കാസർകോട്∙ നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുമ്പോൾ ഓണസദ്യ തയാറാക്കുന്ന കേറ്ററിങ് സ്ഥാപനങ്ങളും തിരക്കിലാണ്. അത്തം നാൾ മുതൽ ഓണസദ്യയൊരുക്കാൻ തുടങ്ങിയ കേറ്ററിങ് യൂണിറ്റുകൾ ഓണം അടുത്തതോടെ ഉത്രാടപ്പാച്ചിലിലാണ്.
ഓണാഘോഷം വലുതായാലും ചെറുതായാലും വിഭവസമൃദ്ധമായൊരു ഓണസദ്യ എല്ലാവർക്കും നിർബന്ധമാണ്. ഓണാഘോഷത്തിന്റെ മാറ്റ് തീരുമാനിക്കുന്നതു തന്നെ സദ്യയുടെ രുചിയാണെന്നു പറയാം.
ഓണസദ്യയുടെ രുചിക്കൂട്ട് തയാറാക്കാനുള്ള ബുദ്ധിമുട്ടും സമയവുമൊക്കെ ആലോചിക്കുമ്പോൾ എല്ലാവരും ആദ്യം വിളിക്കുന്നത് ഇത്തരം കേറ്ററിങ് സ്ഥാപനങ്ങളെയാണ്.
അത്തം നാൾ മുതൽ തന്നെ ജില്ലയിൽ ഓണസദ്യ വിളമ്പാൻ തുടങ്ങിയിരുന്നു. സ്കൂൾ, കോളജ് തുടങ്ങിയ സ്ഥലങ്ങളിലെ ആഘോഷങ്ങൾ കഴിഞ്ഞെങ്കിലും ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും ഇപ്പോഴും തുടരുകയാണ്.
തിരുവോണം വരെ ഇനിയുള്ള ദിവസങ്ങൾ ഇവരെ സംബന്ധിച്ച് തിരക്കേറിയ ദിവസങ്ങളാണ്. 3000 മുതൽ 5000 ഓണസദ്യ വരെ ദിവസം നൽകുന്നവർ ജില്ലയിലുണ്ട്.
വില 200 രൂപ മുതൽ മേലോട്ട്
ശർക്കര വരട്ടി, കായ വറുത്തത്, അച്ചാർ, പുളിയിഞ്ചി, പച്ചടി, തോരൻ, അവിയൽ, കൂട്ടുകറി, കാളൻ, ഓലൻ, സാമ്പാർ, രസം, പുളിശ്ശേരി, മോര്, പപ്പടം, പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ.
രണ്ടു തരം പായസവും 20 തരം കറികളുമുള്ള ഓണസദ്യയ്ക്ക് 250 രൂപയാണ് വില. ഒരു പായസവും കറികളും എണ്ണം കുറഞ്ഞാൽ വില 200 രൂപ.
വിഭവങ്ങളുടെ എണ്ണം കൂടുന്തോറും വിലയും കൂടും. ചെറിയ ഓർഡറുകൾ പോലും കേറ്ററിങ് സ്ഥാപനങ്ങൾ സ്വീകരിക്കും.
പക്ഷേ വിലയ്ക്കൊപ്പം എത്തിക്കുന്ന വാഹനത്തിന്റെ വാടക കൂടി കൊടുക്കേണ്ടി വരുമെന്നു മാത്രം.
വില കൂടി
സാധനങ്ങളുടെ വിലവർധനയും കൂലി കൂടിയതും ഓണസദ്യയെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 25% വരെ ഓണസദ്യയ്ക്ക് വില വർധിച്ചിട്ടുണ്ട്.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലവർധനയാണ് പ്രധാന കാരണങ്ങളിലൊന്ന്. തേങ്ങാ പാലിൽ തയാറാക്കിയ അടപ്രഥമൻ ആവശ്യപ്പെട്ടാൽ മാത്രമാണ് പലരും നൽകുന്നത്.
മുൻ വർഷങ്ങളിൽ അടപ്രഥമൻ ഓണസദ്യയിലെ പ്രധാന വിഭവമായിരുന്നു. കവറിൽ ലഭിക്കുന്ന തേങ്ങാപ്പാലിനും വില വർധിച്ചിട്ടുണ്ട്.
അതിർത്തി കടന്ന് സദ്യ
മലയാളികൾ എവിടെയുണ്ടോ അവിടെ ഓണാഘോഷവും ഉണ്ട്.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഏറ്റവും കൂടുതലുള്ള കർണാടകയിലെ മംഗളൂരു, പുത്തൂർ, സുള്ള്യ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർക്കാർ ഓഫിസുകൾ, ബാങ്ക് തുടങ്ങിയവയിലേക്കും ഓണസദ്യയെത്തുന്നത് ജില്ലയിലെ കേറ്ററിങ് യൂണിറ്റുകളിൽ നിന്ന്. ഓണാഘോഷം തുടങ്ങിയപ്പോൾ മുതൽ ഓണസദ്യയും അതിർത്തിക്കപ്പുറത്തേക്കു പോകുന്നുണ്ട്.
“ഓണസദ്യയ്ക്ക് ഇത്തവണ വലിയ ഡിമാന്റാണ്.
എല്ലാത്തരം വിഭവങ്ങളുമുള്ള സദ്യയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. സാധനങ്ങളുടെ വിലവർധന തിരിച്ചടിയാണെങ്കിലും രുചിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഓണസദ്യയൊരുക്കുന്നത്.”
എം.കെ.സുധീർ രാജ്.
കുണ്ടംകുഴി മാനസം കേറ്റേഴ്സ് ഉടമ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]