തൃക്കരിപ്പൂർ∙ തെക്കെ തൃക്കരിപ്പൂർ വില്ലേജിൽ വിവിധ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷിനാശം തുടർച്ചയാകുമ്പോഴും നാശം തടയുന്നതിനു പദ്ധതികൾ ഉണ്ടാക്കുന്നില്ലെന്നു കർഷകരുടെ പരാതി. ഇളമ്പച്ചി തലിച്ചാലം പാടശേഖര സമിതിയുടെ പരിധിയിൽ കമ്യൂണിറ്റി സെന്ററിന്റെ പടിഞ്ഞാറ് ഭാഗത്തും തൃക്കരിപ്പൂർ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിനു സമീപം ആനിയിൽ തോടിന്റെ രണ്ടിടങ്ങളിലും കുറ്റിച്ചി മുട്ടിലക്കൈ റോഡിൽ കലുങ്കിനോടനുബന്ധിച്ചുള്ള തടയണയും കാലപ്പഴക്കത്താൽ നശിച്ചു കിടക്കുന്നു.
ഇവിടെയൊക്കെ പലക ദ്രവിച്ച് കോൺക്രീറ്റ് മാത്രം അവശേഷിക്കുന്ന കാഴ്ചയാണ്. പുതിയ ഫൈബർ പലകകൾ ഇട്ട് നെൽക്കൃഷി സംരക്ഷിക്കണമെന്ന കർഷകരുടെ ആവശ്യം ബന്ധപ്പെട്ടവർ ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
തകർച്ച പരിശോധിച്ച് ഇക്കാര്യത്തിൽ സാങ്കേതിക ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ലഭ്യമാക്കി പലകകൾ മാറ്റി സ്ഥാപിച്ചും ആവശ്യമായ മറ്റിടങ്ങളിൽ പുതിയവ നിർമിച്ചും ഉപ്പുവെള്ളം തടയാൻ നടപടികളെടുക്കണമെന്ന ആവശ്യമുണ്ട്.
ഇതു സംബന്ധിച്ച് കർഷകസംഘം സൗത്ത് തൃക്കരിപ്പൂർ വില്ലേജ് കമ്മിറ്റി ഭാരവാഹികളായ ടി.രാജീവൻ, കെ.പി.കമലാക്ഷൻ, എം.കരുണാകരൻ, പാടശേഖര സമിതി സെക്രട്ടറി ടി.വി.ഹരീഷ്, പി.വി.ദാമോദരൻ, കെ.വി.ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകി. ഗുണമേന്മയുള്ള വിത്തും വളവും യഥാസമയങ്ങളിൽ കർഷകർക്ക് വിതരണം ചെയ്യുക, പാടശേഖരങ്ങളിൽ ലഭ്യമായ ട്രാക്ടർ, ടില്ലർ, സ്പ്രയറുകൾ തുടങ്ങിയവ സംരക്ഷിക്കുന്നതിനാവശ്യമായ കെട്ടിടം പണിതു നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]