
രാജപുരം ∙ മലയോരത്ത് നിന്ന് കാണാതായ ആദിവാസി പെൺകുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിന് (52) ഹൈക്കോടതി ജാമ്യം അനുവദിച്ചു. 6ന് ആണ് കോടതി ജാമ്യ ഉത്തരവിറക്കിയത്. കേസിൽ പ്രതി ചേർക്കപ്പെട്ട
പി.കെ.ബിജു പൗലോസിനെ കർണാടകയിലെ മടിക്കേരിയിൽ നിന്ന് മേയ് 16ന് രാത്രിയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
പെൺകുട്ടിയെ കാണാതായി 15 വർഷത്തിന് ശേഷമാണ് ബിജുവിനെ അറസ്റ്റ് ചെയ്യുന്നത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയെങ്കിലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിനു സാധിക്കാഞ്ഞതോടെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതിയായ കാസർകോട് സെഷൻസ് കോടതിയിൽ പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. ഇതേ തുടർന്നാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.
കാഞ്ഞങ്ങാട് ടീച്ചേഴ്സ് പരിശീലന കേന്ദ്രത്തിലെ പഠിതാവായിരുന്ന പെൺകുട്ടിയെ 2010 ജൂൺ 6നാണ് കാണാതാകുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കേസ് ആദ്യം പൊലീസ് അന്വേഷിച്ചെങ്കിലും എങ്ങുമെത്താത്തതിനെ തുടർന്ന് കേസ് പ്രത്യേക അന്വേഷണ സംഘത്തിനും തുടർന്ന് ക്രൈംബ്രാഞ്ചിനും കൈമാറുകയായിരുന്നു.
തെളിവുകളില്ലാതെ അന്വേഷണം വഴിമുട്ടുമെന്ന ഘട്ടത്തിൽ ലഭിച്ച പെൺകുട്ടിയുടേതെന്നു കരുതുന്ന എല്ലിൻ കഷ്ണവും കൊലുസ്സുമാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. പെൺകുട്ടി കൊല്ലപ്പെട്ടതായി ചോദ്യം ചെയ്യലിൽ ബിജു പൗലോസ് സമ്മതിച്ചിരുന്നു.
പെൺകുട്ടിയുമായി പരിചയത്തിലായ പ്രതി ഇവരോടൊപ്പം കാഞ്ഞങ്ങാട് മഡിയനിലെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നതായി മൊഴിയുണ്ട്.
ഇവിടെ പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയെന്നും തുടർന്ന് മൃതദേഹം കല്ലുകെട്ടി പാണത്തൂർ പവിത്രംകയം പുഴയിൽ താഴ്ത്തിയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ബന്ധുക്കളുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി ശക്തമായ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]