മടിക്കൈ ∙ ലോകത്തിനു മുന്നിൽ നമ്മുടെ നാട് അവതരിപ്പിക്കുന്ന മാതൃകാ പ്രസ്ഥാനമാണ് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത് ഡിസെബിലിറ്റീസ് (ഐഐപിഡി) എന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനായി തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിന്റെ (ഡിഎസി) നേതൃത്വത്തിൽ മടിക്കൈയിൽ ആരംഭിക്കുന്ന ഐഐപിഡിയുടെ നിർമാണോദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി യാഥാർഥ്യമാക്കണമെന്ന ഗോപിനാഥ് മുതുകാടിന്റെ നിശ്ചയദാർഢ്യത്തെ കഥാകൃത്ത് ടി.പത്മനാഭൻ അഭിനന്ദിച്ചു.
‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ എന്ന കുമാരനാശാന്റെ വാക്കുകൾ ജീവിതത്തിൽ പകർത്തുന്ന വ്യക്തിയാണ് മുതുകാട്. എന്റെ കാലം കഴിയുന്നതിനുമുൻപുതന്നെ ഈ ബൃഹദ്പദ്ധതി സഫലമായി കാണാൻ കഴിയുമെന്ന ദൃഢവിശ്വാസമുണ്ട്’ – പത്മനാഭൻ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിനു സ്ഥലം വാങ്ങാൻ സംഭാവന നൽകിയ അന്തരിച്ച പ്രഫ.എം.കെ.ലൂക്കയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തിയാണു ചടങ്ങുകൾ ആരംഭിച്ചത്.
നിർമാണക്കരാറും ആദ്യഗഡുവും ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്കു ഗോപിനാഥ് മുതുകാട് കൈമാറി. ഡിഎസി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, ഡബ്ല്യുഎച്ച്ഒ ഇന്ത്യൻ നാഷനൽ പ്രഫഷനൽ ഓഫിസർ ഡോ.മുഹമ്മദ് അഷീൽ, ദാമോദർ ആർക്കിടെക്ട് സിഇഒ കെ.ദാമോദരൻ, മനോജ് ഒറ്റപ്പാലം, തങ്കമ്മ, ശശീന്ദ്രൻ മടിക്കൈ എന്നിവർ പ്രസംഗിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ള കുട്ടികൾക്ക് ആശ്രയമാകുന്ന തരത്തിൽ 100 കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുന്നത്. പ്രതിവർഷം 1000 പേർക്കു പരിശീലനം നൽകുകയാണു ലക്ഷ്യം.
ആദ്യഘട്ട നിർമാണം 2026ൽ പൂർത്തീകരിക്കും.
2029ൽ പൂർണ പ്രവർത്തനസജ്ജമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]