തൃക്കരിപ്പൂർ ∙ കേരളത്തിലെ കാവുകളിലും മറ്റും അത്യപൂർവമായി കാണപ്പെടുന്ന ഓരിലത്താമര സസ്യത്തെ നിരീക്ഷിച്ചും തൊട്ടറിഞ്ഞും പഠിച്ചും കുട്ടികളുടെ കൂട്ടം. പുതുമഴയിൽ പൂവോടു കൂടി പ്രത്യക്ഷപ്പെട്ട് വർഷത്തിൽ 6 മാസം മാത്രം ജീവിച്ച് മണ്ണിലേക്ക് മടങ്ങുകയും ചെയ്യുന്ന അപൂർവ സസ്യമാണ് ഒരില മാത്രമുള്ള ഓരിലത്താമര.
ജീവിതചക്രം പൂർത്തിയാക്കി അടുത്ത 6 മാസം മണ്ണിനടിയിൽ കിഴങ്ങിനെ ഭദ്രമായി ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യുന്ന സസ്യത്തിന്റെ ജീവിതചക്രം കുരുന്നുകൾക്ക് കൗതുക കാഴ്ചയായി.
ഇടയിലെക്കാട് കാവിൽ നവോദയ വായനശാല ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ഓരിലത്താമര നിരീക്ഷണമാണ് കുട്ടികളിൽ പുതിയ അറിവിന്റെ പാഠങ്ങൾ പകർന്നു നൽകിയത്. ഓരിലത്താമരയുടെ രണ്ടിനങ്ങൾ ഇടയിലക്കാട് കാവിലുണ്ട്. നെർവീലിയ പ്രൈനിയാന, നെർവീലിയ ഇൻഫുണ്ടി ബൈഫോളിയ എന്നിവയാണ് ഈ ഇനങ്ങൾ.
15 ഏക്കർ വിസ്തൃതിയുള്ള കാവാണിത്. ശരാശരി 5 സെന്റി മീറ്റർ വ്യാസമുള്ള താമര ഇലയോട് സാദൃശ്യമുള്ള ഇലയുള്ള നിലംപറ്റി വളരുന്ന ഒരു തരം നില ഓർക്കിഡ് ആണിത്.
മണ്ണിനടിയിൽ വളരുന്ന മുത്തങ്ങയുടെ വലിപ്പത്തിലുള്ള ചെറിയ തരം കിഴങ്ങിൽ നിന്നാണ് പുതിയ സസ്യങ്ങൾ മഴയുടെ തുടക്കത്തിൽ മുളച്ചു വരിക.
നേർത്ത തണ്ടിന്റെ അറ്റത്ത് കാണപ്പെടുന്ന ഇളം പിങ്ക് നിറത്തിലുള്ള പൂവിന്റെ ആയുസ്സ് ഒരാഴ്ച മാത്രമാണ്. പിന്നീടാണ് സസ്യത്തിന്റെ പ്രധാന ഭാഗമായ ഒരില പ്രത്യക്ഷപ്പെട്ട് നവംബർ മാസത്തോടെ മണ്ണിലേക്ക് തിരിച്ചു പോകുക.
വൃക്ക, ത്വക് രോഗങ്ങൾക്കുള്ള പ്രധാനപ്പെട്ട ഔഷധമായി ഇതിന്റെ കിഴങ്ങ് മുൻകാലത്ത് പാരമ്പര്യ വൈദ്യൻമാർ ഉപയോഗിച്ചു വന്നിരുന്നു.
ഓരിലത്താമരകളുടെ എണ്ണം കുറഞ്ഞതോടെ നിലവിൽ ഔഷധത്തിന് ഉപയോഗിക്കാനും പറ്റാറില്ല.
കാവിന്റെ 3 ഭാഗങ്ങളിലായി കാണപ്പെട്ടിരുന്ന ഈ സസ്യത്തെ കുട്ടികൾ ഇത്തവണ നിരീക്ഷിച്ചപ്പോൾ ഒരു ഭാഗത്തു മാത്രമാണ് എണ്ണം കുറഞ്ഞ നിലയിൽ കണ്ടത്. ഇലയുടെ വലുപ്പത്തിലും കുറവുണ്ട്. കാലാവസ്ഥ വ്യതിയാനത്തിൽ അതിശക്തമായ മഴയിൽ കാവിനകത്ത് വെള്ളം കെട്ടിനിൽക്കുന്നതാകാം ഇതിനു കാരണമെന്ന് അനുമാനിക്കുന്നു.
നിരീക്ഷണത്തിന് ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ പി.വേണുഗോപാലൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൃഷ്ണദാസ് പലേരി എന്നിവർ നേതൃത്വം നൽകി. ഗ്രന്ഥാലയം പ്രസിഡന്റ് കെ.സത്യവ്രതൻ, കെ.വി.രമണി, സി.ജലജ, പി.വി.സുരേശൻ, എം.പ്രമോദ്, കെ.പി.ഗിരിജ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]