
കാസർകോട് ∙ ഫിഷറീസ് വകുപ്പിന്റെ 2024–25 വർഷ പദ്ധതിയിൽ അംഗമായ രണ്ടായിരത്തോളം മത്സ്യ കർഷകരാണ് ജില്ലയിലുള്ളത്. ഇതിൽ 80 ശതമാനവും സ്ത്രീകൾ.
കായലും കുളവും പുഴയും ഉൾപ്പെടെയുള്ള ജല, മത്സ്യസമ്പത്തും സർക്കാരിന്റെ 60 ശതമാനംവരെയുള്ള സൗജന്യ സാമ്പത്തിക സഹായങ്ങളും ഉപയോഗപ്പെടുത്തി ഇവർ നേടിയെടുത്തത് ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യക്കൃഷി പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ഇതാദ്യമായാണ് കാസർകോട് ജില്ല നേട്ടം കൈവരിക്കുന്നത്. പടന്ന, വലിയപറമ്പ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭ പരിധിയിലുമാണ് കൂടുതൽ ജനകീയ മത്സ്യക്കൃഷിയുള്ളത്.
മത്സ്യ ഉൽപാദനത്തിലും കൃഷി വ്യാപനത്തിലും വിപണനത്തിലും വളരെയേറെ മുന്നോട്ടുപോകാനുണ്ട്.
ഇതിനുള്ള പരിമിതികൾ മനസ്സിലാക്കി ഹാച്ചറികളും കിയോസ്കുകളും സ്ഥാപിക്കാനുള്ള ശ്രമത്തിന് ഊന്നൽ നൽകും.
കെ.എ.ലബീബ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രാധാന്യം നൽകി കല്ലുമ്മക്കായ, കടൽ മുരിങ്ങ എന്നിവയും വലിയ കുളങ്ങളിൽ മത്സ്യം, പടുത എന്നിവയും വലിയ ചിറകളിൽ മത്സ്യവും പുഴകളിൽ വലകളിൽ വളപ്പുകൃഷിയും അടക്കമുള്ള പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കിവരുന്നത്. 2024–25 വർഷത്തിൽ സംസ്ഥാന സർക്കാർ 7.62 കോടി രൂപയും കേന്ദ്രസർക്കാർ 1.9 കോടി രൂപയുമാണ് മത്സ്യക്കൃഷി വികസനത്തിന് അനുവദിച്ചത്. ജനകീയ മത്സ്യക്കൃഷി പദ്ധതിയിൽ 1500 മെട്രിക് ടൺ ആണ് ഉൽപാദനം. കടലിൽ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്താൻവന്ന ബോട്ടുകൾ പിടികൂടിയതുവഴി 82 ലക്ഷം രൂപ സർക്കാരിനു വരുമാനം ഉണ്ടാക്കിയതും നേട്ടമായി.
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിനു ലഭിച്ച ഏറ്റവും കൂടിയ പിഴത്തുകയാണിത്.
കരിമീൻകുഞ്ഞുങ്ങൾ നൽകി, രവിക്ക് പുരസ്കാരത്തിളക്കം
പടന്ന ∙ പ്രവാസിയായ കർഷകൻ പി.പി.രവി മറ്റു കർഷകരുമായി ചേർന്ന് പടന്ന വടക്കേക്കടപ്പുറത്തു തുടങ്ങിയ ‘കായലോരം’ കരിമീൻ വിത്തുൽപാദന യൂണിറ്റ് യൂണിറ്റിനാണ് മികച്ച പിന്നാമ്പുറ മത്സ്യ വിത്തുൽപാദന കർഷകനുള്ള പുരസ്കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്. ജില്ലയിൽ വിത്തുൽപാദന കേന്ദ്രങ്ങൾ ഇല്ല എന്ന പരിമിതി പരിഹരിക്കുകയായിരുന്നു ലക്ഷ്യം.
ഓരുജല മത്സ്യക്കൃഷി വൻതോതിൽ നടന്നുവരുന്ന പടന്നയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വ്യാപകമായി കരിമീൻ കൃഷി ചെയ്യുന്നുണ്ട്. കൂട് കർഷകർക്കും മറ്റു കൃഷി രീതികളിൽ കരിമീൻ വളർത്തി വിപണിയിൽ എത്തിക്കുന്ന കർഷകർക്കും വിത്തുനിക്ഷേപം കൃത്യസമയത്ത് നടത്താൻ കഴിയുന്നില്ല.
പി.പി.രവിയുടെ നേതൃത്വത്തിൽ വിത്തുൽപാദന കേന്ദ്രം തുടങ്ങിയത് ഇതിനു പരിഹാരമായി. ടൂറിസം വകുപ്പ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സമീപത്തെ ഹോം സ്റ്റേയിലെ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്ക് വലിയ ആകർഷകമായി മാറി ഈ കുളം.
മത്സ്യക്കൃഷിയിലെ പെൺകരുത്ത്
കുമ്പള ∙ കാസർകോട് കുമ്പളയിൽ 3 വീട്ടമ്മമാർ ചേർന്നു നടത്തിയ മത്സ്യക്കൃഷിയിലൂടെ വിളവെടുത്ത ചെമ്മീൻ യൂറോപ്പിലും യുഎസിലുംവരെ തീൻമേശയിലെത്തുന്നു.
കാസർകോട് അടുക്കത്ത്ബയലിൽ എകെ കോട്ടേജിൽ നുസ്റത്ത് ബാനു ഫൈസൽ, മൊഗ്രാൽപുത്തൂർ കെസി കോംപൗണ്ടിൽ ഫൗസിയ ഇർഷാദ്, വിദ്യാനഗർ ജനീഷ കോട്ടേജിൽ ഉനൈസ ജാഫർ എന്നിവരാണ് കുമ്പള മൊഗ്രാൽ കടപ്പുറത്ത് നാങ്കിയിലെ സീ പേൾ അക്വാ ഫാം എന്ന സംരംഭത്തിനു പിന്നിൽ.
മികച്ച നൂതന മത്സ്യ കൃഷിക്കുള്ള ഫിഷറീസ് വകുപ്പിന്റെ സംസ്ഥാന പുരസ്കാരത്തിൽ 3–ാം സ്ഥാനമാണ് കുമ്പള സീ പേൾ അക്വാ ഫാമിനു ലഭിച്ചത്. പ്രധാനമന്ത്രിയുടെ പിഎംഎംഎസ്വൈ പദ്ധതിയുടെ ഘടക പദ്ധതിയിൽ ബയോഫ്ലോക് ഇൻ പോണ്ട് എന്ന പുതിയ മത്സ്യകൃഷി രീതിയാണ് ഇവർ നടപ്പിലാക്കിയത്.
25 സെന്റ് സ്ഥലത്ത് വീതം 3 ബയോഫ്ലോക് കുളങ്ങളിൽനിന്നു 4 മാസം വീതമുള്ള രണ്ടുഘട്ടങ്ങളിലായി 28 ടൺ ചെമ്മീനാണ് ഉൽപാദിപ്പിച്ചത്. കഴിഞ്ഞ 4 മാസത്തിനിടെ 13 ടൺ ആയിരുന്നു ഉൽപാദനം.
32 ലക്ഷം രൂപ ചെലവിട്ട് നേടിയത് 60 ലക്ഷത്തോളം രൂപയുടെ വരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]