
കാസർകോട് ∙ ദേശീയപാത നവീകരണത്തിന്റെ മറവിൽ ചെറുവത്തൂർ വീരമലക്കുന്നിൽനിന്ന് അനുവദിച്ചതിലേറെ മണ്ണിടിച്ചു കടത്തിയതിന് മേഘ കൺസ്ട്രക്ഷൻ കമ്പനിക്കു ചുമത്തിയ 1.16 കോടി രൂപ പിഴ അവസാന തീയതി പിന്നിട്ട് 25 ദിവസമായിട്ടും അടച്ചില്ല. തങ്ങൾ കുറ്റക്കാരല്ലെന്നും മണ്ണിടിച്ചതിന്റെ അളവെടുത്തതിൽ താലൂക്ക് സർവേയർക്ക് പിഴവ് സംഭവിച്ചുവെന്നും കാട്ടി കമ്പനി ജിയോളജിക്കൽ സർവേക്ക് കത്തു നൽകി. ജൂലൈ 14 ആയിരുന്നു പിഴ അടയ്ക്കേണ്ട അവസാന ദിനം.
ആരോപണം നിഷേധിച്ചു കത്തു ലഭിച്ചതോടെ നടപടികൾ കൂടുതൽ സങ്കീർണമായി.
നടപടികളുമായി മുന്നോട്ടു പോകണമെങ്കിൽ അവരുടെ ഭാഗം കേൾക്കണം. ഇതിനായി 13ന് ഹിയറിങ് നടത്താൻ തീരുമാനമായി.
നോട്ടിസ് നൽകി 60 ദിവസത്തിനകമായിരുന്നു പിഴ അടയ്ക്കേണ്ടത്. പിഴ അടച്ചില്ലെങ്കിൽ ജപ്തി നടപടികളുണ്ടാകും.
എന്നാൽ, മണ്ണെടുത്തതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന കമ്പനിയുടെ വാദം നടപടികൾ നീട്ടാനെ ഉപകരിക്കൂ എന്ന് ജിയോളജിക്കൽ സർവേ അധികൃതർ പറഞ്ഞു.
65,000 ക്യുബിക് മീറ്റർ മണ്ണ് സ്ഥലത്തുനിന്ന് നീക്കാനാണ് കമ്പനിക്ക് അനുമതി നൽകിയിരുന്നത്. ഹൊസ്ദുർഗ് തഹസിൽദാർ സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനയിൽ ഈ പരിധി ലംഘിച്ചതായി കണ്ടെത്തി.
തുടർന്ന് നടത്തിയ ഹിയറിങ്ങിൽ നിയമാനുസൃത മണ്ണ് മാത്രമാണ് നീക്കിയതെന്ന് കമ്പനി വാദിച്ചെങ്കിലും ഇത് ജിയോളജി വകുപ്പ് തള്ളുകയായിരുന്നു. നോട്ടിസ് നൽകിയതിനു പിന്നാലെ കമ്പനി ആരോപണം നിഷേധിച്ചു കത്തും നൽകി.
നിയമതടസ്സം
മറുപടി ലഭിച്ച സാഹചര്യത്തിൽ ഹിയറിങ് നടത്താതെ മുന്നോട്ടു പോയാൽ കമ്പനിക്ക് കോടതി വഴി സ്റ്റേ ഉത്തരവ് നേടിയെടുക്കാൻ കഴിയും. ഇതു മനസ്സിൽ കണ്ടാണ് അധികൃതർ ഹിയറിങ് നടത്താൻ തീരുമാനമെടുത്തത്.
മണ്ണെടുപ്പിൽ ക്രമക്കേട് നടന്നു എന്നും സ്ഥല പരിശോധനയിലും അളവെടുക്കുന്നതിലും പിഴവു വന്നിട്ടില്ലെന്നും അധികൃതർ ഉറപ്പിച്ചു പറയുന്നു. ജപ്തി ചെയ്യാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജിയോളജിക്കൽ സർവേ കലക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഹിയറിങ്ങിനു പിന്നാലെ ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാകും
ചാലിങ്കാലിലും തർക്കം
ദേശീയപാതാ നിർമാണത്തിന്റെ മറവിൽ ചാലിങ്കാലിൽ നിന്ന് 2.80 ഏക്കർ സ്ഥലത്തെ മണ്ണ് തുരന്നെടുത്തെന്ന ആരോപണവും മേഘ കമ്പനിക്കെതിരെ ഉയർന്നിരുന്നു.
ഹൊസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദിന്റെ നിർദേശ പ്രകാരം മണ്ണ് ഖനനം ചെയ്ത പ്രദേശം അളന്ന് കമ്പനിക്കു നോട്ടിസ് നൽകിയിരുന്നു. എന്നാൽ, തങ്ങളല്ല ഇവിടെ മണ്ണിടിച്ചതെന്നാണ് അന്നു കമ്പനി നൽകിയ വിശദീകരണം. ഹൈദരാബാദ് ആസ്ഥാനമാക്കിയ മറ്റൊരു കമ്പനിയുടെ വിവരങ്ങളാണ് നൽകിയത്.
ഇവരുടെ വിലാസമുൾപ്പെടുള്ളവ ലഭ്യമായിരുന്നില്ല. കമ്പനിയുടെ വിവരങ്ങൾ ശേഖരിക്കാൻ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച കലക്ടർക്കും ഹൊസ്ദുർഗ് തഹസിൽദാർക്കും കത്തു നൽകിയിരുന്നു. ഇതിനു മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളുണ്ടാകും.
പിഴ ആദ്യമല്ല
മുൻപ് പുല്ലൂരിൽ അനുമതി നൽകിയ ദിവസം കഴിഞ്ഞു മണ്ണെടുത്തതിനും മേഘ കമ്പനിക്ക് പിഴ ചുമത്തിയിരുന്നു.
അന്ന് 1.78 കോടി രൂപയാണ് പിഴയൊടുക്കിയത്. ഫെബ്രുവരി 22ന് കൊടുത്ത നോട്ടിസ് പ്രകാരം ഏപ്രിൽ 30ന് കമ്പനി പിഴയടച്ചു.
ദേശീയപാത 66 നിർമാണത്തിലെ വീഴ്ചകളുടെ പേരിൽ പല തവണ പഴി കേട്ടതാണ് കാസർകോട് രണ്ടാം റീച്ചിലെ നിർമാണ കരാർ കമ്പനിയായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]