കാസർകോട് ∙ തീപിടിത്തം ഉൾപ്പെടെയുള്ള അപകടവിവരമെത്തിയാൽ ജില്ലയിലെ അഗ്നിരക്ഷാ സേനാംഗങ്ങളുടെ ‘നെഞ്ചിലും തീയാളും’! അപകടസ്ഥലത്തേക്ക് ഓടിയെത്തേണ്ട
ദൂരത്തെക്കുറിച്ചാണ് ആധി മുഴുവൻ. വർഷത്തിൽ രണ്ടായിരത്തിലേറെ കോളുകൾ അറ്റൻഡ് ചെയ്യുന്ന ജില്ലയിൽ ആകെയുള്ളത് 5 അഗ്നിരക്ഷാനിലയങ്ങൾ മാത്രം.
ഇതിൽ വെള്ളരിക്കുണ്ട് താലൂക്കിൽ ഒരെണ്ണം പോലുമില്ല. കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഉപ്പള, കുറ്റിക്കോൽ എന്നിവിടങ്ങളിലാണ് അഗ്നിരക്ഷാനിലയം നിലവിലുള്ളത്.
ചീമേനിയിൽ പുതുതായി അനുവദിച്ച അഗ്നിരക്ഷാനിലയം താൽക്കാലിക കെട്ടിടത്തിൽ തുടങ്ങുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു.
കാസർകോട്, ഹൊസ്ദുർഗ് താലൂക്കുകളിൽ രണ്ടെണ്ണവും മഞ്ചേശ്വരത്ത് ഒന്നുമാണുള്ളത്. വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരിച്ച് 10 വർഷത്തിലേറെയായിട്ടും അഗ്നിരക്ഷാനിലയം തുടങ്ങിയില്ല.
അതിനാൽ ഈ താലൂക്കിലെ മലയോരമേഖലകളിൽ അത്യാഹിതമുണ്ടായാൽ സമീപപ്രദേശങ്ങളിലെ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളാണ് എത്തുക. ഇത്രയും ദൂരത്തേക്കു ഓടിയെത്തുമ്പോഴേക്കും ഏറെ സമയം നഷ്ടമാകുകയും ചെയ്യും.
വെള്ളരിക്കുണ്ട് താലൂക്കിൽ അഗ്നിരക്ഷാനിലയം തുടങ്ങുന്നതിനായി ഒട്ടേറെ പദ്ധതികൾ തയാറാക്കിയിരുന്നു.
എന്നാൽ സ്ഥലം കിട്ടാത്തതിനാൽ ഒന്നുമായില്ല. അഗ്നിരക്ഷാനിലയമില്ലാത്ത ഏക താലൂക്ക് വെള്ളരിക്കുണ്ട് ആയിരിക്കുമെന്നാണു നാട്ടുകാർ പറയുന്നത്. പെരിങ്ങോം, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള നിലയങ്ങളിലെ സേനാംഗങ്ങളാണ് ഈ പ്രദേശങ്ങളിൽ അത്യാഹിതമുണ്ടായാൽ എത്തുന്നത്.
വെള്ളരിക്കുണ്ടിൽ അഗ്നിരക്ഷാനിലയം തുടങ്ങാൻ ആവശ്യമായ ഇടപെടലുകൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നടത്തണമെന്ന ആവശ്യം ശക്തമാണ്.
ജീവനക്കാരുടെ ഒഴിവുകൾ കുറവ്
ജില്ലയിലെ അഗ്നിരക്ഷാനിലയത്തിൽ സേനാംഗങ്ങളുടെ ഒഴിവുകൾ കുറവാണ്. കുറ്റിക്കോൽ, ഉപ്പള ഒഴികെയുള്ള അഗ്നിരക്ഷാനിലയങ്ങളിൽ 28 ഫയർമാൻമാരുണ്ട്.
സ്റ്റേഷൻ ഓഫിസർ, അസി.സ്റ്റേഷൻ ഓഫിസർ, 4 സീനിയർ ഫയർമാൻ, 28 ഫയർമാൻ, 7 ഡ്രൈവർമാർ, ഡ്രൈവർ കം മെക്കാനിക് –1 എന്നീ തസ്തികളാണു കുറ്റിക്കോൽ, ഉപ്പള ഒഴികെയുള്ള നിലയത്തിലുള്ളത്. നിലവിൽ കാസർകോട് വനിതാ ഫയർവുമാൻമാരുണ്ട്.
ഇതിനുപുറമേ എല്ലായിടങ്ങളിലും ഹോംഗാർഡുമാരുണ്ട്. പുതുതായി നിയമനം ലഭിച്ചവർ പരിശീലനത്തിലാണ്.
ഇവർക്കൂടി നിലയത്തിൽ എത്തുമ്പോഴേക്കും അനുവദിച്ച തസ്തികയിൽ ഒഴിവുകൾ ഉണ്ടാകില്ലെന്നാണു ജീവനക്കാർ പറയുന്നത്.
പുതുതായി അഗ്നിരക്ഷാ നിലയങ്ങൾ വരുമോ?
വെള്ളരിക്കുണ്ട് താലൂക്കിനു പുറമേ മഞ്ചേശ്വരം, കാസർകോട് താലൂക്കുകളുടെ അതിർത്തിയോടു ചേർന്നു പുതുതായി അഗ്നിരക്ഷാനിലയം വേണമെന്നാണ് ആവശ്യം. വെള്ളരിക്കുണ്ടിലെ അഗ്നിരക്ഷാനിലയം സംബന്ധിച്ച വിഷയം താലൂക്ക് – ജില്ലാ വികസന സമിതികളിൽ ഏറെ ചർച്ചയായിരുന്നു.
എന്നാൽ തുടങ്ങാൻ ആവശ്യമായ നടപടികൾ ഇതുവരെ എങ്ങുമെത്തിയില്ല. കഴിഞ്ഞ ബജറ്റിൽ വെള്ളരിക്കുണ്ട് താലൂക്കിൽ അഗ്നിരക്ഷാനിലയം അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ അതുണ്ടായില്ല. ബദിയടുക്ക കേന്ദ്രമായി പുതുതായി അഗ്നിരക്ഷാനിലയം തുടങ്ങുന്നതിനായി പദ്ധതികൾ തയാറാക്കി അധികൃതർ സമർപ്പിച്ചിരുന്നു.
എന്നാൽ അതും എവിടെയും എത്തിയില്ല.
കഴിഞ്ഞ വർഷം 2133 കേസുകൾ
വാഹനം, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ കഴിഞ്ഞവർഷമുണ്ടായ തീപിടിത്തത്തിൽ അഗ്നിരക്ഷാനിലയത്തിൽ റിപ്പോർട്ട് ചെയ്തത് 973 കേസുകൾ. ഇതിൽ 351 എണ്ണം കാസർകോട് അഗ്നിരക്ഷാനിലയത്തിലാണ്.
കാലവർഷത്തിൽ ഉൾപ്പെടെയുണ്ടായ 1130 അപകടക്കേസുകളിൽ 273 എണ്ണം കാസർകോട്ടാണ്. വെള്ളത്തിലുണ്ടായ അപകടങ്ങൾ 30 എണ്ണമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

