
തിരുവനന്തപുരം: സിനിമാ നയം രൂപവത്കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിശ്ചയിച്ച പത്തംഗസമിതി പുനഃസംഘടിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണിത്. ആരോപണം നേരിടുന്ന നടൻ മുകേഷിനെ സമിതിയിൽനിന്നൊഴിവാക്കും. സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ നീക്കണമെന്ന ആവശ്യവും സർക്കാരിലെത്തിയിട്ടുണ്ടെങ്കിലും ഫെഫ്ക ഭാരവാഹിയായ അദ്ദേഹത്തെ ഒഴിവാക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്.
മുകേഷിനെയും ഉണ്ണികൃഷ്ണനെയുംകൂടി ഒഴിവാക്കിയാൽ സമിതിയംഗങ്ങളുടെ എണ്ണം ആറായിച്ചുരുങ്ങും. നടി മഞ്ജുവാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും നേരത്തേതന്നെ ഒഴിവായിരുന്നു.
മുകേഷിനെ മാറ്റുന്നതിൽ സർക്കാരിന്റെയോ പാർട്ടിയുടെയോ തീരുമാനം വന്നിട്ടില്ല. ഉണ്ണികൃഷ്ണനെ നീക്കിയാൽ തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഫെഫ്കയുടെ നിസ്സഹകരണമുണ്ടാകുമോയെന്നാണ് ആശങ്ക. രണ്ടുപേരുടെ കാര്യത്തിലും സി.പി.എമ്മിന്റെ തീരുമാനം രണ്ടുദിവസത്തിനകം അറിയാം.
സമിതി കൺവീനറായി സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ പേരാണ് ചേർത്തിരുന്നത്. അവർ സർവീസിൽനിന്ന് വിരമിച്ച് പുതിയ സെക്രട്ടറി ചുമതലയേറ്റിട്ടും അവരുടെ പേര് നീക്കിയിട്ടില്ല.
ഹേമ കമ്മിറ്റി ശുപാർശകൂടി പരിഗണിച്ച് രണ്ടുമാസത്തിനകം സിനിമാ നയത്തിന്റെ നിർദേശങ്ങൾ തയ്യാറാക്കാൻ നിർദേശിച്ച് 2023 ജൂലായിലാണ് ഷാജി എൻ. കരുൺ അധ്യക്ഷനായി സമിതിയെ നിശ്ചയിച്ചത്.ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നതിനാൽ നവംബർ 23 മുതൽ നടത്താനിരുന്ന സിനിമാ കോൺക്ലേവിന്റെ തീയതിയിൽ മാറ്റമുണ്ടാകും.
അക്കാദമിക്ക് ചെയർമാൻ വൈകുന്നു
രഞ്ജിത്തിനുപകരം കേരള ചലച്ചിത്ര അക്കാദമിക്ക് ചെയർമാനായില്ല. ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാനും ചലച്ചിത്ര അക്കാദമിയുടെ ആദ്യചെയർമാനുമായ ഷാജി എൻ. കരുണിനെ ചെയർമാനായി പരിഗണിക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാനായി സംവിധായകൻ കമലിന്റ പേരും ഉയർന്നു. ഇതേപ്പറ്റി തങ്ങളോട് ആരും ചർച്ചചെയ്തിട്ടില്ലെന്ന് ഇരുവരും വ്യാഴാഴ്ച പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]