
കോഴിക്കോട്: ഒരു വെള്ളിയാഴ്ചയായിരുന്നു അന്ന്-2003 ഒക്ടോബര്‍ 31. കര്ണാടകസംഗീതകുലപതി ഡോ. ശെമ്മങ്കുടി ആര്. ശ്രീനിവാസയ്യര്‍ ഈ ലോകത്തുനിന്ന് വിടവാങ്ങി. ചെന്നൈ ലോയ്ഡ്സ് ലൈനിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. -ആ നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ രണ്ടുപതിറ്റാണ്ടിനുശേഷവും പ്രസിദ്ധ സംഗീതജ്ഞന് പാലാ സി.കെ. രാമചന്ദ്രന്റെ വാക്കുകള്‍ ഈറനാവുന്നു.
തലേന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ കമ്മിറ്റിയോഗത്തിനിടയ്ക്കാണ് ഗുരുനാഥന് അസുഖം ഇത്തിരി കൂടുതലാണെന്നറിഞ്ഞത്. ഗുരുവായൂരപ്പന്റെ പ്രസാദവുമായാണ് ചെന്നൈയിലേക്കു പുറപ്പെട്ടത്. ആ പ്രസാദവുമായി പിറ്റേന്ന് താനെത്തുന്നതുവരെ കാത്തിരുന്ന ശെമ്മങ്കുടി സ്വാമിക്ക് ഗുരുവായൂരപ്പന് മോക്ഷംകൊടുത്തെന്ന് രാമചന്ദ്രന് വിശ്വസിക്കുന്നു.
‘നിത്യനിദ്രയിലേക്ക് അദ്ദേഹം വഴുതിവീഴുമ്പോള്‍ എളിയശിഷ്യനായ ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ത്തന്നെയുണ്ടായിരുന്നു. 40 വര്‍ഷക്കാലത്തോളം എന്റെ മാതാവും പിതാവും ഗുരുവും ദൈവവുമെല്ലാമായി ഞാനുപാസിച്ച ആ സ്നേഹനിധിയായ വന്ദ്യഗുരുനാഥന്റെ അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ അരികിലുണ്ടാകാനും ശുശ്രൂഷകള്‍ ചെയ്യാനുമൊക്കെ അവസരം ലഭിച്ചത് ശിഷ്യന്മാരില് എനിക്കുമാത്രം കൈവന്ന ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുകയാണ്’ എന്ന് ആ മുഹൂര്‍ത്തത്തെ പാലാ സി.കെ. രാമചന്ദ്രന് മുന്‍പ് രേഖപ്പെടുത്തിയിട്ടുണ്ട്, ‘സദ്ഗുരു ശ്രീ ശെമ്മങ്കുടി സ്വാമി’ എന്ന ജീവചരിത്രഗ്രന്ഥത്തില്‍.
നാല്പതുവര്ഷം നീണ്ട അനന്യമായ ഗുരു-ശിഷ്യബന്ധത്തിന്റെ കഥയാണ് ശെമ്മങ്കുടി സ്വാമിയും രാമചന്ദ്രനുമായുള്ളത്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ രാമചന്ദ്രന് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അവിടെ പ്രിന്‍സിപ്പലായിരുന്നു ശെമ്മങ്കുടി സ്വാമി. അദ്ദേഹം വിരമിച്ച് ചെന്നൈയിലേക്കു പോകുമ്പോള്‍, ‘കൂടെ വരാന്‍ പറ്റുമോ’ എന്നു ചോദിച്ചതാണ് വഴിത്തിരിവായത്.
മാതാപിതാക്കളുടെ അനുവാദവും അനുഗ്രഹവും നേടി ഗുരുവിനൊപ്പം തിരിച്ചു. പിന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചായി സംഗീതപഠനം. ശരിയായ ഗുരുകുലസമ്പ്രദായം. മകനെപ്പോലെയാണ് സ്വാമി തന്നെ പരിഗണിച്ചതെന്നു പറയുമ്പോഴും സംഗീതാഭ്യസനത്തില്‍ കര്‍ക്കശക്കാരനായിരുന്നു ഗുരുവെന്ന് രാമചന്ദ്രന് ഓര്‍ക്കുന്നു.
നാലുപതിറ്റാണ്ടുകാലം ഗുരുവിനൊപ്പം ഒട്ടേറെ വേദികളില്‍ കച്ചേരികളില്‍ പാടി. റേഡിയോസംഗീതപരിപാടികളിലും ശെമ്മങ്കുടിക്കൊപ്പം പലതവണ പങ്കെടുത്തു. തിരുവനന്തപുരം നവരാത്രിമണ്ഡപത്തിലെ സ്വാതിതിരുനാള്‍ സംഗീതോത്സവത്തില്‍ മുപ്പതിലേറെ വര്‍ഷം തുടര്‍ച്ചയായി താനും കുമാരകേരളവര്മയും സ്വാമിക്കൊപ്പം പാടിയതിന്റെ ധന്യതയും രാമചന്ദ്രന് പങ്കുവെക്കുന്നു.
താന്‍ അവതരിപ്പിച്ച കച്ചേരി ഗുരു നേരിട്ടുകണ്ട് ആസ്വദിച്ചതിന്റെ ഓര്‍മ്മയുമുണ്ട്. ചെന്നൈ വൈ.ജി.പി. ഓഡിറ്റോറിയത്തിലായിരുന്നു ആ കച്ചേരി. വിഖ്യാതനടന് ശിവാജി ഗണേശനും ആ സദസ്സിലുണ്ടായിരുന്നു. -ഗുരുവിന്റെ അനുഗ്രഹത്താല്‍ ധന്യമായ എത്രയോ അനര്‍ഘമുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മയുടെ ഈണങ്ങളായി രാമചന്ദ്രന് ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു. 81-വയസ്സുകാരനായ രാമചന്ദ്രന് ഭാര്യ ജയശ്രീക്കൊപ്പം ചാലപ്പുറത്തെ ‘ലക്ഷ്മി കോട്ടേജി’ലാണ് ഇപ്പോള്‍ താമസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]