കാസർകോട് ∙ കാസർകോട് ബദിയടുക്ക ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് കോഴ്സ് ഈ മാസം ആരംഭിക്കുന്നതിന് അനുമതിയായെങ്കിലും നാട്ടുകാർക്ക് ഇതിന്റെ പൂർണ പ്രയോജനം ലഭിക്കുക ഹോസ്പിറ്റൽ കെട്ടിടത്തിന്റെ പണി തീർത്ത് കിടത്തിച്ചികിത്സ പൂർണമായി ആരംഭിച്ചാൽ മാത്രം.
എംബിബിഎസ് ബാച്ച് ഈ മാസം തന്നെ പ്രവേശനം നടത്തുമെന്നതിനാൽ നിലവിലുള്ള സാഹചര്യത്തിൽ ഒന്നര വർഷത്തിനകം ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോഴ്സിന്റെ ഭാഗമായി കൂടുതൽ സ്പെഷ്യൽറ്റി വിഭാഗങ്ങളും ഡോക്ടർമാരും എത്തുന്നതോടെ ജില്ലയിലെ രോഗികൾക്ക് ആശ്വാസമാകും.
4 ബ്ലോക്ക്, 500 കിടക്കകൾ
4 ബ്ലോക്കുകളിലായി 500 കിടക്കകളുള്ള മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം പണി പൂർത്തിയായാൽ ഓപ്പറേഷൻ തിയറ്റർ, അത്യാഹിത വിഭാഗം, വിവിധ ചികിത്സാ വിഭാഗം എന്നിങ്ങനെ സൗകര്യങ്ങളാണ് ഉണ്ടാവുക.
50 കോടിയോളം രൂപയാണ് ആശുപത്രി ബ്ലോക്കിനു വേണ്ടി ഇതിനകം ചെലവിട്ടത്.കെട്ടിടങ്ങളുടെ സിവിൽ വർക്ക് 57 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പടിപടിയായി 4 ബ്ലോക്കിന്റെയും പണി തീർക്കുകയാണ് ലക്ഷ്യം.
കിഫ്ബി സഹായത്തോടെയുള്ള 56 കോടി രൂപയുടെ രണ്ടാം ഘട്ടം നിർമാണം കിറ്റ്കോ വഴിയാണ് ചെയ്യുന്നത്.
6 മാസത്തിനകം ഒരു ബ്ലോക്കിന്റെ പണി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്കൽ ഉൾപ്പെടെ 25 കോടി രൂപയുടെ പ്രവൃത്തികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി മുഖേനയാണ് ചെയ്യുന്നത്.
സിവിൽ ജോലികളുടെ ഒപ്പം ഇതും പൂർത്തിയാകും.
പുതിയ കരാറുകാരൻ
മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി നിലച്ചതിനാൽ പുതിയ ടെൻഡർ നടപടിക്ക് ശേഷം കരാറുകാരനെ കണ്ടെത്തണം. കിറ്റ്കോയ്ക്കാണ് ഇതിന്റെ ചുമതല.
നിലവിലെ കരാറുകാരന് നൽകാനുള്ള 3 കോടിയോളം രൂപ നൽകി പകരം പുതിയ കരാറുകാരനെ കണ്ടെത്തി ഹോസ്പിറ്റൽ ബ്ലോക്ക് പണി പുനരാരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം.
എംബിബിഎസ് കോഴ്സിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇവ വേണം 99 ഫാക്കൽറ്റി ഡോക്ടർമാർ
ആദ്യ ബാച്ച് എംബിബിഎസ് കോഴ്സിന് 50 വിദ്യാർഥികൾക്കാണ് പ്രവേശനം. ഇത്രയും വിദ്യാർഥികൾക്ക് 99 ഫാക്കൽറ്റി എന്ന നിലയിലാണ് മെഡിക്കൽ കോളജ് അധ്യാപക നിയമനം.
നേരത്തേ ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധനയുടെ ഭാഗമായി 44 ഡോക്ടർമാരെ മറ്റു മെഡിക്കൽ കോളജുകളിൽ നിന്ന് ഇവിടേക്ക് സ്ഥലം മാറ്റി നിയമിച്ചിരുന്നു. ഇവർ തിരിച്ചു പോകാനാണ് സാധ്യത.
.മെഡിക്കൽ കോളജ് തുടങ്ങിയാൽ പുതിയ തസ്തിക സൃഷ്ടിച്ച് ഡോക്ടർമാരെ നിയമിക്കാനാവും
ഗേൾസ് ഹോസ്റ്റൽ, അധ്യാപക ക്വാർട്ടേഴ്സ്
100 വിദ്യാർഥികൾക്കുള്ള താമസ സൗകര്യത്തിന് നാലു നില ഹോസ്റ്റൽ കെട്ടിടവും അധ്യാപകർക്കുള്ള 9 നില ഫ്ലാറ്റും നിർമാണം നടന്നു വരുന്നു. 29 കോടിയോളം രൂപയാണ് പദ്ധതി തുക. ഹോസ്റ്റലിന്റെ ഇലക്ട്രികൽ, ഫർണിച്ചർ പ്രവൃത്തികളും ബാക്കിയുള്ളത്. 3 മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും.
ആൺകുട്ടികളുടെ ഹോസ്റ്റൽ
ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. എംബിബിഎസിന് 50 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചാൽ 35% പെൺകുട്ടികളായിരിക്കുമെന്നാണ് കരുതുന്നത്.
ബാക്കി വരുന്ന ആൺകുട്ടികൾ ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ പ്രവൃത്തി തുടങ്ങാത്തതിനാൽ കോളജിന് പുറത്ത് താമസിക്കേണ്ടി വരും.
ലാബുകൾ
മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിലാണ് ലാബുകൾ സജീകരിക്കേണ്ടത്.. ഈ കെട്ടിടത്തിൽ കാസർകോട് ഗവ.നഴ്സിങ് കോളജ് പ്രവർത്തിക്കുന്നു.
ബസ് സൗകര്യം
മെഡിക്കൽ കോളജുള്ള ഉക്കിനടുക്കയിൽ നിന്ന് 28 കിലോമീറ്റർ ദൂരമുണ്ട് ടീച്ചിങ് ആശുപത്രിയായ ജനറൽ ആശുപത്രിയിലേക്ക്..
പ്രാക്ടിക്കൽ ക്ലാസുകളുടെ ആവശ്യത്തിന് ഗവ.ജനറൽ ആശുപത്രിയിലേക്ക് വരേണ്ട സാഹചര്യത്തിൽ ഇതിനുള്ള ബസ് സൗകര്യം ഏർപ്പെടുത്തേണ്ടി വരും.
ഇപ്പോൾ ഉക്കിനടുക്കയിലെ മെഡിക്കൽ കോളജ് ക്യാംപസിനകത്തെ ഗവ.നഴ്സിങ് കോളജ് വിദ്യാർഥികളും പ്രാക്ടിക്കലിന് കാസർകോട് ജനറൽ ആസുപത്രിയിലേക്കാണ് പോകുന്നത്. ഇതിനായി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നഴ്സിങ് കോളജ്
അക്കാദമിക് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഗവ.
നഴ്സിങ് കോളജിൽ ഒരു ബാച്ചിൽ 60 വിദ്യാർഥികളാണുള്ളത്. നിലവിലെ 2 ബാച്ചിനു പുറമെ പുതിയ ബാച്ച് കൂടി എത്തുമ്പോൾ 180 വിദ്യാർഥികളാവും. ഇവരെ പുതിയ നഴ്സിങ് കോളജ് കെട്ടിടം പൂർത്തിയാക്കി അവിടേക്കു മാറ്റണം.
നഴ്സിങ് കോളജിന് 3 ഏക്കർ സ്ഥലം നൽകി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]