ചെറുവത്തൂർ ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിൽ ചെറുവത്തൂർ കാര്യങ്കോട് തേജസ്വിനിപ്പുഴയിൽ നടന്നുവരുന്ന മഹാത്മാ ഗാന്ധി ട്രോഫിക്കു വേണ്ടിയുള്ള ഉത്തരമലബാർ ജലോത്സവം ഇനി ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ). സംസ്ഥാനത്ത് നേരത്തേ 3 സ്ഥലങ്ങളിൽ മാത്രമാണ് ടൂറിസം വകുപ്പിന് കീഴിൽ ചാംപ്യൻസ് ബോട്ട് ലീഗ് നടന്നുവരുന്നത്. ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ ചാംപ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ തേജസ്വിനിപ്പുഴയിൽ നടക്കുമെന്ന് എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു.
കാസർകോട് ജില്ലയിലും സിബിഎൽ മത്സരങ്ങൾ വേണം എന്ന ആവശ്യം ശക്തമായിരുന്നു.
മലബാറിൽ ബോട്ട് ലീഗ് മൂന്നിടത്ത്
മലബാറിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, കണ്ണൂർ ജില്ലയിലെ ധർമടം, മലപ്പുറം ജില്ലയിലെ ചാലിയാർ പുഴ എന്നിവിടങ്ങളിലായിരുന്നു നേരത്തെ സിബിഎൽ മത്സരങ്ങൾ നടന്നിരുന്നത്. തെക്കൻ കേരളത്തിലും ബോട്ട് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാന ടൂറിസം വകുപ്പാണ് മത്സരത്തിന് നേതൃത്വം നൽകുന്നത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നടക്കുന്ന സിബിഎൽ മത്സരങ്ങളിലെല്ലാം പങ്കെടുത്ത ടീമുകൾ മിക്കതും കാസർകോട് ജില്ലയിൽനിന്നുള്ളതായിരുന്നു. 12 ടീമുകൾ വരെ ഇങ്ങനെ 3 ജില്ലകളിലും പോയി മത്സരങ്ങളിൽ പങ്കെടുത്തു.
ഇവിടെനിന്ന് കണ്ടെയ്നറുകളിൽ ചുരുളൻ വള്ളങ്ങൾ കയറ്റി കൊണ്ടു പോയി ടീമുകളെ അവിടെ പാർപ്പിച്ച് കൊണ്ടായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്.
മറ്റ് ജില്ലകളിൽ പോയി മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഗതികേടായിരുന്നു ജില്ലയിലെ വള്ളംകളി ടീമുകൾക്ക്.
ഇപ്പോൾ ജില്ലയിലും സിബിഎൽ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ടീമുകൾക്ക് ലഭിച്ചിരിക്കുന്നത്.
പ്രൈസ് മണി ഒന്നര ലക്ഷംവരെ
സിബിഎൽ ജലോത്സവത്തിൽ വിജയികളാവുന്നവർക്ക് ഒന്നര ലക്ഷം രൂപവരെ പ്രൈസ് മണി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ഒരുലക്ഷം രൂപയാണ് പ്രൈസ് മണി.
അതുകൊണ്ടുതന്നെ സിബിഎൽ മത്സരങ്ങളിൽ ഓരോ മത്സരങ്ങളും തീ പാറും. ഇതിനു പുറമേ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കും പങ്കെടുക്കുന്നതിനുള്ള വേതനം നൽകും.
മത്സരവേദി കാര്യങ്കോടോ അച്ചാംതുരുത്തിയോ?
സിബിഎൽ മത്സരങ്ങൾ ജില്ലയിലേക്കു വന്നതോടെ മത്സരത്തിന്റെ വേദിയും ചർച്ചയാവുകയാണ്.
കാര്യങ്കോട്, അച്ചാംതുരുത്തി എന്നിവിടങ്ങളിലാണ് വേദി പരിഗണിക്കുക. നിലവിൽ ദേശീയ പാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ കാര്യങ്കോട്ട് ഇത്തവണ സാധ്യത കുറവാണെന്ന് സൂചനയുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ ഉത്തര മലബാർ ജലോത്സവത്തിന് വേദിയായ അച്ചാംതുരുത്തിയെത്തന്നെ ഇത്തവണയും പരിഗണിക്കാനുള്ള സാധ്യതയേറെയാണ്.
ഓരോ തവണയും ഓരോ ഇടങ്ങളിലേക്ക് വേദി മാറ്റുന്ന രീതിയും സിബിഎല്ലിനുണ്ട്. അതുകൊണ്ടുതന്നെ വരുംവർഷങ്ങളിൽ മറ്റിടങ്ങളിലും വേദികൾ പരിഗണിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
സിബിഎൽ വന്നാൽ മത്സരചിത്രം മാറും; പരിഗണിക്കുക വേഗം
ചെറുവത്തൂർ ∙ കാര്യങ്കോട് പുഴയിൽ വർഷങ്ങളായി സംഘടിപ്പിക്കുന്ന ഉത്തര മലബാർ ജലോത്സവം സിബിഎൽ വള്ളംകളി മത്സരമായി മാറുന്നതോടെ മത്സരരീതികൾക്കും ചില മാറ്റങ്ങളുണ്ടാവും. ഉത്തര മലബാർ ജലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വള്ളംകളി മത്സരത്തിൽ ഓരോ ഹീറ്റ്സ് മത്സരത്തിലും ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫൈനൽ മത്സരങ്ങൾ നടത്തുക.
എന്നാൽ സിബിഎൽ മത്സരങ്ങളിൽ സ്ഥാനത്തിനല്ല പ്രസക്തി വേഗത്തിനാണ്. ഹീറ്റ്സ് മത്സരങ്ങളിൽ എറ്റവും മികച്ച സമയത്തിൽ എത്തുന്ന ടീമുകളാണ് ഫൈനൽ മത്സരത്തിന് അർഹത നേടുക. ഫൈനൽ മത്സരത്തിന് പുറമേ ലൂസേഴ്സ് ഫൈനലും നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]