കാസർകോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വാർഡുകളുടെ സംവരണ നറുക്കെടുപ്പ് അടുത്തതോടെ സ്ഥാനാർഥി മോഹികൾക്ക് ചങ്കിടിപ്പ്. മരണവീട്ടിലും പാലുകാച്ചലിനും നൂലുകെട്ടിനുമൊക്കെ നാട്ടിൽ നിറഞ്ഞ് നിന്ന് സ്ഥാനാർഥിയാകാൻ തയാറെടുത്ത് നിൽക്കുന്ന പുരുഷ കേസരികൾക്ക് ഏറ്റവും നിർണായകം സംവരണ നറുക്കെടുപ്പാണ്.
മത്സരിക്കാൻ കണ്ടു വച്ച വാർഡ് സംവരണമായാൽ എല്ലാ പ്രതീക്ഷകളും വെറുതേയാകും.
ചിലർക്ക് സംവരണ നറുക്കെടുപ്പ് പാരയാകുമ്പോൾ മറ്റു ചിലർക്ക് അവസരങ്ങളുമാണ്. രാഷ്ട്രീയത്തിൽ സജീവമല്ലാത്ത പലരും പ്രതീക്ഷിക്കാതെ, സംവരണത്തിലൂടെ പ്രസിഡന്റും വൈസ് പ്രസിഡന്റുമൊക്കെയായി തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് കയറിവരും.
സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാനാർഥികളെക്കുറിച്ചുള്ള ചർച്ചകളും ആരംഭിക്കും.
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ ക്രമത്തിലാണ് നറുക്കെടുപ്പ് നടത്തുക. വാർഡ് സംവരണം പൂർത്തിയായ ശേഷമാണ് പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർമാൻ എന്നിവയിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് നടക്കുക.
നറുക്കെടുപ്പ് 13 മുതൽ 21 വരെ
ഈ മാസം 13 നാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ആരംഭിക്കുന്നത്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 13ന് കാഞ്ഞങ്ങാട്, മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളിലെ പഞ്ചായത്തുകളുടെയും 14ന് നീലേശ്വരം, പരപ്പ, കാസർകോട് ബ്ലോക്കുകളിലെ പഞ്ചായത്തുകളുടെയും നറുക്കെടുപ്പ് നടക്കും. 16ന് 10 മുതൽ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫിസിൽ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളുടെ നറുക്കെടുപ്പ് നടക്കും.
18ന് 10നാണ് 6 ബ്ലോക്ക് പഞ്ചായത്തുകളിലെ ഡിവിഷനുകളുടെ നറുക്കെടുപ്പ്. 21ന് 10 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ നറുക്കെടുപ്പ്.
നറുക്കെടുപ്പ് രീതി ഇങ്ങനെ
കഴിഞ്ഞ 2 തദ്ദേശ തിരഞ്ഞെടുപ്പിൽ തുടർച്ചയായി സംവരണമായ വാർഡുകൾ ഇത്തവണ പൊതുവിഭാഗത്തിലേക്ക് മാറും.
ഉദാഹരണത്തിന് 2015ൽ പട്ടിക വിഭാഗ സംവരണമാവുകയും 2020ൽ സ്ത്രീ സംവരണമാവുകയും ചെയ്ത വാർഡ് ഇക്കുറി പൊതു വിഭാഗമായി മാറും. ഈ വാർഡുകൾ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തുക.
കഴിഞ്ഞ തവണ ഏതെങ്കിലും തരത്തിൽ സംവരണമായ വാർഡുകൾ ആ സംവരണത്തിൽ വീണ്ടും വരാത്ത രീതിയിൽ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കും. നിലവിലുള്ള വാർഡുകളുടെ സംവരണം നോക്കിയാണ് പുതിയതായി രൂപീകരിച്ച വാർഡുകളുടെ സംവരണം നിശ്ചയിക്കുക. അതായത് പുതിയതായി രൂപീകരിച്ച വാർഡിലെ ജനസംഖ്യയുടെ 50 ശതമാനത്തിൽ കൂടുതൽ വരുന്നത് പഴയ സംവരണ വാർഡിലേതാണെങ്കിൽ അത് ഇത്തവണ പൊതു വിഭാഗമായി മാറാൻ സാധ്യതയുണ്ട്.
പൊതു വിഭാഗമാണെങ്കിൽ സംവരണ വിഭാഗത്തിലേക്കും മാറും. അതേസമയം ഒരു തദ്ദേശ സ്ഥാപനത്തിലെ 50% വാർഡുകൾ വനിതാ സംവരണമായതിനാൽ എല്ലാ സ്ത്രീ സംവരണ വാർഡുകളും നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നത് വലിയൊരു പ്രശ്നമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]