രാജപുരം∙ 80 അടിയോളം ഉയരമുള്ള തെങ്ങിൽ ബോധം നഷ്ടപ്പെട്ട് തലകീഴായി തൂങ്ങിക്കിടക്കുന്ന തെങ്ങുകയറ്റ തൊഴിലാളി ബാബു. തേങ്ങ പറിക്കാനായി തൊട്ടടുത്ത തെങ്ങിൽ കയറിയ സുഹൃത്ത് ശശി ആ കാഴ്ച കണ്ട് അതിവേഗം നടത്തിയ ഇടപെടലിൽ രക്ഷയായത് ഒരു ജീവൻ.കള്ളാർ പെരിങ്കയയിലെ തെങ്ങുകയറ്റ തൊഴിലാളികളാണ് ശശി മൊളവിന്നൂരും പി.ബാബുവും.
പതിവുപോലെ ഇരുവരും ഒന്നിച്ചാണ് കഴിഞ്ഞ 30ന് രാവിലെ 8ന് ജോലി സ്ഥലമായ കപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജോലി തുടങ്ങി 9.15 ആകാറായപ്പോഴാണ് താഴെ തേങ്ങ പെറുക്കുന്നവരുടെ നിലവിളി ശശി കേട്ടത്.
സാധാരണ തെങ്ങിൻ മുകളിൽ ഉടുമ്പുകൾ ഉണ്ടാകാറുണ്ട്. അതിനെ കണ്ട് ബാബു ഒച്ച വച്ചതാണെന്നാണ് ആദ്യം കരുതിയത്.
പക്ഷേ നിലവിളി തുടർന്നതോടെ ശശി തെങ്ങിൽ നിന്നു വേഗമിറങ്ങി.
തൊട്ടടുത്ത തെങ്ങിന്റെ മുകളിൽ ബാബു തലകീഴായി തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. പെട്ടെന്നുതന്നെ ബാബു കയറിയ തെങ്ങിലേക്ക് ശശി കുതിച്ചുകയറി.
നല്ല ഉയരമുള്ള തെങ്ങിന്റെ ഏറ്റവും മുകളിലായിരുന്നു ബാബു. ബോധം നഷ്ടപ്പെട്ട
ബാബുവിന്റെ കാലുകൾ യന്ത്രത്തിൽ കുരുങ്ങിക്കിടന്നതിനാൽ ഭാഗ്യത്തിന് താഴെ വീണില്ല. ഉടനെ കയ്യിൽ കരുതിയിരുന്ന കയറെടുത്ത് ബാബുവിന്റെ അരഭാഗം ചേർത്ത് തെങ്ങിൽ കെട്ടിനിർത്തി.
പിന്നീട് കാലുകൾ യന്ത്രത്തിൽ നിന്ന് വേർപെടുത്തി കാലുകളും തെങ്ങിൽ കെട്ടി.
ഇതിനിടയിൽ താഴയുള്ളവർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചിരുന്നു. തലച്ചോറിലേക്കുള്ള അമിത രക്ത പ്രവാഹം തടയാൻ ശശി തെങ്ങിൽ നിന്നുകൊണ്ട് തന്നെ ബാബുവിന്റെ തല ഉയർത്തിപ്പിടിച്ച് നിൽക്കുകയായിരുന്നു.
ഇതിനിടെ ബാബുവിന് ബോധം വന്നു.
വേദന തോന്നി കാലിലെ കെട്ടഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അപകടമുണ്ടാകും എന്നതിനാൽ ചെയ്തില്ല. അഗ്നിരക്ഷാ സേന എത്തിയാണ് ബാബുവിനെ താഴെയിറക്കിയത്.
തനിക്ക് ഇടയ്ക്ക് തലകറക്കം ഉണ്ടാകാറുള്ളതായി ബാബു പറഞ്ഞു. പക്ഷേ തെങ്ങ് കയറ്റത്തിനിടെ ആദ്യമാണ് ഇങ്ങനെ ഒരു സംഭവം. ഇനിയൊരപകടം മുന്നിൽ കണ്ട് തെങ്ങ് കയറ്റം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് ബാബു.
സഹപ്രവർത്തകന്റെ ജീവൻ രക്ഷിച്ച ശശി മൊളവിന്നൂരിനെ ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’, സേവാ ഭാരതി സംഘടനകളും പ്രദേശത്തെ ക്ലബ് പ്രവർത്തകരും വീട്ടിലെത്തി ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]