കാസർകോട് ∙ മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ട്, വലിയ തുക ചെലവാക്കിയ വിദ്യാർഥികളാണ് മെഡിക്കൽ പഠനം പൂർത്തിയാക്കാൻ ഇറാനിലേക്ക് മടങ്ങിപ്പോകാനാകാതെ ബുദ്ധിമുട്ടിലായത്. 35 ലക്ഷത്തിലേറെ രൂപ മുടക്കിയെത്തി, രണ്ടാം സെമസ്റ്റർ പൂർത്തിയാകുമ്പോഴേക്കും രണ്ടാം തവണയാണ് യുദ്ധഭീതി കാരണം നാട്ടിലേക്ക് മടങ്ങേണ്ടി വന്നതെന്ന് ഇറാനിലെ കെർമൻ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയായ പെൺകുട്ടികളിലൊരാൾ പറഞ്ഞു.
കേരളത്തിൽ നിന്ന് 13 വിദ്യാർഥികളാണ് കെർമൻ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥികളായുള്ളത്.
സംഘർഷസാധ്യതാ മുന്നറിയിപ്പ് ലഭിച്ചപ്പോൾതന്നെ, ജനുവരി 22ന് ഇവരെല്ലാം നാട്ടിലേക്കു മടങ്ങി. 8 മാസം മുൻപും സമാന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു.
കാസർകോട് വിദ്യാനഗർ പ്രിൻസ് കോംപൗണ്ടിലെ ഫാത്തിമ ഫിദ ഷിറിൻ അബ്ദുൽ ഹക്കീം, കാസർകോട് ആലംപാടി നസ്ര ഫാത്തിമ, കോഴിക്കോട് ഉള്ളിയേരിയിലെ രന ഫാത്തിമ, മലപ്പുറം മഞ്ചേരിയിലെ വി.ജിംഷ, മലപ്പുറം കോട്ടയ്ക്കലിലെ ഫർസാന മാചിൻചേരി, പറവൂർ സി.എ.മുഹമ്മദ് ഷഹബാസ് തുടങ്ങിയവരാണ് മടങ്ങിയെത്തിയത്.
സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടില്ല. പക്ഷേ, പുറത്തിറങ്ങുന്നതിനു നിയന്ത്രണം നിലവിൽ വന്നു.
കയ്യിൽ പണം ഇല്ലാത്ത സ്ഥിതിയുമായി. ബസിൽ 6 മണിക്കൂർ യാത്ര ചെയ്താണ് ഷിരാസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
അവിടെനിന്ന് മസ്കത്ത് വഴി കോഴിക്കോട്ടെത്തി. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തതിനാൽ കോളജുമായി ബന്ധപ്പെടാനാകുന്നില്ല.
ഇതിനിടെ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥികളുടെ കോഓർഡിനേറ്ററും നാലാം സെമസ്റ്റർ വിദ്യാർഥിയുമായ ചെന്നൈ സ്വദേശി ശ്രീറാമിനെ ചിലർക്ക് ഇതിനിടെ ഫോണിൽ കിട്ടിയിരുന്നു. അവിടെ പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു ശ്രീരാമിന്റെ മറുപടി.
5 വർഷത്തിനിടയിലാണ് ഇറാനിലേക്ക് മലയാളി വിദ്യാർഥികൾ മെഡിക്കൽ പഠനത്തിനായി പോകുന്ന ട്രെൻഡ് വർധിച്ചത്.
കെർമൻ യൂണിവേഴ്സിറ്റിയിൽ കേരളം, തമിഴ്നാട്, ന്യൂഡൽഹി, കശ്മീർ, ആന്ധ്ര, യു പി സംസ്ഥാനങ്ങളിലെയും പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ, സുഡാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെയും വിദ്യാർഥികളുണ്ട്. മലയാളികൾ മടങ്ങിയെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ അവിടെ തുടരുകയാണ്.
ഏതാനും വിമാനസർവീസുകൾ പുനരാരംഭിച്ചതോടെ തിരികെപ്പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. ഭാവിയെ ബാധിക്കാതിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

