ചെറുവത്തൂർ∙ ഓണത്തിന്റെ തിരക്കിൽ അലിഞ്ഞ് നഗരങ്ങൾ. പൂക്കളുടെ വിലയിലും വലിയ വർധന.
കിലോഗ്രാമിന് 600 രൂപ വരെ വില ഈടാക്കുന്ന പൂക്കൾ വരെ വിപണിയിൽ. ചെണ്ട് മല്ലിക പൂവിന് വില കിലോഗ്രാമിന് 200 രൂപ.
ഇടയ്ക്ക് പെയ്യുന്ന മഴ കച്ചവടക്കാർക്ക് വില്ലനായി മുന്നിൽ വരുന്നുണ്ടെങ്കിലും ഉത്രാട തലേന്നാൾ നൽകിയത് പ്രതീക്ഷയേകിയ കച്ചവടം തന്നെയെന്ന് പൂവിൽപനക്കാർ.
ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കവേ ടൗണുകളിൽ തിരക്കേറുകയാണ്. ചെറുവത്തൂർ, മടക്കര, ഓരിമുക്ക് പോലുള്ള ടൗണുകളിൽ ഇന്നലെ വലിയ തിരിക്കാണ് അനുഭവപ്പെട്ടത്.
ഓണവും നബി ദിനവും ഒരുമിച്ച് വന്നതാണ് തിരക്കേറാൻ പ്രധാന കാരണമായത്.
കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽനിന്ന് എത്തിയ വിവിധ ഇനം പൂക്കളാണ് ഇത്തവണത്തെ താരങ്ങൾ വിവിധ വർണങ്ങളിലുള്ള പൂക്കളാണ് പ്രധാനമായും ഇത്തവണ എത്തിയിരിക്കുന്നത്. വർണത്തിന്റെ വ്യത്യസ്തത അനുസരിച്ചാണ് വില ഈടാക്കുന്നത്. ഇന്ന് ഉത്രാടപ്പാലിച്ചിലിന്റെ തിരക്കിലേക്ക് ഒരുങ്ങി നിൽക്കുകയാണ് നഗരങ്ങൾ.
ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് തുടക്കം
ചെറുവത്തൂർ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.
എം.രാജഗോപാലൻ എംഎൽഎ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷനായി. കലക്ടർ ഇമ്പശേഖരൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, സി.ജെ.സജിത്ത്, പി.പത്മനി, വി.വി രമേശൻ, കെ.ബാലകൃഷ്ണൻ, സി.വി.വിജയരാജ്, എ.കെ ചന്ദ്രൻ, കുര്യാക്കോസ് പ്ലാപറമ്പൻ, പി.പി.ഗോവിന്ദൻ, സുരേഷ് പുതിയേടത്ത്, എ.നസീബ്, ഡിടിപിസി സെക്രട്ടറി ജിജേഷ് എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി ചെറുവത്തൂർ ടൗണിൽ സാംസ്കാരിക ഘോഷയാത്ര നടന്നു. തുടർന്ന് ഇ.ജി.അപർണ ശർമ തിരുവനന്തപുരം അവതരിപ്പിച്ച ഭരതനാട്യവും കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വം നൽകിയ തനതു നാടൻ കലാപരിപാടി ഓണ നിലാവ് – കണ്ണൂർ ഷെറീഫ് & സംഘവും അവതരിപ്പിച്ച സംഗീതനിശ എന്നിവ ആദ്യ ദിനത്തിലെ കലാ പരിപാടിയായി നടന്നു.
ഇന്നു വൈകിട്ട് 5 മുതൽ കൈകൊട്ടിക്കളി, ഒപ്പന, ചാക്യാർക്കൂത്ത്, വലിയ പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സജീവൻ അവതരിപ്പിക്കുന്ന ഗസൽ തേന്മഴ, ഉത്രാട സന്ധ്യ എന്നിവ നടക്കും.
നാളെ വൈകിട്ട് അഞ്ച് മുതൽ പൂരക്കളി, യക്ഷഗാനം, സംഗീത പരിപാടി.
6ന് വൈകിട്ട് മുതൽ ഉടുക്ക് കൊട്ടികളി, മോഹിനിയാട്ടം, ഫ്യൂഷൻ ഡാൻസ്, തോൽ പാവ കൂത്ത്, കുരുക്ഷേത്ര ഡാൻസ് ഫിയസ്റ്റ എന്നിവ നടക്കും. 7ന് 5.30 മുതൽ അലാമിക്കളി, ആട്ടവും പാട്ടും, സിനിമാറ്റിക് ഡാൻസ്, ഇല്ലം മ്യൂസിക് ബാൻഡ് എന്നിവയും അരങ്ങേറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]