
കാഞ്ഞങ്ങാട്, നീലേശ്വരം∙ നീലേശ്വരത്തു കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 11 പേരെ കടിച്ച നായയ്ക്കു കണ്ണൂരിൽ നടത്തിയ പരിശോധനയിൽ പേവിഷ ബാധ കണ്ടെത്തി. റാപിഡ് ടെസ്റ്റിലാണു ഫലം പോസിറ്റീവായത്.
ഈ നായ ഒട്ടേറെ വളർത്തു നായ്ക്കെളെയും കടിച്ചിരുന്നു. ജില്ലയിൽ തെരുവുനായശല്യം രൂക്ഷം. നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കഴിഞ്ഞ 2 ദിവസങ്ങളിലായി ഒട്ടേറെപ്പേർക്കു കടിയേറ്റു.
നീലേശ്വരം തീരദേശ മേഖലയിൽ ചൊവ്വാഴ്ച രാത്രി മുതലുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ 11 പേർക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ പുലർച്ചെ തൈക്കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ സ്ത്രീക്കും നായയുടെ കടിയേറ്റു.
തൈക്കടപ്പുറത്ത് മദ്രസയിൽ പോവുകയായിരുന്ന കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണു കടിയേൽക്കാതെ രക്ഷപ്പെട്ടത്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടും ഇതുവരെ പരിഹാരമില്ലാത്തതിനാൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. കാഞ്ഞങ്ങാട് അലാമിപ്പള്ളി, സൗത്ത്, കൊവ്വൽ സ്റ്റോർ ഭാഗങ്ങളിലും തെരുവുനായ ആക്രമണം ഉണ്ടായി. ഈ ഭാഗങ്ങളിൽ 2 പേർക്കാണു കടിയേറ്റത്.
ഭക്ഷണം കഴിച്ചശേഷം കൈ കഴുകാൻ വീടിനു പുറത്തിറങ്ങിയ ആൾക്കും നായയുടെ കടിയേറ്റു. കടിയേറ്റവരെല്ലാം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കയ്യടക്കി തെരുവുനായ്ക്കൾ
കാഞ്ഞങ്ങാട്, നീലേശ്വരം നഗരത്തിന്റെ പ്രധാന സ്ഥലങ്ങളെല്ലാം തെരുവുനായ്ക്കൾ കയ്യടക്കി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തു തെരുവുനായശല്യം രൂക്ഷമാണ്.
പ്ലാറ്റ്ഫോമിൽനിന്നു നായയുടെ കടിയേൽക്കുന്നതു നിത്യസംഭവമാണ്. രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയെന്നതു സാഹസമായി മാറിയിരിക്കുകയാണ്. ജില്ലാ ആശുപത്രി പരിസരവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
ആശുപത്രിക്കകത്തും ഇവ കടന്നു ചെല്ലുന്നുണ്ട്.
തെരുവുനായയ്ക്ക് പേവിഷബാധ; ശ്രദ്ധ വേണം
നീലേശ്വരം ∙ കടിഞ്ഞിമൂല, തൈക്കടപ്പുറം പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ നാലാം ക്ലാസ് വിദ്യാർഥിനി ഉൾപ്പെടെ 11 പേരെ തെരുവുനായ ആക്രമിച്ചു. തെരുവുനായയുടെ കടിയേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടിഞ്ഞിമൂലയിലെ സാവിത്രി, സന്ദീപ്, സിത, അർച്ചന, തൈക്കടപ്പുറം എപി റോഡിലെ ശിവൻ, ഖദീജ, ഓർച്ചയിലെ ഇല്ല്യാസ്, രഖിൻ ചന്ദ്രൻ, കടിഞ്ഞിമൂല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി പാലിച്ചോൻ റോഡിലെ ജനിയ ജിജേഷ്, മത്സ്യത്തൊഴിലാളി തിലോത്തമ്മ, തൈക്കടപ്പുറം ഐസ് പ്ലാന്റ് പരിസരത്തെ സച്ചിൻദേവ് എന്നിവരെയാണ് 12 മണിക്കൂറിനുള്ളിൽ നായ കടിച്ചത്.
ഇന്നലെ രാവിലെ വാർഡ് കൗൺസിലർമാരായ അൻവർ സാദിഖ്, എം.കെ.വിനയരാജ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തു, വെറ്ററിനറി ആശുപത്രിയിലെ ഡോ.പി.ആശ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. തുടർന്നു പ്രദേശത്തു നടത്തിയ പരിശോധനയിലാണു നായയുടെ ജഡം കണ്ടെത്തിയത്.
റാപിഡ് പരിശോധനയിൽ പരിശോധനാഫലം പോസിറ്റീവായി. നായയെ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂരിലെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ജില്ലാ ഭരണകൂടവുമായി ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്നു നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത പറഞ്ഞു.
ഈവർഷം കടിയേറ്റത് 3931 പേർക്ക്
കാഞ്ഞങ്ങാട് ∙ ജില്ലയിൽ ഈ വർഷം നായ്ക്കളുൾപ്പെടെ മൃഗങ്ങളുടെ കടിയേറ്റ് ചികിത്സ തേടിയത് 3931 പേർ.
ഇതിൽ ഭൂരിഭാഗവും നായ്ക്കളുടെ കടിയേറ്റവരാണ്. ഏതാനും കേസുകൾ മാത്രം പൂച്ച ഉൾപ്പെടെയുള്ളവയുടെ കടിയേറ്റവയാണ്. ജനുവരി –630, ഫെബ്രുവരി –638, മാർച്ച് –718, ഏപ്രിൽ –634, മേയ് –696, ജൂൺ –540, ജൂലൈ തുടക്കത്തിൽ തന്നെ 75 പേർക്കും നായ്ക്കളുടെ കടിയേറ്റു.
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്ക്ക് ഐഡിആർവി വാക്സീനാണു നൽകുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും വാക്സീൻ ലഭ്യമാണ്. ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളിൽ നക്കൽ, ചുണ്ടിലോ വായയിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി, എന്നിവയേറ്റാൽ ആന്റി റേബീസ് ഇമ്യൂണോ ഗ്ലോബുലിനാണു നൽകുക. ഇതിനുള്ള സൗകര്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]