
ബെംഗളൂരു: ചന്ദ്രയാന്‍-3 പേടകത്തിലെ വിക്രം ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തി. ഇതിന്റെ ചിത്രങ്ങള്‍ ഐ.എസ്.ആര്.ഒ.
എക്സില്‍ പങ്കുവെച്ചു. റോവറിലെ നാവിഗേഷന്‍ ക്യാമറ വഴിയാണ് ചിത്രങ്ങള്‍ ലഭിച്ചത്.
മുന്നില്‍ ഗര്‍ത്തം കണ്ടെത്തിയതിനാല്‍ റോവറിന്റെ ചന്ദ്രനിലൂടെയുള്ള സഞ്ചാരപാതയില്‍ മാറ്റം വരുത്തി. ഞായറാഴ്ചയുണ്ടായ സംഭവമാണ് ഐ.എസ്.ആര്.ഒ.
എക്സില്‍ പങ്കുവെച്ചത്. റോവര്‍ നിന്നിരുന്ന സ്ഥലത്തുനിന്ന് മൂന്നു മീറ്റര്‍ അകലെയാണ് ഗര്‍ത്തം കണ്ടെത്തിയത്.
നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണിതെന്ന് ഐ.എസ്.ആര്.ഒ. അറിയിച്ചു.
തുടര്‍ന്ന് വഴിതിരിച്ചുപോകാന്‍ റോവറിന് നിര്‍ദേശം നല്‍കുകയായിരുന്നു. പുതിയ പാതയിലേക്ക് റോവര്‍ സുരക്ഷിതമായി നീങ്ങുന്നതായും ഐ.എസ്.ആര്.ഒ.
അറിയിച്ചു. ആറ് ചക്രങ്ങളുള്ള, സോളാറില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങി 14 ദിവസം സഞ്ചരിച്ച് വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും.
ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍. അതുകഴിയുന്നതോടെ ചന്ദ്രന് ഇരുട്ടിലേക്ക് പോകും.
റോവര്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തുടര്‍ന്നുള്ള 14 ദിവസത്തേക്ക് പ്രവര്‍ത്തനക്ഷമമാകില്ല. അതുകഴിഞ്ഞും റോവര്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത വിരളമാണെന്നാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്.
അതിനാല്‍ സാധ്യമായ ദിവസങ്ങളില്‍ ദക്ഷിണ ധ്രുവത്തിലൂടെ സഞ്ചരിക്കുന്ന റോവറില്‍നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് ശാസ്ത്രജ്ഞരുടെ ശ്രമം. ഓഗസ്റ്റ് 23-നാണ് ചലാന്ഡര് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയത്.
പിന്നീട് ലാന്‍ഡറില്‍നിന്ന് പ്രഗ്യാന്‍ റോവറിനെ വിജയകരമായി പുറത്തിറക്കി. ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് താഴോട്ടു പോകുംതോറും താപനിലയില്‍ വ്യത്യാസമുള്ളതായി വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച പേലോഡായ ചാസ്തെയില്നിന്നുള്ള (ChaSTE) നിരീക്ഷണഫലം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
അതിനിടെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്.ഒ. അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് രാവിലെ 11.50-നായിരിക്കും വിക്ഷേപണം. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍-1 പോയിന്റിന് (ലഗോന്ഷ് പോയിന്റ്-1) ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക.
ഇവിടെനിന്ന് സൂര്യനെ തടസ്സമില്ലാതെ നിരീക്ഷിക്കാനാകും. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]