
കാസർകോട് ∙ നഗരത്തിൽ നഗരസഭ ലക്ഷങ്ങൾ മുടക്കി പണിത അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ മൂന്നു നില കെട്ടിടം രണ്ടു പതിറ്റാണ്ടിലേറെയായി ഉപയോഗിക്കാതെ നശിക്കുന്നു. കാസർകോട് ടൗൺ ഗവ.യുപി സ്കൂളിന് എതിർവശം 1982 ജൂലൈ 18ന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ശിലാസ്ഥാപനം നിർവഹിച്ച നഗരസഭ ലോഡ്ജ് കെട്ടിടത്തിനാണ് ഈ സ്ഥിതി. അന്ന് നഗരസഭ ചെയർമാനായിരുന്ന കെ.എസ്.സുലൈമാൻ ഹാജിയുടെ നേതൃത്വത്തിലാണ് ബഹുനില കെട്ടിടം പണിതുയർത്തിയത്.
താഴത്തെ നിലയിൽ ഒരു ഹോട്ടൽ ഉൾപ്പെടെയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.
ഈ സമുച്ചയത്തിനു പിന്നീട് പാലിക ഭവൻ എന്ന പേരു നൽകി. താഴെയും തൊട്ടു മുകളിലെയും നിലകളിലായി മൂന്ന് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിനു മുകളിലെ മൂന്നു നിലകളും ഉപയോഗിക്കുന്നില്ല. ഈ മൂന്നു നിലകളിൽ 12 ഡബിൾ റൂമും 10 സിംഗിൾ റൂമുകളുമാണ് ഉള്ളത്.
8 വർഷം മുൻപ് ഇത് അറ്റകുറ്റപ്പണി ചെയ്ത് പുതിയ ഫാനും ശുചിമുറിയിൽ പുതിയ സാമഗ്രികളും ഉൾപ്പെടെ സ്ഥാപിച്ചു എങ്കിലും ഒരിക്കൽ പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ല.
30 ലക്ഷത്തോളം രൂപയാണ് അതിനു ചെലവിട്ടത്. കഴിഞ്ഞ ആദ്യ കോവിഡ് കാലത്ത് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഈ മുറികൾ ഉപയോഗിക്കാൻ അധികൃതർ സമീപിച്ചിരുന്നുവെങ്കിലും വൈദ്യുതി കട്ട് ചെയ്തതിനാൽ അതു നടന്നില്ല.
വൈദ്യുതി ബിൽ തുക കുടിശിക അടക്കാത്തതിനാലായിരുന്നു വൈദ്യുതി കട്ട് ചെയ്യാൻ കാരണം.
മുകളിലെ നിലകൾ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയിൽ ആയതിനാൽ പലയിടങ്ങളിലും സീലിങ്, ചുമർ എന്നിവ വിള്ളൽ വീഴുകയും അടർന്നു വീഴുകയും ചെയ്യുന്നു. തൂങ്ങിക്കിടക്കുന്ന നിലയിലാണ് പിറകിലെ സൺഷേഡ്.
താഴെ നിലകളിലെ 3 വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി നഗരസഭയ്ക്ക് മാസം തോറും 35000 രൂപ ലഭിക്കുന്നുണ്ട്. എന്നാൽ കെട്ടിടം പരിപാലിക്കുന്നതിനും മറ്റുമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതിയാണ് പരക്കെ ഉയരുന്നത്.
കെട്ടിടത്തിലെ മറ്റു മുറികളെല്ലാം ഉപയോഗപ്പെടുത്തിയാൽ വലിയ വരുമാനമുണ്ടാകും നഗരസഭയ്ക്ക്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]