
കാഞ്ഞങ്ങാട് ∙ പ്രായം എഴുപതിലേക്കു കടക്കുമ്പോൾ മികച്ച മാർക്കോടെ ബിരുദം പാസായ സന്തോഷത്തിലാണു വെള്ളിക്കോത്തെ വി.ടി.കാർത്യായനി. ഇനിയും പഠിക്കണം, ബിരുദാനന്തര ബിരുദം നേടണം – അതാണു കാർത്യായനിയുടെ ലക്ഷ്യം.
അമ്മയുടെ പഠനത്തിനു പിന്തുണയുമായി മക്കൾ കൂടെ നിൽക്കുമ്പോൾ ഉന്നതപഠനം തന്നെ ലക്ഷ്യമെന്ന വാശിയിലാണു കാർത്യായനി. കഴിഞ്ഞദിവസം ഫലം പ്രഖ്യാപിച്ചപ്പോൾ ചരിത്രത്തിൽ 67.52% മാർക്കാണു കാർത്യായനിക്കു ലഭിച്ചത്.
മരാമത്ത് വകുപ്പിൽനിന്നു ഹെഡ് ക്ലാർക്കായി വിരമിച്ചശേഷമാണു കാർത്യായനി പ്ലസ്ടുവും ബിരുദവും ഉയർന്ന മാർക്കോടെ വിജയിച്ചത്.
1971ൽ എസ്എസ്എൽസി പാസായി. തൊട്ടടുത്ത വർഷമായിരുന്നു ബീഡി തൊഴിലാളിയായ കൃഷ്ണനുമായുള്ള വിവാഹം.
കുടുംബജീവിതം തുടങ്ങിയതോടെ പഠനം മുടങ്ങി. 1973ൽ അമ്മയായി.
പിന്നീട് ടൈപ്പ് റൈറ്റിങ് ഇംഗ്ലിഷും മലയാളവും പഠിച്ചു. 1976ൽ ദിനേശ് ബീഡി തൊഴിലാളിയായി.
1977ൽ 21–ാം വയസ്സിൽ ടൈപ്പിസ്റ്റായി സ്ഥിരനിയമനം ലഭിച്ചു. 2011ൽ സർവീസിൽനിന്നു വിരമിച്ചു.
തൊട്ടടുത്ത വർഷമായിരുന്നു ഭർത്താവിന്റെ മരണം.
34 വർഷത്തിനുശേഷം പഠിക്കാനുള്ള ആഗ്രഹം കാർത്യായനിയുടെ മനസ്സിലുദിച്ചു. 62–ാം വയസ്സിൽ തുല്യത വഴി പ്ലസ്ടു പ്രവേശനം നേടി.
83 ശതമാനം മാർക്കോടെയായിരുന്നു വിജയം. 66–ാം വയസ്സിൽ കണ്ണൂർ സർവകലാശാലയിലെ ചരിത്ര വിദ്യാർഥിനിയായി.
69–ാം വയസ്സിൽ ഒന്നാം ക്ലാസോടെ ബിരുദം കരസ്ഥമാക്കി. ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ ചുമതലകൾ വഹിക്കുമ്പോഴും പഠനത്തിൽ ഉഴപ്പിയില്ല.
ബിരുദ പഠനത്തിനിടയിൽ ഒട്ടേറെ വിദേശ രാജ്യങ്ങളും സന്ദർശിച്ചു. ചരിത്ര പാഠപുസ്തകങ്ങളായിരുന്നു യാത്രയിൽ കൂട്ടെന്നു കാർത്യായനി പറയുന്നു.
മക്കളായ ഹയർസെക്കൻഡറി അധ്യാപിക വി.ടി.ശൈലജ, കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ വി.ടി.നിഷ, ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിലെ യുഡി ക്ലാർക്ക് വി.ടി.നിഷാന്ത് എന്നിവരും അമ്മയുടെ പഠനത്തിനു പിന്തുണയുമായി ഒപ്പമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]