തങ്ങൾ ആരാധിക്കുന്ന താരങ്ങൾ ഒറ്റ സിനിമയിൽ ഒരേ ഫ്രെയിമിൽ വരുമ്പോൾ പ്രേക്ഷകർക്കുണ്ടാവുന്ന സന്തോഷം ചെറുതല്ല. തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ട ഒരു ചിത്രം സിനിമാ പ്രേമികളും ആരാധകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.
രജനികാന്ത് നായകനാവുന്ന 170-ാമത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും ഒരു നിർണായക വേഷത്തിലുണ്ട്. രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചുള്ള ചിത്രമാണ് ലൈക്ക പ്രൊഡക്ഷൻസ് പുറത്തിവിട്ടിരിക്കുന്നത്. തലൈവർ 170-യുടെ സെറ്റിൽ സൂപ്പർ സ്റ്റാറും ഷെഹൻഷായും കണ്ടുമുട്ടിയപ്പോൾ എന്നാണ് നിർമാതാക്കൾ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുംബൈയിൽ നടന്ന ഷെഡ്യൂളിലാണ് രജനിയും അമിതാഭ് ബച്ചനും ഒരുമിച്ചെത്തിയത്. ഈ ഷെഡ്യൂൾ പൂർത്തിയായതായും ലൈക്കയുടെ പോസ്റ്റിൽ പറയുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുതാരങ്ങളും ഒരുമിച്ച് അഭിനയിച്ചത്.1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.
തെലുങ്കിൽ പ്രഭാസ് നായകനാവുന്ന പ്രോജക്റ്റ് കെയിലും അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാവും. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനിരുദ്ധ് ആണ് തലൈവർ 170-യുടെ സംഗീതസംവിധാനം.
ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ലോകേഷ് കനഗരാജാണ് രജനികാന്തിന്റെ 171-ാം ചിത്രമായ തലൈവർ 171 സംവിധാനം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]