കാസർകോട് ∙ ദേശീയപാത വികസനത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം സർവീസ് റോഡിനു തടസ്സമായി നിന്ന നാലു നില കെട്ടിടത്തിന്റെ ഭാഗം അധികൃതർ പൊളിച്ചു നീക്കിത്തുടങ്ങി.സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും ഉൾപ്പെടെ 2.70 കോടിയോളം രൂപ അനുവദിച്ചു ഒന്നര വർഷത്തിനു ശേഷമാണ് ഇത് പൊളിക്കുന്നത്. ഫ്ലൈഓവറിനും സർവീസ് റോഡിനും അരികിൽ ഉള്ളതാണ് കെട്ടിടം.
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം അനുസരിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വത്തിലാണ് പൊളിക്കൽ നടക്കുന്നത്.
രണ്ടാഴ്ചയോളം വേണ്ടി വരും പണിതീരാൻ. ദേശീയപാത അതോറിറ്റി ഏറ്റെടുത്ത സ്ഥലത്തിന്റെ പണം ഉടമ വാങ്ങിയാൽ രണ്ടു മാസത്തിനുള്ളിൽ ഉടമ തന്നെ പൊളിക്കണമെന്നാണ് വ്യവസ്ഥ.
ദേശീയപാത തലപ്പാടി– ചെങ്കള റീച്ചിൽ ദേശീയപാത അതോറിറ്റിയെയും റവന്യു വിഭാഗത്തെയും ഏറെ സാങ്കേതിക കുരുക്കിലാക്കി വീഴ്ചകൾ ചോദ്യം ചെയ്തു ഹൈക്കോടതി സഹായത്തോടെ അധികൃതർ തന്നെ കെട്ടിടം പൊളിക്കണമെന്ന ഉത്തരവ് നേടിയ ഏക കെട്ടിടമായി ഇത്.
ദേശീയപാത സ്ഥലം ഏറ്റെടുപ്പു വിഭാഗം ഏറ്റെടുക്കേണ്ട സ്ഥലം കണക്കാക്കിയതിലും അളവിലും അപാകത ആരോപിച്ച് സ്ഥലം ഉടമ കലക്ടർക്ക് പരാതി നൽകിയിരുന്നു.
പരാതിയുമായി ബന്ധപ്പെട്ട് ഇത് പരിഹരിക്കുന്നതിന് ഉൾപ്പെടെ വൈകി. 105 സ്ക്വയർമീറ്റർ സ്ഥലം ആണ് ഏറ്റെടുത്തത്.
ഇതിൽ അധികൃതരുടെ പിഴവ് ചൂണ്ടിക്കാണിച്ചു 15 സ്ക്വയർമീറ്റർ താൻ സൗജന്യമായി നൽകിയെന്ന് ഉടമ പറഞ്ഞു. തുടർന്ന് കെട്ടിടത്തിന്റെ പൊളിക്കേണ്ടി വരുന്ന ഭാഗം നിർണയിക്കുന്നതിലും സാങ്കേതികത്വം ഉന്നയിച്ചും അപാകതകൾ ആരോപിച്ചു പരാതികളായി.
കലക്ടർക്കും ഹൈക്കോടതിയിലും സമർപ്പിച്ച പരാതികളിൽ പലതിലും വൈകി പരിഹാരമായെങ്കിലും വീണ്ടും പുതിയ പ്രശ്നങ്ങൾക്ക് ഇടയായപ്പോൾ അനിശ്ചിതമായി നീണ്ടു.
ആവശ്യമായ സ്ഥലവും കെട്ടിടവും ഏറ്റെടുത്തു കഴിഞ്ഞാൽ അതിൽ കെട്ടിടം പൊളിച്ചു നീക്കേണ്ടത് സർക്കാർ തന്നെ എന്നായിരുന്നു ഉടമ ഹൈക്കോടതിയിൽ ഉന്നയിച്ച വാദം. കെട്ടിടത്തിലെ ബാക്കി ഭാഗത്തിനും സമീപ കെട്ടിടങ്ങൾക്കും ഒരു കേടുപാടും ഇല്ലാതെ നീക്കം ചെയ്യണമെന്ന് ഉടമ വാദിച്ചു.
കെട്ടിട ഭാഗം നീക്കം ചെയ്യുമ്പോഴും നീക്കം ചെയ്തു കഴിഞ്ഞ ശേഷവും ഭാവിയിലെ സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തണമെന്ന് കോടതി നിർദേശിച്ചു.
പൊതുമരാമത്ത് വിഭാഗത്തിന്റെ കൂടി ഫിറ്റ്നസ് ലഭ്യമാക്കിയാണ് അധികൃതർ ഒടുവിൽ കെട്ടിടത്തിലെ നീക്കേണ്ട ഭാഗം പൊളിച്ചു തുടങ്ങിയത്.
സമീപത്തെ വൈദ്യുതി ലൈൻ, ഫ്ലൈ ഓവർ, ജലവിതരണ പൈപ്പ് ലൈൻ, യൂട്ടിലിറ്റി, സർവീസ് റോഡ് തുടങ്ങിയവയുടെയെല്ലാം സംരക്ഷണം ഉറപ്പു വരുത്തി അതിസൂക്ഷ്മതയോടെ വേണം കെട്ടിടത്തിലെ ഭാഗം നീക്കേണ്ടത്.
ദേശീയപാത അതോറിറ്റിക്കു വേണ്ടി ദേശീയപാത സ്ഥലം ഏറ്റെടുക്കൽ വിഭാഗം രണ്ടര സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. ഈ സ്ഥലത്തുള്ള നാലു നില കെട്ടിടത്തിന്റെ 40 ശതമാനം ഭാഗവും നീക്കും.
സ്റ്റെയർകെയ്സ്, വാട്ടർടാങ്ക്, കാർ പാർക്കിങ് സ്ഥലം ഉൾപ്പെടെ പോകും. ഇത് നീക്കം ചെയ്തു കഴിഞ്ഞാൽ സർവീസ് റോഡ് വീതി കൂട്ടൽ ജോലി തുടങ്ങും. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനഗതാഗതം സമീപത്തു നിന്നു മാറ്റി വിട്ടിട്ടുണ്ട്.
ഇതു കാരണം പുതിയ ബസ് സ്റ്റാൻഡിനും നുള്ളിപ്പാടിക്കും ഇടയിൽ സർവീസ് റോഡിൽ വലിയ ഗതാഗതക്കുരുക്കിനു ഇടയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]