
ആടുജീവിതം എന്ന ചിത്രം സൗദി ജനതയെ അവഹേളിക്കുന്നതാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ബ്ലെസി. ക്രൂരനായ വ്യക്തിയുടെ ഹൃദയത്തിൽ പോലും മനുഷ്യാത്മാവിൻ്റെ അന്തസ്സും ബഹുമാനവും ഉയർത്തിക്കാട്ടാൻ സിനിമ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ബ്ലെസി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. വ്യക്തിയുടെയോ ജനങ്ങളുടെയോ രാജ്യത്തിൻ്റെയോ വികാരങ്ങളെ വ്രണപ്പെടുത്താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും ബ്ലെസി പറഞ്ഞു. സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ബെന്യാമിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാള നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം എന്ന ആമുഖത്തോടെയാണ് ബ്ലെസിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഈ നോവൽ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ക്രൂരനായ വ്യക്തിയുടെ ഹൃദയത്തിൽ പോലും മനുഷ്യാത്മാവിൻ്റെ അന്തസ്സും ബഹുമാനവും ഉയർത്തിക്കാട്ടാൻ സിനിമ വളരെ ശ്രദ്ധാപൂർവ്വം ശ്രമിച്ചിട്ടുണ്ട്. മരുഭൂമിയിൽ നിന്ന് തന്നെ രക്ഷിച്ച ഇബ്രാഹിം ഖദ്രിയുടെ രൂപത്തിലും റോൾസ് റോയ്സിൽ വന്ന കുലീനനും ധനികനുമായ അറബിയുടെ രൂപത്തിലും നജീബ് ദൈവത്തെ കണ്ടു. നജീബിന്റെ വിശ്വാസമോ മതമോ മാതൃരാജ്യമോ നോക്കാതെയാണ് അവർ അവൻ്റെ മോശം അവസ്ഥയിൽ നിന്ന് അവനെ രക്ഷിച്ചത്. സിനിമയിലുടനീളം ഈ സന്ദേശം വ്യക്തമായി അറിയിക്കുക മാത്രമായിരുന്നു എൻ്റെ മുഴുവൻ ശ്രമവും. ഒരു വ്യക്തിയുടെയും ജനങ്ങളുടെയോ രാജ്യത്തിൻ്റെയോ വികാരങ്ങളെ വ്രണപ്പെടുത്താൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.
നജീബിനെ രക്ഷിച്ച് തൻ്റെ മനോഹരവും വിലകൂടിയതുമായ റോൾസ് റോയ്സിൽ കൊണ്ടുപോയി വെള്ളം കൊടുക്കുകയും ഉറങ്ങാൻ അനുവദിക്കുകയും സഹായവും ആശ്വാസവും രക്ഷപ്പെടാനുള്ള വഴികളും ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് അവനെ കൊണ്ടുപോകുകയും ചെയ്യുന്ന ദയാലുവായ ഒരു മനുഷ്യൻ്റെ കഥാപാത്രത്തിലൂടെ അറബി ജനതയുടെ കരുണയും കാരുണ്യവും സത്യസന്ധമായി ചിത്രീകരിക്കാൻ സിനിമ ശ്രമിച്ചു. അയാളില്ലായിരുന്നെങ്കിൽ നജീബ് മരിച്ചുപോകുമായിരുന്നു. റസ്റ്റോറൻ്റ് ജീവനക്കാരും തടങ്കൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവരും ചെക്ക്പോയിൻ്റ് ജീവനക്കാരും ദയയുടെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും മാതൃകകളായി അംഗീകരിക്കപ്പെട്ടു.
ഈ സിനിമയുടെ സംവിധായകൻ, തിരക്കഥാകൃത്ത്, സിനിമ നിർമിച്ച വിഷ്വൽ റൊമാൻസ് എന്ന കമ്പനിയുടെ ഉടമ എന്നീ നിലകളിൽ ഈ സിനിമയുടെ നിർമാണത്തിൽ പൂർണ ഉത്തരവാദിത്തമുണ്ട്. കൂടാതെ യാതൊരുവിധത്തിലുള്ള പങ്കാളിത്തമോ പുറമേ നിന്നുള്ള വ്യക്തിയുടേയോ കമ്പനിയുടേയോ ഇടപെടലോ ഇല്ല.” ബ്ലെസി പറഞ്ഞു
സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ ഈ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് തെറ്റായ അവകാശവാദങ്ങളിലൂടെയോ അസത്യ പ്രസ്താവനകളിലൂടെയോ സാമൂഹിക അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള വിവിധ ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇപ്പോൾ പ്രസ്താവന പുറപ്പെടുവിക്കുന്നത്. സിനിമയുടെ തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ താൻ ഈ സിനിമയിലൂടെ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതിലുമപ്പുറം എന്തെങ്കിലും ആരോപിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആടുജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ജോർദാനി നടൻ ആകിഫ് നജം രണ്ടുദിവസം മുൻപ് ഖേദം പ്രകടിപ്പിച്ചിരുന്നു. സൗദി അറേബ്യയെയും സൗദി ജനതയേയും മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർഥ കഥ മനസ്സിലായത്. തിരക്കഥ പൂര്ണമായും വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് സൗദിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. ആടുജീവിതത്തിലെ വില്ലനായ അറബിയുടെ വേഷത്തിൽ അഭിനയിച്ചതിന് ഒമാൻ നടൻ താലിബ് അൽ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി വാർത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]