കുണ്ടാർ ∙ കോടമഞ്ഞും ഇളംകാറ്റുമായി പച്ചപുതച്ചു നിൽക്കുന്ന കുണ്ടാർ മായിലംകോട്ടയിൽ, മടിക്കേരി രാജാസ് സീറ്റിന്റെ മാതൃകയിൽ വ്യൂ പോയിന്റ് ഒരുങ്ങുന്നു. കൃഷിവകുപ്പിന്റെ കീഴിലുള്ള കാഷ്യു പ്രോജനി ഓർച്ചാഡിന്റെ സ്ഥലത്ത് രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ) പദ്ധതിയിലാണ് കാഷ്യു കഫേ കം വ്യൂ പോയിന്റ് നിർമിക്കുന്നത്.ചെർക്കള–ജാൽസൂർ പാതയിലെ കുണ്ടാറിൽനിന്ന് അര കിലോമീറ്റർ അകലെയാണ് പ്രകൃതി സുന്ദരമായ മായിലംകോട്ടക്കുന്ന്.
കുണ്ടാറിൽനിന്ന് കാഷ്യു പ്രോജനി ഓർച്ചാഡ് ഓഫിസിന്റെ ഗേറ്റ് കടന്ന് ചെങ്കുത്തായ കയറ്റം കയറിയാൽ മുകളിലെത്താം.
വഴിനീളെ കായ്ച്ചുനിൽക്കുന്ന തെങ്ങുകളും മാവുകളും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. വളർന്നുകൊണ്ടിരിക്കുന്ന ചെണ്ടുമല്ലിത്തൈകൾ പൂവിടാൻ തുടങ്ങുന്നതോടെ മായിലംകോട്ട
അതിസുന്ദരിയായി മാറും. കുന്നിൻ മുകളിലെത്തിയാൽ മാത്രമേ മായിലംകോട്ടയുടെ സൗന്ദര്യം പൂർണമായി ആസ്വദിക്കാൻ സാധിക്കൂ. നട്ടുച്ച സമയത്തുപോലും വീശിയടിക്കുന്ന ഇളംകാറ്റ്, രാവിലെയും വൈകിട്ടും മഞ്ഞുപുതച്ചു നിൽക്കുന്ന മായിലംകോട്ടയിൽനിന്നുള്ള ദൃശ്യം ആരെയും ആകർഷിക്കും.
മുകളിൽനിന്നു നോക്കിയാൽ നാലു ഭാഗത്തെയും കാഴ്ചകൾ കാണാം.
വളഞ്ഞ് പുളഞ്ഞൊഴുകുന്ന പയസ്വിനിപ്പുഴയും മലനിരകളും ആസ്വദിക്കാം. ചരിത്രപ്രാധാന്യമുള്ള സ്ഥലമാണെങ്കിലും ഇവിടത്തെ പ്രകൃതി സൗന്ദര്യം അധികമാരും അറിഞ്ഞിരുന്നില്ല. കൃഷിവകുപ്പിന്റെ കശുമാവിൻതോട്ടം ആയതിനാൽ പുറത്തുനിന്നുള്ളവർ അധികം എത്താറില്ല. കാഷ്യു കഫേ കം വ്യൂ പോയിന്റിനൊപ്പം സഞ്ചാരികൾക്കുള്ള ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്.
ഒരുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
അതിനുശേഷം സഞ്ചാരികൾക്ക് തുറന്നുകൊടുക്കും. ഭാവിയിൽ വിനോദസഞ്ചാര കേന്ദ്രമായി മാറ്റിയെടുക്കുകകൂടിയാണ് അധികൃതരുടെ ലക്ഷ്യം.
കശുമാവ് കൃഷി വികസന ഓഫിസർ മനു നരേന്ദ്രൻ, ഫാം ഓഫിസർ എൻ.സൂരജ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.സഞ്ചാരികൾക്ക് താമസിക്കാനുള്ള ടെന്റുകൾ ഉൾപ്പെടെ വൈകാതെ സ്ഥാപിക്കും. ഇവിടെയെത്തുന്നവർക്ക് ഫാമിലെ ഉൽപന്നങ്ങളായ കരിക്ക്, കശുമാങ്ങ ജൂസ് എന്നിവ കുടിച്ച് ക്ഷീണം മാറ്റുകയും ചെയ്യാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

