
ബങ്കളം∙ ‘എംഎൽഎ ആയതിനാൽ കെഎസ്ആർടിസി ബസ് യാത്രയ്ക്ക് സൗജന്യ പാസ് ലഭിക്കുമല്ലോ. അത് കൊണ്ട് മാത്രമാണ് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എനിക്ക് കഴിയുന്നത്.’ 10 വർഷം ഹൊസ്ദുർഗിന്റെ എംഎൽഎ ആയിരുന്ന ഇന്നലെ അന്തരിച്ച എം.
നാരായണൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിവ. ഇക്കാര്യം തുറന്ന് പറയാൻ പോലും നാരായണനെ പ്രേരിപ്പിച്ചത് ജീവിതദുരിതം തന്നെയായിരുന്നു. എംഎൽഎ പെൻഷൻ മാത്രമായിരുന്നു അവസാന കാലത്ത് ഏക വരുമാനം. എംഎൽഎ ആയിരുന്ന കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
പരിപാടികളിൽ പങ്കെടുക്കാൻ ആളുകൾ വിളിക്കും.
കയ്യിൽ പണവുമില്ല, സഞ്ചരിക്കാൻ കാറുമില്ല. ഇതു കാരണം മണ്ഡലത്തിലെ പല പരിപാടികളിലും നാരായണന് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല.
റോഡിൽ നിന്ന് കിട്ടുന്ന വാഹനങ്ങളിൽ കയറി ഉദ്ഘാടനത്തിനെത്തും. ലോറിയിൽ കയറി വരെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കാര്യം നാരായണൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
നിസ്വാർഥമായ പൊതുപ്രവർത്തനം അതായിരുന്നു നാരായണന്റെ ശൈലി.
വീടിന്റെ പണമടച്ച അജ്ഞാതൻ ആര്?
വീട് നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ബാധ്യത ബാങ്കിൽ വലിയ തുകയായി മാറിയതോടെ നിസ്സഹായനായി നിന്ന നാരായണന്റെ അവസ്ഥ മനോരമ റിപ്പോർട്ട് ചെയ്തപ്പോൾ ബാങ്കിലെ കടബാധ്യത മുഴുവൻ അടച്ചുതീർത്തത് അജ്ഞാതനായ ഒരാൾ. പണം അടച്ചതിന്റെ രസീതും അയച്ച് കൊടുത്തു.
തന്റെ ബാധ്യത തീർത്ത വ്യക്തിയെ കണ്ടെത്താൻ അദ്ദേഹം ഒരുപാട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.മലയാള മനോരമയിലൂടെ നാരായണന്റെ ജീവിതമറിഞ്ഞ അജ്ഞാതൻ നേരിട്ട് ബാങ്കിൽ ബന്ധപ്പെട്ടു സഹായവാഗ്ദാനം അറിയിക്കുകയായിരുന്നു.
ഇതിനു പുറമേ നിയമസഭയിലെ പഴയ സഹപ്രവർത്തകരും സുഹൃത്തുക്കളും അടക്കം സഹായവുമായി എത്തി.2004ൽ ഗ്രാമീൺബാങ്കിന്റെ നീലേശ്വരം ശാഖയിൽ നിന്ന് എടുത്ത വായ്പയാണ് കുടിശികയായത്. ഒരാഴ്ചയ്ക്കുള്ളിൽ 1,85,216 രൂപ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്കു പോകുമെന്ന് അറിയിച്ച് ബാങ്ക് അധികൃതർ നാരായണന്റെ വീട്ടിൽ നോട്ടിസ് പതിക്കുകയായിരുന്നു.
രാഷ്ട്രീയക്കാരനാണോ എങ്കിൽ, ആഡംബരം കൂട്ടിനുണ്ടാകുമെന്നു കരുതുന്നവർ അറിയാതെ പോയതാണ് നാരായണന്റെ ജീവിതം.
2001ൽ എംഎൽഎ പദവി ഒഴിയുമ്പോൾ നാരായണന്റെ നീക്കിയിരിപ്പു രണ്ടുലക്ഷത്തോളം രൂപയുടെ കടബാധ്യത മാത്രം. കടം വീട്ടാൻ സ്വന്തം പേരിൽ ഉണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു. ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പിന്നീടു കെട്ടിയ വീട്ടിലാണ് ജപ്തി നോട്ടിസ് പതിഞ്ഞത്.
ഹൃദ്രോഗ ചികിത്സ; സഹായിച്ച് മമ്മൂട്ടിയും
‘ആരോടാണു പണത്തിനു വേണ്ടി കൈ നീട്ടേണ്ടത്.
ഒരു വഴിയും മുന്നിലില്ല’ – കണ്ണീരണിഞ്ഞാണ് മുൻ എംഎൽഎ നാരായണൻ ഇതു പറഞ്ഞത്. ഹൃദ്രോഗം ബാധിച്ചപ്പോൾ ഹൃദയ വാൽവ് മാറ്റിവയ്ക്കാൻ പണമില്ലാതെ അദ്ദേഹം നിസ്സഹായനായി.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ 5 ലക്ഷം രൂപ ആദ്യം കെട്ടിവയ്ക്കണം. മുൻ എംഎൽഎ എന്ന നിലയിൽ സർക്കാരിൽനിന്ന് ഈ തുക പിന്നീടു നാരായണനു കിട്ടുമെങ്കിലും അതിനു ചികിത്സ കഴിഞ്ഞു രേഖകൾ നൽകണം. ഈ സാഹചര്യത്തിൽ ഉദാരമതികളുടെ കനിവു തേടുകയായിരുന്നു നാരായണൻ.
മനോരമ വാർത്തയെ തുടർന്ന് ഹൃദയ ശസ്ത്രക്രിയക്ക് സഹായഹസ്തമേകി നടൻ മമ്മൂട്ടിയും മുന്നോട്ട് വന്നു.
മുൻ എംഎൽഎ ജില്ലാ പഞ്ചായത്തിൽ
രണ്ടു തവണ എംഎൽഎ ആയാൽ ‘സീനിയറാകുന്ന’ രാഷ്ട്രീയ നേതാക്കൾ പിന്നീട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർഥിയാവാൻ തയാറാവുമോ? മുൻ എംഎൽഎയെന്ന വിലാസം മാറ്റിവച്ച് പാർട്ടി നിർദേശം ശിരസ്സാവഹിച്ച് സാധാരണ പ്രവർത്തകനായി ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചു ജയിച്ച ചരിത്രമുണ്ട് എം.നാരായണന്.സിപിഐ നേതൃത്വത്തിന്റെ നിർദേശപ്രകാരം തപാൽ വകുപ്പിലെ ജോലി രാജിവച്ചാണ് 1991ൽ ഹൊസ്ദുർഗ് സംവരണ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കുള്ള കന്നി അങ്കത്തിനിറങ്ങിയത്.
കോൺഗ്രസിലെ കൊട്ടറ വാസുദേവനെതിരെ 6678 വോട്ടുകൾക്കായിരുന്നു വിജയം. 1996 ലെ രണ്ടാമങ്കത്തിൽ കോൺഗ്രസിലെ പി.കൃഷ്ണനെ 11,809 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോൽപിച്ചത്.എംഎൽഎ കാലാവധി കഴിഞ്ഞു പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി.
പിന്നീട് 14 വർഷത്തിനു ശേഷം 2015ൽ ജില്ലാ പഞ്ചായത്തിൽ ബേഡകം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയിലെ എം.നാരായണൻ ജനവിധി തേടി. 6000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചാണ് ജില്ലാ പഞ്ചായത്തിലെത്തിയത്.
എംഎൽഎ സഹോദരങ്ങൾ
മാവുവളപ്പിൽ ചന്തനും വെള്ളച്ചിക്കും 9 മക്കളാണ്.
ഇവരിൽ രണ്ടു പേർ എംഎൽഎമാരായി. മൂന്നാമത്തെ മകനായ എം.നാരായണനും ഏഴാമത്തെ മകനായ എം.കുമാരനും. 1991 മുതൽ 2001 വരെ എം.നാരായണനും 2001 മുതൽ 2006 വരെ എം.കുമാരനും ഹൊസ്ദുർഗിന്റെ ജനപ്രതിനിധിയായി.
ജനകീയ എംഎൽഎ
കാഞ്ഞങ്ങാട് ∙ ‘ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട
ജനകീയ എംഎൽഎ’. അന്തരിച്ച മുൻ ഹൊസ്ദുർഗ് എംഎൽഎ എം.നാരായണനെ ഒറ്റ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
എംഎൽഎയായിരുന്ന കാലത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ എംഎൽഎ ക്വാട്ടേഴ്സിൽ മുൻപിൽ ദിവസവും നൂറുകണക്കിന് ആളുകളെ കാണുമായിരുന്നു. എംഎൽഎമാർക്ക് പഴ്സനൽ സ്റ്റാഫുകൾ ഇല്ലാതിരുന്ന അക്കാലത്ത് നാടിന്റെ ജനകീയ പ്രശ്നങ്ങൾ കണ്ടറിയാനും പരിഹാരം കാണാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പടന്നക്കാട് കാർഷിക കോളജ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ എത്തിക്കുന്നതിൽ അടക്കം അദ്ദേഹത്തിന്റെ പരിശ്രമം ഉണ്ടായിരുന്നു.ചെറുവത്തൂർ, നീലേശ്വരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പഴയ ഹൊസ്ദുർഗ് മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിടാൻ യത്നിച്ചു.മടിക്കൈയിലെ നാരായണൻ നായർ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് അദ്ദേഹം നടത്തിയ നിരാഹാര സമരം സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാന്തോപ്പിൽ നടത്തിയ നിരാഹാര സമരവും ചർച്ച ചെയ്യപ്പെട്ടു. 1987ൽ കോൺഗ്രസിന്റെ എൻ.മനോഹരൻ മാസ്റ്റർ ഹൊസ്ദുർഗ് മണ്ഡലത്തിൽ വിജയിച്ച ശേഷം പിന്നീട് 91ൽ എം.നാരായണനിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഹൊസ്ദുർഗ് മണ്ഡലം പിടിച്ചെടുത്തത്.
നേതാക്കൾ അനുശോചിച്ചു
എം.നാരായണന്റെ നിര്യാണത്തിൽ വിവിധ നേതാക്കൾ അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎ, പന്ന്യൻ രവീന്ദ്രൻ, സി.പി.മുരളി, കാസർകോട് ജില്ലാ സെക്രട്ടറി സി.പി.ബാബു, ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ, ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിപിഐ ജില്ലാ കൗൺസിൽ എന്നിവർ അനുശോചിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]