ദേശീയപാതയിലെ നീലേശ്വരം പഴയപാലം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ പാലത്തിലേക്ക് ഗതാഗതം സുഗമമായി മാറ്റിയ ശേഷമായിരിക്കും പഴയപാലം പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ ആരംഭിക്കുക.
നിലവിലുള്ള പഴയപാലത്തിലൂടെയുള്ള വാഹനഗതാഗതം തുടരുന്നത് ഗുരുതരമായ അപകടഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് കലക്ടർ ശ്രീധന്യ സുരേഷ് ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്. ഐഐടി മദ്രാസ് നടത്തിയ ഘടനാസുരക്ഷാ പരിശോധനയിൽ നിലവിലുള്ള പ്രധാന പാലം അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയതായി ദേശീയപാത അതോറിറ്റി ജില്ലാ ഭരണകൂടത്തെ ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.
നിലവിൽ വാഹനഗതാഗതം പ്രധാനമായും പഴയ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിൽ എന്തെങ്കിലും തരത്തിലുള്ള അപകടമോ മറ്റ് അപ്രതീക്ഷിത തടസ്സങ്ങളോ ഉണ്ടായാൽ ദേശീയപാതയിലെ ഗതാഗതം പൂർണമായി സ്തംഭിക്കാൻ സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പഴയ പാലത്തിലൂടെയുള്ള ഗതാഗതം തുടരുന്നത് പൊതുസുരക്ഷയ്ക്ക് കനത്ത ഭീഷണിയാണെന്ന് കാഞ്ഞങ്ങാട് ആർഡിഒയും നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ചേർന്ന ദേശീയപാത നിർമാണ പുരോഗതി അവലോകന യോഗത്തിലാണ് പുതിയ പാലത്തിലേക്ക് ഗതാഗതം മാറ്റിയശേഷം പഴയ പാലം പൊളിക്കാൻ അന്തിമ തീരുമാനമെടുത്തത്.
പുതിയ പാലത്തിന്റെ തെക്കുഭാഗത്തെ വാഹന റാംപ് അടിയന്തരമായി പൂർത്തിയാക്കാനും കലക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള പ്രതിഷേധക്കാരുടെ ഷെഡ് ഉടൻ നീക്കം ചെയ്യണമെന്നും ഉത്തരവിലുണ്ട്.
നിർമാണം തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി ആവശ്യമായ പൊലീസ് സംരക്ഷണം നൽകേണ്ടതാണ്. ഈ മുഴുവൻ നടപടികൾക്കും കാഞ്ഞങ്ങാട് ആർഡിഒ മേൽനോട്ടം വഹിക്കും.
ഉത്തരവിനെതിരെ ജനകീയ സമരസമിതി കലക്ടറുടെ ഉത്തരവിനെതിരെ ജനകീയ സമരസമിതി രംഗത്തുവന്നത് പ്രദേശത്ത് പുതിയ സാഹചര്യങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റിൽ എംബാങ്ക്മെന്റ് രീതിയിലുള്ള നിർമാണത്തിന് പകരം തൂണുകളിലുള്ള പാത അഥവാ എലിവേറ്റഡ് ബ്രിജ് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരസമിതിയുടെ പ്രതിഷേധം 200 ദിവസത്തോടടുക്കുകയാണ്.
ഈ ആവശ്യവുമായി നഗരസഭാ കർമസമിതിയും ജനകീയ സമരസമിതിയും ചേർന്ന് അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഡൽഹിയിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ സാന്നിധ്യത്തിൽ നഗരസഭാ കർമസമിതി ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്ന് കർമസമിതി സമരം അവസാനിപ്പിച്ചിരുന്നു.
എന്നാൽ എലിവേറ്റഡ് ബ്രിജ് എന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ജനകീയ സമരസമിതി സമരം തുടർന്നുപോരികയാണ്. സമരം 200 ദിവസത്തോടടുക്കുന്ന ഈ നിർണായക ഘട്ടത്തിലാണ് നിർമാണത്തിന് തടസ്സമില്ലാതിരിക്കാൻ സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് വരുന്നത്.
ഈ തീരുമാനം നടപ്പിലാക്കാൻ ഭരണകൂടം ഒരുങ്ങുമ്പോൾ സമരസമിതി പ്രവർത്തകർ ഇത് പ്രതിരോധിച്ചാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സമരപ്പന്തൽ പൊളിച്ചുമാറ്റാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് ജനാധിപത്യവിരുദ്ധവും പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമവുമാണെന്ന് ജനകീയ സമരസമിതി ചെയർമാൻ ശ്രീനാഥ് ശശി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

