കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഇല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു. നിലവിൽ 6 കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ തസ്തികയാണ് ഇവിടേക്ക് അനുവദിച്ചത്.
അതിൽ 2 സ്ഥിരം ഡോക്ടർമാർ മാത്രമേ ഉള്ളൂ. മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കേണ്ട
അത്യാഹിത വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനത്തിന് 8 കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർ വേണം. ഒഴിവുള്ള 4 മെഡിക്കൽ ഓഫിസർ തസ്തികയിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്.
പ്രവൃത്തി പരിചയം ഇല്ലാത്തവർ മാറി മാറി വരുന്നത് അത്യാഹിത വിഭാഗത്തിലെ ചികിത്സയുടെ മേന്മയെ ബാധിക്കുന്നതായി കെജിഎംഒ ജില്ലാ ആശുപത്രി യൂണിറ്റ് ചൂണ്ടിക്കാട്ടുന്നു.
ഡോക്ടർമാർ മാറി മാറി വരുന്നത് രോഗി പരിചരണത്തെയും ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. കാർഡിയോളജി, ന്യൂറോളജി അടക്കമുള്ള സ്പെഷലിസ്റ്റ് വിഭാഗം വന്നതോടെ അത്യാഹിത വിഭാഗത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
സ്ഥിരം ഡോക്ടർ ഇല്ലാത്തത് അത്യാഹിത വിഭാഗത്തിൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനെയും ബാധിക്കുന്നു.
ജില്ലയിൽ മികച്ച ആശുപത്രികൾ ഇല്ലാത്തതിനാൽ സാധാരണക്കാരന്റെ ആശ്രയം ജില്ലാ ആശുപത്രിയാണ്. ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളിൽ നിന്നു രോഗികളെ റഫർ ചെയ്യുന്നതും ജില്ലാ ആശുപത്രിയിലേക്കാണ്.
അതിനാൽ ഏറ്റവും ആവശ്യമായ അത്യാഹിത വിഭാഗത്തിൽ തസ്തിക 8 ആയി ഉയർത്തി സ്ഥിര നിയമനം അത്യാവശ്യമാണ്.
അതേ സമയം, നിലവിൽ സ്പെഷ്യൽറ്റി വിഭാഗത്തിൽ ഒഴിവുള്ള ആറു തസ്തികകളിലും സ്ഥിര നിയമനം നടത്തിയിട്ടില്ല. ജോലി ക്രമീകരണത്തിന്റെ ഭാഗമായാണ് ഈ വിഭാഗത്തിലേക്ക് ഡോക്ടർമാരെ നിയമിച്ചത്.
പുതിയ മാർഗ നിർദേശ പ്രകാരമുള്ള ട്രയാജ് സിസ്റ്റം നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്. വർഷത്തിൽ 150ൽ കൂടുതൽ പോസ്റ്റ്മോർട്ടം നടക്കുന്ന ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജന്റെ തസ്തിക അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെജിഎംഒ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ഡി.ജി.രമേശ്, യൂണിറ്റ് കൺവീനർ ഡോ.
ഇ.കെ.ആശ, ഡോ. കെ.ജി.അശ്വതി എന്നിവർ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.
എ.വി.രാംദാസിന് നിവേദനം നൽകി.
അടിയന്തരമായി കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ നിയമനങ്ങൾ പൂർണമായും പിഎസ്സി മുഖേന നടത്തുക, കൂടാതെ രണ്ട് പുതിയ തസ്തികകൾ അനുവദിക്കുക, തുടങ്ങിയവ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ഇന്റേൺസ്മാരുടെയും വിദേശ മെഡിക്കൽ ബിരുദധാരികളുടെയും സേവനം ലഭ്യമാക്കാനും ടാറ്റാ ആശുപത്രിയിലെ നിലവിലുള്ള ഡോക്ടർമാരുടെ സേവനം ഈ ആശുപത്രിയിൽ ഉറപ്പുവരുത്തി പ്രശ്നത്തിനു പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

