കാസർകോട്∙ ജില്ലയിൽ ഇന്ന് റെഡ് അലർട്ട്. 24 മണിക്കൂറിൽ പരമാവധി 204.4 മില്ലിമീറ്ററിൽ കൂടുതൽ (അതിതീവ്ര) മഴ ലഭിക്കുമെന്നാണു കരുതുന്നത്.
75 ശതമാനം വരെയാണ് ഇത്ര മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നത്. നാളെയും മറ്റന്നാളും യെലോ അലർട്ടാണ്.
ഒറ്റപ്പെട്ട ഇടങ്ങളിൽ 64.5 മുതൽ 115.5 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടായേക്കാം. അതു മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം.
നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.
അതീവ ജാഗ്രത പാലിക്കണം.ശ്രദ്ധിക്കാം
∙ ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥലത്തേക്കു മാറിത്താമസിക്കേണ്ടതാണ്. പകൽ സമയത്തു തന്നെ മാറിത്താമസിക്കാൻ ആളുകൾ തയാറാകണം.
∙ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി ക്യാംപുകളിലേക്കു മാറണം.
∙ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറിത്താമസിക്കുക.
∙ സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.
∙ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. ∙ മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക.
വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കുക.
∙ ജലാശയങ്ങളോടു ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും പ്രത്യേക ജാഗ്രത പാലിക്കുക.
അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. ∙ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കണം.
∙ വൈദ്യുതി ലൈനുകൾ പൊട്ടി വീണ് അപകടങ്ങൾക്കു സാധ്യതയുണ്ട്. ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിനു മുൻപ് വൈദ്യുതി അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കണം.വൈദ്യുതി ലൈനുകളുടെ അപകടസാധ്യത ശ്രദ്ധയിൽപെട്ടാൽ 1912 എന്ന നമ്പറിൽ കെഎസ്ഇബിയെ അറിയിക്കുക.
∙ സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]