കാഞ്ഞങ്ങാട് ∙ ‘കവിയുടെ കാൽപ്പാടുകൾ തേടി’യുള്ള യാത്ര പൂർത്തിയാക്കി മഹാകവിയുടെ മക്കൾ ഉൾപ്പെടെയുള്ള സംഘം തിരിച്ചെത്തി. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ 94 വയസ്സ് പിന്നിട്ട
മകൾ ലീല അമ്മാളും 90 വയസ്സ് പിന്നിട്ട മകൻ വി.രവീന്ദ്രൻ നായരുമുൾപ്പെട്ട
സംഘമാണു ‘കവിയുടെ കാൽപ്പാടുകൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച് 50 വർഷങ്ങൾക്കുശേഷം കവിയച്ഛൻ സഞ്ചരിച്ച വഴികളുടെ യാത്ര ചെയ്തത്. കവിയുടെ ജന്മദിനമായ 4നു വെള്ളിക്കോത്ത് കവി ഭവനത്തിൽനിന്നു പുറപ്പെട്ട
സംഘം ആദ്യദിവസം കവി അധ്യാപകനായി സേവനമനുഷ്ഠിച്ച കൂടാളി ഹൈസ്കൂളും കുടുംബത്തോടൊപ്പം താമസിച്ച പൊൻമളയിലെ വടയക്കളവും സന്ദർശിച്ചു.
പൊൻമളയിൽ ശ്രീധരൻ നമ്പീശൻ സ്മാരക വായനശാലയിൽ ഹൃദ്യമായ വരവേൽപ് ലഭിച്ചു. കവി സംസ്കൃതം പഠിച്ച പട്ടാമ്പി പുന്നശ്ശേരി നമ്പി പെരുമുടിയൂർ സംസ്കൃത ഹൈസ്കൂളിൽ യുവകവി പി.രാമന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.
കവി വിദ്യാലയത്തിലേക്ക് നടന്ന വഴികളിലൂടെ സഞ്ചരിച്ച സംഘം കവിയുടെ ഇഷ്ടദേവതയായ ഈഹാപുരേശ്വരി ക്ഷേത്രവും സംസ്കൃതം പഠിച്ച പട്ടാമ്പി സംസ്കൃത കോളജും സന്ദർശിച്ചു. കോളജിലെത്തിയ മന്ത്രി വി.അബ്ദു റഹിമാനും പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും കവിയുടെ മക്കളുടെ അനുഗ്രഹം തേടി.
കവിയുടെ മറ്റൊരു താവളമായിരുന്ന തിരുവില്വാമലയിലെ കുഞ്ചൻനമ്പ്യാർ സ്മാരകത്തിലെ സന്ദർശനം വികാരനിർഭരമായിരുന്നു.
ലക്കിടിയിൽ താമസിക്കുന്ന കവിയുടെ മകൾ ബാലാമണി അവിടെയെത്തി സഹോദരങ്ങളെ കണ്ടു. തുടർന്ന് തിരുവില്വാമലയിലെ ക്ഷേത്രവും കൊല്ലംകോട് കവി ജോലിചെയ്ത രാജാസ് സ്കൂളും കവിയുടെ സ്മരണയുണർത്തുന്ന പി.സ്മാരക കലാസാംസ്കാരിക കേന്ദ്രവും സന്ദർശിച്ചു.
പി.യുടെ സന്തതസഹചാരിയായിരുന്ന ഇയ്യങ്കോട് ശ്രീധരനെ വസതിയിസെത്തി സന്ദർശിച്ചു.
ഗുരുവായൂർ ദേവസ്വം പബ്ലിക്കേഷൻ പുനഃപ്രസിദ്ധീകരിച്ച കവിയുടെ ‘തിരുമുടിമാല’എന്ന കവിതാ സമാഹാരത്തിന്റെ പുതിയപതിപ്പ് ലീല അമ്മാൾക്കും രവീന്ദ്രൻ നായർക്കും നൽകി പ്രകാശനം ചെയ്തു. ഗുരുവായൂരിൽ ദർശനത്തിനെത്തിയ തിരുവിതാംകൂർ കൊട്ടാരത്തിലെ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി കവിയുടെ മക്കളുമായി സംസാരിച്ചു.
തുഞ്ചൻപറമ്പും സന്ദർശിച്ചായിരുന്നു സംഘത്തിന്റെ മടക്കം. യാത്രയിൽ എഴുത്തുകാരും നാടക പ്രവർത്തകരും വിരമിച്ച ഉദ്യോഗസ്ഥരും ഉൾപ്പെടെ 25 പേരുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]