തൃക്കരിപ്പൂർ ∙ ചന്തേര – തൃക്കരിപ്പൂർ മരാമത്ത് റോഡിൽ യാത്രക്കാരും പരിസരവാസികളും ആശങ്ക ഉയർത്തിയതിനെത്തുടർന്നു പ്രവൃത്തി നിർത്തിയ നടപ്പാതകളുടെ നിർമാണം പുനരാരംഭിച്ചു. ആശങ്ക പരിഹരിച്ചും നിർമാണത്തിൽ ഭേദഗതി വരുത്തിയുമാണ് ഇന്നലെ വീണ്ടും നിർമാണം തുടങ്ങിയത്.
കാലിക്കടവ് മുതൽ തങ്കയം വരെ വിവിധ ദിക്കുകളിലായാണു നടപ്പാതകളുടെ നിർമാണം. 5 കിലോമീറ്റർ ദൈർഘ്യമുള്ള ചന്തേര – തൃക്കരിപ്പൂർ പാതയിൽ ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലാണു പത്തിൽപരം കേന്ദ്രങ്ങളിലെ നടപ്പാത.
തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് പരിസരത്തു നടപ്പാതയുടെ പ്രവൃത്തി ആരംഭിച്ചതോടെയാണു തർക്കമുയർന്നത്.
റോഡിനോടു ചേർന്നു നടപ്പാത നിർമിക്കുന്നത്, ഭാവിയിൽ റോഡ് വികസനം നടപ്പാക്കുമ്പോൾ ഉപയോഗിക്കേണ്ട ഭൂമി ദുരുപയോഗം ചെയ്യുകയാണെന്ന് എതിർപ്പുയർത്തിയവർ ചൂണ്ടിക്കാട്ടി.
മാത്രമല്ല, റോഡിന്റെ കിഴക്കുഭാഗത്തു ധാരാളം സർക്കാർ ഭൂമിയുണ്ടായിട്ടും അതു ഉപയോഗപ്പെടുത്താത്തതും പിന്നീടു കാടുപിടിച്ചു നശിക്കുന്നതും നിർമാണത്തിലെ അശാസ്ത്രീയതയും വിശദീകരിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണു പ്രവൃത്തി നിർത്തിയത്.
തർക്കം പരിഹരിക്കുന്നതിനു ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും ഇടപെട്ടു. നിർമാണം ആരംഭിച്ച ഭാഗത്തു റോഡിൽനിന്ന് അൽപം കൂടി കിഴക്കുഭാഗത്തേക്കു നടപ്പാതകളുടെ പ്രവൃത്തി നടത്തുന്നതിനു ധാരണയുണ്ടാക്കി.
ഇതനുസരിച്ചാണ് ഇന്നലെ വീണ്ടും പ്രവൃത്തി തുടങ്ങിയത്. ഇതോടെ റോഡിൽ കൂടുതൽ സൗകര്യം കിട്ടും.
ഈ പ്രവൃത്തിക്കൊപ്പം തങ്കയം ജംക്ഷനിലെ വാഹനാപകടം നിയന്ത്രിക്കുന്നതിനു ഡിവൈഡറുകൾ സ്ഥാപിക്കുന്നതും റോഡുകൾ 3 ഭാഗത്തേക്കും തിരിഞ്ഞു പോകുന്ന ഭാഗത്തു വീതി വർധിപ്പിക്കുന്ന പ്രവൃത്തിയും നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]