കാസർകോട് ∙ ബങ്കളത്തെ പി.മാളവിക ദേശീയ വനിതാ ഫുട്ബോൾ ടീമിലെത്തിയതായിരുന്നു കഴിഞ്ഞ വർഷം ജില്ലയ്ക്കു ലഭിച്ച ഏറ്റവും വലിയ ‘പോസിറ്റീവ്’ വാർത്ത. അതേ വർഷം തന്നെയാണ് പല ഇനങ്ങളിലും താരങ്ങൾ പരിശീലിക്കുന്നതിനായി ട്രെയിനും ബസും പിടിച്ചു നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം വരെ എത്തേണ്ടി വരുന്നതും വാർത്തയായത്.
ഇതു മതിയോ കാസർകോടിന് എന്നാണ് കായികപ്രേമികളുടെ ചോദ്യം. അടിസ്ഥാന വികസനം പോലും പൂർത്തിയാകാത്ത ഒട്ടേറെ മൈതാനങ്ങളുണ്ട് ജില്ലയിൽ.
ഭരണാധികാരികൾ മനസ്സുവച്ചാൽ പ്രതീക്ഷകളുടെ സിക്സറുകളും സിസർ കട്ടുകളും പായിക്കാൻ കെൽപുള്ള താരങ്ങൾക്കു പരിശീലിക്കാൻ മൈതാനങ്ങൾ കിട്ടും.
മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം വിവാദത്തിന്റെ ക്രീസിൽത്തന്നെ
∙ മാന്യ മുണ്ടോട്ടെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൻകിട മത്സരങ്ങൾ എത്തുന്നതിനായി കാത്തിരിക്കുകയാണു കാസർകോട്.
കഴിഞ്ഞ വർഷമാണ് കേരളത്തിന്റെ അണ്ടർ 18 ക്രിക്കറ്റ് ടീം മാന്യ മുണ്ടോട്ട് കെസിഎ സ്റ്റേഡിയത്തിൽ പരിശീലനത്തിനായി എത്തിയത്. അന്ന് നാട് കരുതി, എല്ലാം ശരിയായ വഴിക്കാണെന്ന്.
പ്രതീക്ഷയുടെ ക്രീസ് തുറന്നു തന്നെയുണ്ട്. എന്നാൽ, നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നു മാത്രം.
2015 ഏപ്രിൽ 24ന് തറക്കല്ലിട്ട സ്റ്റേഡിയം ഇതുവരെ പൂർണ രൂപത്തിൽ പ്രവർത്തന സജ്ജമായിട്ടില്ല.
ബദിയടുക്ക പഞ്ചായത്തിൽ മുണ്ടോട്ട് 4 കോടിയോളം രൂപയ്ക്ക് വാങ്ങിയ 8.26 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമാണം തുടങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ നടത്താനുള്ള സജീകരണങ്ങളുമായാണ് സ്റ്റേഡിയം രൂപകൽപന ചെയ്തത്.
സ്ഥിരം ഗാലറി അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട സ്ഥലം ഇല്ലാത്തതിനാൽ രാജ്യാന്തര മത്സരങ്ങൾ നടത്താൻ സാധിക്കില്ല.
എന്നാൽ, ഫസ്റ്റ് ക്ലാസ് മത്സരം നടത്താനുള്ള സൗകര്യം പോലും നിലവിലില്ല. സ്ഥലം കയ്യേറിയെന്നും തോട് നികത്തിയെന്നുമൊക്കെ പരാതി ഉയർന്നതോടെ സ്റ്റേഡിയം വിവാദത്തിലായി, നിർമാണം മുടങ്ങി.
കേസ് കോടതിയിൽ; വിവാദം വിടുന്നില്ല
∙ 2 കയ്യേറ്റ പരാതികളാണ് സ്റ്റേഡിയത്തിനെതിരെ ഉള്ളത്.
ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്ന 8.26 ഏക്കറിൽ 1.09 ഏക്കർ സ്ഥലം മറാഠി വിഭാഗക്കാരായ പട്ടികവർഗ കുടുംബങ്ങൾക്കു സർക്കാർ പതിച്ചു കൊടുത്ത ഭൂമിയാണെന്ന് ആദ്യം പരാതി ഉയർന്നു. പരാതി കോടതിയിലെത്തിയതോടെ ക്രിക്കറ്റ് അസോസിയേഷനും സ്ഥലം തങ്ങളുടേതാണെന്ന് വാദിച്ച് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി.
പിന്നീട് ഈ സ്ഥലത്തെ തോട് കയ്യേറിയെന്ന മറ്റൊരു പരാതി എത്തി.
2 കയ്യേറ്റവും ശരിവച്ചാണ് റവന്യു വകുപ്പ് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയത്. 2013 ഒക്ടോബറിൽ സ്ഥലത്തെ വില്ല ഗ്രൂപ്പിൽ നിന്നാണ് 8.26 ഏക്കർ സ്ഥലം സെന്റിനു 54,000 രൂപ നിശ്ചയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ വാങ്ങിയത്.
ആ സമയത്ത് കൃത്യമായ രേഖകൾ ലഭ്യമാക്കിയിരുന്നെന്നും അസോസിയേഷൻ അധികൃതർ മുൻപേ വ്യക്തമാക്കിയിരുന്നു.
നടന്നാൽ ഗുണം കാസർകോടിന്
∙ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നടക്കുന്ന രീതിയിലേക്ക് സ്റ്റേഡിയം മാറ്റിയെടുത്താലേ കായിക രംഗത്തെ വികസനത്തിൽ കാര്യമായ പങ്കുവഹിക്കാൻ മാന്യയിലെ കെസിഎ സ്റ്റേഡിയത്തിനു സാധിക്കൂ. അങ്ങനെ വന്നാൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് കാസർകോട് വേദിയാകും.
പക്ഷേ ഇതൊക്കെ സാധ്യമാകണമെങ്കിൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കേണ്ടതുണ്ട്. നിലവിൽ ജില്ലാതല ടൂർണമെന്റുകൾ ഇവിടെ നടക്കുന്നുണ്ട്. ഇപ്പോൾ വിവിധ ജില്ലാ ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 19 നോർത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നുണ്ട്.
ഒപ്പം, ജില്ലാതല ക്രിക്കറ്റ് കോച്ചിങ് സെന്ററും തുടങ്ങിയിട്ടുണ്ട്. അൻപതോളം കുട്ടികളുള്ള സെന്ററിലെ പരിശീലകൻ ബിസിസിഐ ലെവൽ 2 കോച്ചായ തലശ്ശേരി സ്വദേശി എസ്.കെ.സാലിം ആണ്.
സർക്കാർതല ചർച്ച തുടരുന്നു
∙ സ്ഥലം കയ്യേറ്റമെന്നു തെളിഞ്ഞാൽ പാട്ടത്തിനെടുക്കാൻ സന്നദ്ധമാണെന്നു കാട്ടി ക്രിക്കറ്റ് അസോസിയേഷൻ സർക്കാരിനു കത്ത് നൽകിയിട്ടുണ്ടെങ്കിലും തീരുമാനം ആയിട്ടില്ല. സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകുകയാണ്.
നിലവിൽ, പാട്ടത്തിനെടുക്കാമെന്ന വാഗ്ദാനവും പകരം ഭൂമി വാങ്ങി സർക്കാരിനു നൽകാമെന്ന വാഗ്ദാനവുമാണുള്ളത്. പഞ്ചായത്ത് അധികാരികൾ ഇതേ റിപ്പോർട്ടാണ് സർക്കാരിനു നൽകിയത്. ഇക്കാര്യത്തിൽ നിയമോപദേശം തേടി ഫയൽ ലീഗൽ ഡിപാർട്ട്മെന്റിനു സർക്കാർ കൈമാറിയിട്ടുണ്ട്.
പ്രശ്നങ്ങളെല്ലാം തീർക്കാനുള്ള ശ്രമത്തിലാണ് കെസിഎ.
ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ട്. സർക്കാർ ഈ വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്.
ഇതു ലഭിച്ചാലുടൻ അടുത്തഘട്ടം ചർച്ചകൾ ആരംഭിക്കാം. പ്രശ്നങ്ങൾ ഒതുങ്ങിക്കഴിഞ്ഞാലേ രണ്ടാം ഘട്ടം നിർമാണം ആരംഭിക്കാൻ സാധിക്കൂ.
പവിലിയനടക്കമുള്ളവ ആ ഘട്ടത്തിൽ നിർമിക്കാം. എല്ലാ ജില്ലകളിലും സ്വന്തമായി സ്റ്റേഡിയം നിർമിക്കുക എന്നതാണ് കെസിഎയുടെ ലക്ഷ്യം.
ശ്രീജിത്ത് വി.നായർ, കെസിഎ പ്രസിഡന്റ്
അവരുടെ ഉപദേശം ലഭിച്ചശേഷം അടുത്തഘട്ട
ചർച്ചകൾ ആരംഭിക്കുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു. സ്ഥലത്തെ തോട് മണ്ണിട്ടു നികത്തിയെന്ന പരാതി നിലനിൽക്കുന്നതിനാൽ പവിലിയൻ നിർമാണത്തിനു ബദിയടുക്ക പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. സർക്കാർ, കോടതി തീരുമാനം വന്നാലേ പഞ്ചായത്തും നടപടിയെടുക്കൂ. നിലവിൽ, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്താത്ത തരത്തിൽ തോട് അൽപം കൂടി തെക്കു ഭാഗത്തേക്കു മാറ്റി ക്രിക്കറ്റ് മൈതാനത്തിനു പുറത്തുകൂടി ഭൂഗർഭ രീതിയിൽ ഒരു ടണൽ നിർമിച്ചു വെള്ളം ഒഴുകിപ്പോകുന്നതിനു സൗകര്യം ചെയ്തിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

