ഗാനങ്ങളുടെ റീമിക്സുകളും കവർ പതിപ്പുകളുമെല്ലാം ഇടതടവില്ലാതെ പുറത്തുവരുന്ന കാലമാണിത്. ഇത്തരം പലഗാനങ്ങളും സിനിമകളിലും ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഈ പ്രവണതയെ രൂക്ഷമായി വിമർശിക്കുകയാണ് പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തർ. ക്ലാസിക് ഗാനങ്ങൾ പുനഃസൃഷ്ടിക്കുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ അതിൽ കുറച്ച് മാന്യത കാണിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്ലാസിക് ഗാനങ്ങളുടെ പുനഃസൃഷ്ടികളേക്കുറിച്ച് ജാവേദ് അക്തർ പരാമർശിച്ചത്. പൂർവകാലത്തേക്കുറിച്ച് ഓർക്കുന്നതും അതിന് അല്പം പ്രാധാന്യം നൽകുന്നതും അതിനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതും ഒരു പ്രശ്നമല്ലെന്ന് ജാവേദ് അക്തർ പറഞ്ഞു. അത് അഭിനന്ദനാർഹമായ കാര്യം തന്നെയാണ്. പക്ഷേ അതേസമയംതന്നെ ഇത്തരം കാര്യങ്ങളെ വാണിജ്യപരമായി ആശ്രയിക്കുന്നത് ആരോഗ്യകരമായ ഒരു മനോഭാവമല്ലെന്നും അദ്ദേഹം പറഞ്ഞു.
“ആ ഗാനങ്ങളുടെ അന്തസ് കാത്തുസൂക്ഷിക്കാനെങ്കിലും ശ്രമിക്കണം. നല്ലതും അർത്ഥവത്തായതുമായ വരികളുള്ള ഗാനങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കുന്നു. അതിലേക്ക് നിങ്ങളുടേതായ വിചിത്രമായ കൂട്ടിച്ചേർക്കലുകൾ നടത്തുന്നു. ഇത് അജന്ത ഗുഹയിൽ അമ്പരപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകൾ ഘടിപ്പിക്കുന്നതോ, താജ് മഹലിൽ ഡിസ്കോ മ്യൂസിക് കേൾപ്പിക്കുന്നതോ പോലെയാണ്. അതൊരിക്കലും ചെയ്യരുത്.”
“മികച്ച ഗായകരും എഴുത്തുകാരും സംഗീതസംവിധായകരും ചേർന്നൊരുക്കിയ അവിസ്മരണീയമായ ഗാനങ്ങളാണ് ഇവയെല്ലാം. നിങ്ങൾ അവയെ ബഹുമാനിക്കണം. ഇതൊരു സാംസ്കാരിക പൈതൃകമാണ്. നിങ്ങൾക്കത് പുനരുജ്ജീവിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ തീർച്ചയായും മുന്നോട്ടുപോകൂ, പുതിയ ഓർക്കസ്ട്രയും ക്രമീകരണവും ഉപയോഗിച്ച് മറ്റാരെങ്കിലും ഇത് പാടാൻ നിങ്ങൾ ആഗ്രഹിക്കുന്നു, അതിൽ ഒരു പ്രശ്നവുമില്ല. നിങ്ങൾ ഒരു സൈഗാൾ ഗാനം എടുത്ത് അരിജിത്ത് സിംഗിനെക്കൊണ്ട് പാടിപ്പിക്കൂ. അത് നന്നായിരിക്കും. എന്നാൽ നിങ്ങൾ ആ പാട്ട് എടുത്ത് അതിനിടയിൽ ഒരു റാപ്പ് ചേർക്കുന്നത് അത് ശരിയല്ല.” ജാവേദ് അക്തർ കൂട്ടിച്ചേർത്തു.
അഞ്ച് ദേശീയ പുരസ്കാരങ്ങളും പത്മശ്രീ, പത്മഭൂഷൺ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗാനരചയിതാവാണ് ജാവേദ് അക്തർ. ബോളിവുഡിൽ പ്രവർത്തിക്കുന്ന ഏറ്റവും അറിയപ്പെടുന്ന ഗാനരചയിതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ, സന്ദേസേ ആതേ ഹേ, തേരേ ലിയേ, ഇക്താര തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങളിൽ ചിലതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]