ബോവിക്കാനം ∙ കശുമാവിനു വളമിടുകയോ?. പ്ലാന്റേഷൻ കോർപറേഷനിൽ കശുമാവുകൾക്കു വളപ്രയോഗം ചെയ്യുന്നത് കാണുമ്പോൾ സംശയത്തോടെ നോക്കിയവരുണ്ട്.
കാരണം മറ്റു വിളകൾ പോലെ കശുമാവിന് വളപ്രയോഗം നടത്തുന്ന രീതി പൊതുവിൽ ഇല്ലാത്തതാണ്. പക്ഷേ, ഇത്തവണത്തെ കശുവണ്ടിയുടെ വിളവ് കണ്ടാൽ ഈ സംശയങ്ങൾക്കുള്ള മറുപടി കിട്ടും.
വളമിടാത്ത തോട്ടങ്ങളെക്കാൾ വളമിട്ട തോട്ടങ്ങളിൽ ഇരട്ടിയാണ് വിളവ്.
ഉൽപാദന വർധന കശുവണ്ടി ലേലത്തിൽ കോർപറേഷന് നേട്ടമാവുകയും ചെയ്തു. കഴിഞ്ഞ വർഷം കാസർകോട് എസ്റ്റേറ്റിൽ നിന്നു 2.52 കോടി രൂപയാണ് കശുവണ്ടി ലേലത്തിൽ ലഭിച്ചത്.
എന്നാൽ 4 ബ്ലോക്കുകളുടെ ലേലം പൂർത്തിയാകും മുൻപേ ഇതിനെക്കാൾ തുക ഇപ്രാവശ്യം ലഭിച്ചു കഴിഞ്ഞു.
പെർല ഡിവിഷനിലെ സ്വർഗ, ബജകൂടൽ, നെൽക്ക, സായ ബ്ലോക്കുകളുടെ ലേലം കൂടി പൂർത്തിയാകുന്നതോടെ കാസർകോട് എസ്റ്റേറ്റിൽ നിന്ന് 3 കോടിയോളം രൂപ കശുവണ്ടിയിലൂടെ ലഭിക്കുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. രാജപുരം എസ്റ്റേറ്റിൽ പുതിയ തൈകൾ നടുന്ന പ്രക്രിയ നടക്കുന്നതിനാൽ ചെറിയ ഭാഗം മാത്രമാണ് ലേലം ചെയ്തത്.
അവിടെയും കഴിഞ്ഞ വർഷത്തേക്കാൾ തുക ലഭിച്ചു. ചീമേനി എസ്റ്റേറ്റിൽ കഴിഞ്ഞ വർഷം ലഭിച്ചത് 72 ലക്ഷം രൂപയായിരുന്നെങ്കിൽ ഇക്കുറി 1.24 കോടി രൂപയാണ്.കശുമാവിന് വളമിടാനുള്ള തീരുമാനമാണ് വിളവ് കൂടാനുള്ള പ്രധാന കാരണം.
അനുയോജ്യമായ കാലാവസ്ഥയും ഗുണം ചെയ്തു.
തൈകൾക്ക് വളമിടാറുണ്ടെങ്കിലും ആദ്യമായി കഴിഞ്ഞ വർഷമാണ് പിസികെ കശുമാവുകൾക്ക് വിളമിടാൻ തീരുമാനിച്ചത്. മാനേജിങ് ഡയറക്ടർ ഡോ.ജയിംസ് ജേക്കബ്, കാസർകോട് എസ്റ്റേറ്റ് മാനേജർ യു.സജീവ് എന്നിവരാണ് ഇതിനു പ്രധാനമായും നേതൃത്വം നൽകിയത്.
രണ്ടു ഘട്ടമായി നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ് നൽകിയത്. ആദ്യത്തെ മഴ തുടങ്ങുന്ന സമയത്തും രണ്ടാമത്തേത് തുലാമഴയുടെ സമയത്തും.
ഒന്നിടവിട്ട വർഷങ്ങളിൽ വിളവ് ലഭിക്കുന്ന കശുമാവുകളുടെ സ്വഭാവത്തിലും മാറ്റം വന്നു.
ഇങ്ങനെ വളപ്രയോഗം നടത്തുമ്പോൾ പരീക്ഷണത്തിനായി ഒരു തോട്ടത്തെ ഒഴിവാക്കിയിരുന്നു.രണ്ടിടത്തെയും ഉൽപാദനം താരതമ്യം ചെയ്യുമ്പോൾ, വളപ്രയോഗം ചെയ്തതിന്റെ പകുതി ഉൽപാദനം മാത്രമേ ചെയ്യാത്തതിൽ ഉള്ളൂ.
വളത്തോടൊപ്പം വെള്ളം നനച്ചാൽ ഇനിയും ഉൽപാദനം വർധിപ്പിക്കാൻ സാധിക്കുമോ എന്ന പരീക്ഷണവും കോർപറേഷൻ നടത്തുന്നുണ്ട്. ഇതിനായി ഒരു പ്രദർശന തോട്ടം തന്നെ അധികൃതർ മുതലപ്പാറയിൽ ഒരുക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

