ആദൂർ ∙ ഇന്നലെ പുലർച്ചെ 2.30ന് ബൈക്ക് യാത്രക്കാരായ യുവാക്കളാണ് റോഡിന്റെ നടുവിൽ ജീവി വാഹനമിടിച്ച് ചത്തുകിടക്കുന്നത് കണ്ടത്. നോക്കിയപ്പോൾ ഒരു പുലിക്കുഞ്ഞ്!.
പിന്നെ ഒന്നും സംശയിച്ചില്ല. തൊട്ടടുത്ത ആദൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.അൽപനേരത്തിനുള്ളിൽ എസ്ഐ എം.സതീശനും പൊലീസുകാരും സ്ഥലത്തെത്തി.
അവർക്കും മറ്റു സംശയങ്ങളൊന്നും തോന്നിയില്ല. ഉടനെ വനംവകുപ്പിനെ അറിയിച്ചു.
പുലി ചത്തുവെന്നു കേട്ടതോടെ ബോവിക്കാനത്തുനിന്ന് ദ്രുതപ്രതികരണ സേന (ആർആർടി) കുതിച്ചെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് ചത്തത് പുള്ളിപ്പുലിയല്ല അതിനോടു രൂപസാദൃശ്യമുള്ള പുലിപ്പൂച്ചയാണെന്ന് മനസ്സിലായത്. ഒറ്റനോട്ടത്തിൽ പുലിക്കുഞ്ഞാണെന്നേ തോന്നൂ.പുലിയെപ്പോലെ മഞ്ഞ നിറത്തിലുള്ള കറുത്ത പുള്ളിക്കുത്തുകളും വട്ടത്തിലുള്ള ചെവിയുമൊക്കെയാണ് ഇതിന്റെതും.
രോമം നിറഞ്ഞ, വണ്ണംകൂടിയ വാലും ഇതിന്റെ പ്രത്യേകതയാണ്.
പക്ഷേ വലിയ വളർത്തുപൂച്ചയുടെ വലുപ്പം മാത്രമേ ഇതിനുണ്ടാവുകയുള്ളൂ. കാട്ടുപൂച്ചയേക്കാളും ഉയരം കുറവാണ്.
7 കിലോവരെ ഭാരമുണ്ടാകും. ഉൾക്കാടുകളേക്കാൾ ജനവാസ മേഖലകളോടു ചേർന്ന വനാതിർത്തികളിലാണ് ഇവ കാണപ്പെടുന്നത്.
ചെറിയ പക്ഷികൾ, എലി തുടങ്ങിയവയാണ് പ്രധാന ആഹാരം.
രാത്രി മാത്രം പുറത്തിറങ്ങുന്ന ഇവ ആളുകളുടെ കണ്ണിൽപെടാതിരിക്കാൻ പ്രത്യേക വൈഭവമുള്ളവയാണ്.
വന്യജീവി ഫൊട്ടോഗ്രാഫർമാർക്കുപോലും വളരെ അപൂർവമായി മാത്രമേ ഇവയുടെ ചിത്രം ലഭിക്കാറുള്ളൂ എന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സയന്റിസ്റ്റ് ഡോ.ജാഫർ പാലോട്ട് വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ വാഹനമിടിച്ച് ചാകുന്ന മൂന്നാമത്തെ പുലിപ്പൂച്ചയാണിതെന്നാണ് ഏകദേശ കണക്ക്. പരിയാരം മെഡിക്കൽ കോളജിനു സമീപം വാഹനമിടിച്ച് ചത്തതാണ് ഒടുവിലത്തെ സംഭവം. ഷെഡ്യൂൾ ഒന്നിൽപെടുന്ന മൃഗമായതിനാൽ വെറ്ററിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

