ടോൾ പിരിവ് നടത്തില്ലെന്നും കഴിഞ്ഞ നവംബറിൽ കോടതിയെ അറിയിച്ചിരുന്നു.
അതിനുശേഷം കേസ് കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ടോൾ പിരിവ് നടത്തില്ലെന്ന് അറിയിച്ചശേഷം ഇപ്പോൾ അതു ലംഘിച്ചതിനെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യാനൊരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി.
പെരിയയ്ക്കു സമീപം ചാലിങ്കാലിൽ ടോൾ പ്ലാസ ആരംഭിക്കുന്നതുവരെ മാത്രമാണ് ആരിക്കാടിയിലെ ടോൾ പ്ലാസ പ്രവർത്തിക്കുകയെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.
ഇരു ടോൾ പ്ലാസകളിലും കാറുകൾക്ക് അടയ്ക്കേണ്ട തുക ആരിക്കാടി ടോൾ പ്ലാസ
ഒരു വശത്തേക്ക് 85 (ഫാസ്റ്റ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി 106.25, കാഷ് കൊടുത്താണെങ്കിൽ 170) മടക്കയാത്ര സഹിതം ഇരുവശത്തേക്കുമായി ആകെ 130 രൂപ (ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി 162.50, കാഷ് കൊടുത്താണെങ്കിൽ 260)
തലപ്പാടി ടോൾ പ്ലാസ
ഒരുവശത്തേക്ക് 55 രൂപ (ഫാസ്റ്റ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി 68.75, കാഷ് കൊടുത്താണെങ്കിൽ 110) മടക്കയാത്ര സഹിതം ഇരുവശത്തേക്കുമായി ആകെ 80 രൂപ((ഫാസ്റ്റ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി 100, കാഷ് കൊടുത്താണെങ്കിൽ 160)
മടക്കയാത്ര 24 മണിക്കൂറിനകം ആയിരിക്കണം
∙പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസ നിരക്ക് 340 രൂപ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

