പാലക്കുന്ന്∙ ആൾത്താമസമില്ലാത്ത വീടിനോടു ചേർന്നുള്ള അടച്ചിട്ട കെട്ടിടത്തിൽ നിന്നു പുരാവസ്തു ശേഖരണം കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ വിദഗ്ധസംഘം പരിശോധന തുടങ്ങി.
ഓഗസ്റ്റ് 18നു രാത്രിയാണ് പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ വാളുകളും തോക്കുകളും കണ്ടെത്തിയത്.പുരാവസ്തുവെന്ന നിഗമനത്തിൽ കഴിഞ്ഞ 26നു പുരാവസ്തു വകുപ്പ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
തുടർന്നാണു ഇന്നലെ കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂർ ഓഫിസിലെ ഉദ്യോഗസ്ഥരായ വി.കെ.വിജിമോൾ, ഗംഗാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. മുറിയിൽ വിവിധ സാധനങ്ങൾ ഉള്ളതിനാൽ പരിശോധന ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നാണു സൂചന.കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയുടെ പിറകിൽ, 8 വർഷം മുൻപ് മരിച്ച പ്രവാസി വ്യവസായിയായ മുഹമ്മദ് കുഞ്ഞിയുടെ വീടിനോടു ചേർന്ന കെട്ടിടത്തിലാണ് പുരാവസ്തുക്കൾ ഉൾപ്പെടെ സൂക്ഷിച്ചിട്ടുള്ളത്.
മുഹമ്മദ് കുഞ്ഞിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരും ബേക്കൽ പൊലീസും പരിശോധന സമയത്ത് സ്ഥലത്തുണ്ടായിരുന്നു.പൊലീസ് അന്നു നടത്തിയ പരിശോധനയിൽ 8 വാളുകളും 3 തോക്കുകളുമാണ് ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഇന്നലെ നടത്തിയ പരിശോധനയിൽ ലഭിച്ച സാധനങ്ങളെക്കുറിച്ച് വിവരം വെളിപ്പെടുത്താൻ അധികൃതർ തയാറായില്ല.
കെട്ടിടത്തിൽ ആയുധങ്ങൾ കൂടാതെ പുരാതന സംഗീത ഉപകരണങ്ങൾ, പാത്രങ്ങൾ, ഭരണികൾ വിവിധ തരം കുപ്പികൾ, പഴയകാലത്തെ ഫോൺ, ത്രാസ്,കളിപ്പാട്ടങ്ങൾ, വിദേശനിർമിത ചിത്രങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ കണ്ടെത്തിയിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ വീട്ടുവളപ്പിൽ ഈ വസ്തുക്കൾ സൂക്ഷിക്കാനായി നിർമിച്ച കോൺക്രീറ്റ് കെട്ടിടത്തിലെ ഒരു മുറി തന്നെ രണ്ട് തട്ടാക്കി തിരിച്ചിരുന്നു.
പരിശോധനയിൽ പുരാവസ്തുക്കളാണെന്നു തെളിഞ്ഞാൽ അവ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തിലേക്കു മാറ്റുമെന്ന് അധികൃതർ സൂചിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]