
കാസർകോട് ∙ പൊലീസ് വാഹനങ്ങളുടെ എണ്ണക്കുറവും എസ്ഐമാർ ഉൾപ്പെടെ പൊലീസ് ഒഴിവുകളും അടക്കം സേനയിലെ വിവിധ ആവശ്യങ്ങൾ സംസ്ഥാന പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖർക്കു മുൻപാകെ അവതരിപ്പിച്ചു ജില്ലാ പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത ജില്ലാതല അവലോകന യോഗത്തിലാണു ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡി ജില്ലയിലെ ആവശ്യങ്ങൾ അവതരിപ്പിച്ചത്.ജില്ലാ പൊലീസ് ആസ്ഥാനത്തു ഡിജിപിയെ ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ്ഭരത് റെഡ്ഡി സ്വീകരിച്ചു.
ഐജി രാജ്പാൽ മീണ, ഡിഐജി യതീഷ്ചന്ദ്ര എന്നിവർ പങ്കെടുത്തു.
എസ്ഐമാരുടെ കുറവ്
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നോടിയായി എസ്ഐമാരടക്കമുള്ളവരുടെ കുറവുകൾ നികത്തണമെന്നായിരുന്നു ആവശ്യങ്ങളിൽ പ്രധാനം. എസ്ഐമാരുടെയും ഗ്രേഡ് എസ്ഐമാരുടെയും പൊലീസുകാരുടെയും ഏറെ ഒഴിവുകളുണ്ട്.
അനുകൂലമായ നിലപാടാണു ഡിജിപി സ്വീകരിച്ചതെന്നു വിജയ ഭരത് റെഡ്ഡി പറഞ്ഞു.
സ്റ്റേഷൻ വിഭജനവും ചർച്ചയായി
മഞ്ചേശ്വരം, കുമ്പള സ്റ്റേഷനുകൾ വിഭജിച്ചു ബായിക്കട്ട ആസ്ഥാനമായി പൈവളിഗെ പൊലീസ് സ്റ്റേഷൻ തുടങ്ങുന്ന കാര്യവും ചർച്ച ചെയ്തു.
സ്റ്റേഷനു കെട്ടിടം നിർമിക്കാൻ ബായിക്കട്ടയിൽ 50 സെന്റ് സ്ഥലം റവന്യു വകുപ്പ് പൊലീസിനു കൈമാറിയിട്ട് 2 വർഷത്തോളമായി. എന്നാൽ സ്റ്റേഷൻ അനുവദിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വമാണ്.അതിർത്തി പങ്കിടുന്ന ജില്ലയെന്ന നിലയിൽ ലഹരിക്കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു ഡിജിപി നിർദേശിച്ചു.
കർണാടകയിൽനിന്നു ജില്ലയിലേക്കു വൻതോതിൽ ലഹരി കടത്തുന്നു. ദേശീയപാതയിലൂടെയും ഊടുവഴികളിലൂടെയുമായി എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ കേരളത്തിലേക്ക് എത്തുന്നുണ്ട്.
സേനയിൽ ആൾബല്ലമില്ലാത്തതിനാൽ ശക്തമായ പരിശോധന കുറവാണെന്ന പരാതിയുണ്ടായിരുന്നു.
സേനയിലെ എണ്ണക്കുറവ്
13 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ജില്ലയിൽ ഹെഡ് ക്വാർട്ടേഴ്സ്, 24 പൊലീസ് സ്റ്റേഷനുകൾ, ഡിവൈഎസ്പി ഓഫിസുകൾ, സ്പെഷൽ യൂണിറ്റുകൾ എന്നിവിടങ്ങളിലായി ആകെയുള്ളതു ഡിവൈഎസ്പിമാർ ഉൾപ്പെടെ 1500 പൊലീസുകാർ. വർഷങ്ങൾക്കു മുൻപത്തെ ജനസംഖ്യ ആനുപാതത്തിലാണു ജില്ലയിൽ പൊലീസുകാരെ നിയമിച്ചിട്ടുള്ളത്.
പൊലീസ് ഡ്രൈവർമാരുടെ കുറവുകളാൽ തുടർച്ചയായി 48 മണിക്കൂർ വരെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ഡ്രൈവർമാർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും കൺട്രോൾ റൂമിലുമുണ്ട്.വനിതാ പൊലീസുകാരുടെ കുറവുകളും ജില്ലയിലുണ്ട്. വനിതാ സ്റ്റേഷൻ, വനിതാ സെൽ എന്നിവിടങ്ങളിൽ പോലും വനിതാ ഇൻസ്പെക്ടർമാരില്ലാത്തതിനാൽ എസ്ഐമാർക്കാണ് ചുമതല.
വാഹനങ്ങൾക്ക് കാലപ്പഴക്കം
ജില്ലയിലെ 160ൽ ഏറെ പൊലീസ് വാഹനങ്ങളിൽ ഏറെയും വർഷങ്ങളുടെ പഴക്കമുള്ളവയാണ്.
പലതും കട്ടപ്പുറത്തും. കൺട്രോൾ റൂമുകളിലെ വാഹനങ്ങൾ ഏറെയും തുരുമ്പെടുത്തിരിക്കുകയാണ്.
മഴ പെയ്താൽ വെള്ളം അകത്തു പതിക്കും. 3 കൺട്രോൾ റൂമുകളിലെ മിക്ക വാഹനങ്ങൾക്കും ഇതേ അവസ്ഥയാണ്.
പൊലീസ് ബസുകളുടെയും കുറവുണ്ട്. പൊലീസ് ആംബുലൻസില്ല.
3 ലക്ഷത്തിലേറെ കിലോമീറ്ററുകൾ പിന്നിട്ട വാഹനങ്ങളാണ് ജില്ലയിൽ ഏറെയും ഓടുന്നത്.
അപകടാവസ്ഥയിലായ സ്റ്റേഷനുകൾ
കുമ്പളയിലെ സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലാണ്.
നീലേശ്വരം സ്റ്റേഷൻ പ്രവർത്തിക്കുന്നത് സിഐ ഓഫിസ് കെട്ടിടത്തിലാണ്. നീലേശ്വരത്തു സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികളൊന്നുമായില്ല.
കുമ്പള ,മേൽപറമ്പ്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ പൊലീസ് ക്വാർട്ടേഴ്സുകളില്ല. രാജപുരം, ചിറ്റാരിക്കാൽ എന്നിവിടങ്ങളിലെ ക്വാർട്ടേഴ്സുകൾ നാശാവസ്ഥയിലാണ്.
കാസർകോട് ട്രാഫിക് പൊലീസ് സ്റ്റേഷൻ വളപ്പിൽ ക്വാർട്ടേഴ്സുകൾ ഉണ്ടെങ്കിലും മഴക്കാലത്തുപോലും വെള്ളമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]