
അടുത്തൊരു നാൾ മാത്രമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഓ ടി ടി യിൽ കാണാൻ കഴിഞ്ഞത്. അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷൻ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ചിത്രം എന്ന മുൻധാരണയോടെയാണ് ചിത്രം കാണാനിരുന്നത്. ഒപ്പം, ചിത്രത്തെ മുൻനിർത്തിക്കൊണ്ട് എഴുത്തുകാരൻ ജയമോഹന്റെ മലയാളിസമൂഹത്തെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളും മനസിലുണ്ടായിരുന്നു. സിനിമ തീർന്നപ്പോൾ ഹൃദയത്തിന്റെ കോണിലെവിടെയോ ചില ആർദ്രവികാരങ്ങൾ മുള പൊട്ടി. അതൊഴുകുകയും ജീവിത നദിയെ മറ്റൊരു തലത്തിൽ കാട്ടിത്തരുകയും ചെയ്തു.
ജീവിതം പടുകുഴികൾ നിറഞ്ഞതാണെന്നും ഏതുനിമിഷവും നാമതിലേക്ക് നിപതിച്ചു പോകാമെന്നുമുള്ള ശക്തമായ താക്കീത് ഈ ചിത്രം നൽകുന്നു. ജാഗ്രതയുടെ കുറവ് അല്ലെങ്കിൽ ഒരു ചെറിയ അശ്രദ്ധ ആ പതനത്തെ ആഴത്തിലാക്കുമെന്നുമാണ് പ്രാഥമികമായി ഈ ചിത്രം നൽകുന്ന സന്ദേശം.
അപരിചിതത്വം മാനുഷികതയിലേക്കും സൗഹൃദം സാഹോദര്യത്തിലേക്കും സാഹോദര്യം ആത്മീയതയിലേക്കും മനുഷ്യനെ നയിക്കുമ്പോഴാണ് അവന്റെ സാമൂഹിക ജീവിതത്തിന് അർത്ഥവ്യാപ്തിയും പൂർണതയും ഉണ്ടാകുന്നതെന്ന് സിനിമ അടിവരയിടുന്നു. ചായക്കടക്കാരനും ഗൈഡും അപരിചിതത്വത്തിൽ നിന്ന് മാനുഷികതയിലേക്കും സുഹൃത്തുക്കൾ സാഹോദര്യത്തിലേക്കും ചുവടുവെക്കുമ്പോൾ സുഹൃത്തുക്കളിലൊരാൾ കുഴിയിൽ വീണവനോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് കൃത്യമായ മുന്നറിയിപ്പുകളും പ്രവചനങ്ങളും യഥാസമയം നൽകി രക്ഷാപ്രവർത്തനത്തെ പൂർണമാക്കുകയും ആത്മീയതയുടെ പടവുകൾ താണ്ടുകയും ചെയ്യുന്നു. അവസാനം കുഴിയിൽ വീണു പുറത്തുവന്നവനെ “സാവ് പാത്ത് തിരുമ്പി വന്തവൻ നീ കടവുൾ മാതിരി” എന്ന വൃദ്ധയുടെ പ്രഖ്യാപനത്തെ തുടർന്ന് ആൾക്കൂട്ടം അവന്റെ കാൽതൊട്ടു വന്ദിക്കുന്നതിലൂടെ ആത്മീയതയ്ക്കും അപ്പുറമുള്ള പുണ്യഭൂമികയിൽ ദൈവസമാനനായ ഒരു കഥാപാത്രംകൂടി പിറവികൊള്ളുകയാണ്. സത്യത്തിൽ ആൾക്കൂട്ടം അവിടെ കാൽതൊട്ടു വന്ദിക്കുന്നത് എങ്ങോ ഒളിഞ്ഞിരിക്കുന്ന ഒരു ദൈവകൃപയെയല്ല, മനുഷ്യമനസിൽ അഗാധമായി ഉറങ്ങിക്കിടക്കുന്ന സ്നേഹത്തിന്റെ പ്രഭാമയമായ തേജസിനെയാണ്. ഇങ്ങനെ പല ശ്രേണികളിലായി കഥാപാത്രങ്ങളെ വിന്യസിച്ചു തന്നെ അവരെയെല്ലാം ആകാംക്ഷയും ശുഭാപ്തി വിശ്വാസവും ഇഴ ചേരുന്ന മാനവികതയെന്ന ഒരേ നൂലിൽ കോർത്തുകൊണ്ടുള്ള ചിത്രത്തിന്റെ രൂപപ്പെടുത്തലും ആഖ്യാനരീതിയും ആകർഷകമാണ്.
സെർഗി ഐസൻസ്റ്റീന്റെ സംവിധാനത്തിൽ ഒരു നൂറ്റാണ്ടു മുൻപ് (1925) പുറത്തുവന്ന വിഖ്യാത റഷ്യൻ ചലച്ചിത്രം ബാറ്റിൽഷിപ്പ് പൊട്ടെംകിനെക്കൂടി ചില സന്ദർഭങ്ങളിൽ ഈ ചിത്രം ഓർമ്മപ്പെടുത്തി. മനുഷ്യർക്കിടയിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കരുത്തും ഊർജ്ജവും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കുന്നതെന്ന് ശക്തമായി ബോധ്യപ്പെടുത്തിയ സിനിമ കൂടിയായിരുന്നു ബാറ്റിൽഷിപ്പ് പൊട്ടെംകിൻ. അതിൽ പട്ടാളക്കാർക്കിടയിലാണ് ആ സാഹോദര്യത്തിന്റെ നിർമമമായ സ്നേഹഭാവം ഉരുവപ്പെടുന്നതെങ്കിൽ ഇവിടെ സുഹൃത്തുക്കൾക്കിടയിലാണെന്നു മാത്രം. സ്നേഹക്കരുത്തിനു മുന്നിൽ മുട്ടുമടക്കുന്ന മനുഷ്യന്റെ അധികാര ദുർഭാവത്തെ രണ്ടു സിനിമകളിലും നമുക്ക് കാണാൻ കഴിയും. “You need Power, only when you want to do something harmful otherwise Love is enough to get everything done” എന്ന് ചാർളി ചാപ്ലിൻ പറഞ്ഞത് എത്ര സത്യം! കാലമെത്ര ചെന്നും മനുഷ്യർക്കിടയിലെ സ്നേഹമെന്ന വികാരത്തിന്റെ മാറ്റ് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ലല്ലോ എന്ന ആശ്വാസം കൂടിയാണ് ഈ ചലച്ചിത്രം.
ചലനാത്മകവും സ്ഫോടനാത്മകവുമായ ഊർജ്ജത്തിന്റെ ഉറവകളാണ് ഓരോ യുവതയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അടിപൊളിയും ആത്മീയതയുമെന്ന അങ്ങേയറ്റം വൈരുദ്ധ്യാത്മകമായ രണ്ടറ്റങ്ങളെയും ഒരേസമയം കൂട്ടിമുട്ടിക്കാൻ കഴിയുന്നവർ. അതുകൊണ്ടുതന്നെ അവരുടെ ദൈനംദിനമായ ജീവിതശൈലികൾ വെച്ച് വിലകുറച്ചു കാണേണ്ടവരുമല്ല അവർ. ജാതി, മതം, രാഷ്ട്രം മുതലായ സങ്കുചിതാർത്ഥങ്ങൾ അവരുടെ ജന്മവാസനകൾ അല്ലെങ്കിൽക്കൂടി സമൂഹത്തിലെ വിപര്യയങ്ങൾ അവരെ അത്തരക്കാരാക്കുകയാണ്. എന്നാൽ അതിനപ്പുറമുള്ള സാമൂഹിക നന്മകളുടെ പൂന്തോട്ടങ്ങളിലേക്ക് അവരിലെ ഊർജ്ജപ്രവാഹത്തെ വഴിതിരിച്ചുവിട്ടാൽ അവിടം ഭൂമി സ്നേഹസാഹോദര്യങ്ങളുടെ സ്വർഗ്ഗമായി മാറുന്നത് നമുക്ക് കാണാം, അനുഭവിക്കാം. കുഴിയിൽ വീണ് ഭൂമിയുടെ പച്ചപ്പ് ഒരിക്കൽക്കൂടി കണ്ടവന്റെ അമ്മയ്ക്കാണ് ഇവിടെ അതനുഭവിക്കാനുള്ള സൗഭാഗ്യമുണ്ടാവുന്നത്. ആ അനുഭവത്തിന്റെ കാഴ്ചയാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്.
BOYS ന്റെ കൂട്ടത്തിൽ ഒരു GIRL കൂടി ടൂർ ടീമിൽ ഉണ്ടാകേണ്ടതായിരുന്നു. യാഥാർഥ സംഭവത്തിൽ അങ്ങനെയൊരു കഥാപാത്രം ഇല്ലെങ്കിലും കാലത്തിന്റെ മാറ്റം ഉൾക്കൊള്ളുകയെന്നതും കലയുടെ ധർമ്മങ്ങളിൽ ഒന്നുതന്നെ. സിനിമയെന്ന കലയുടെ ഉദ്ദേശ്യവും സാധ്യതയും സന്ദേശവും അപ്പോഴാണ് പൂർത്തിയാവുക. ഇനി അത്തരമൊരു കഥാപാത്ര സൃഷ്ടിയിൽ അസ്വാഭാവികത അനുഭവപ്പെടുന്നുവെങ്കിൽ കഥയുടെ കാമ്പിനെ തട്ടാതെതന്നെ അതിനു തുല്യമായ മറ്റൊരു സ്ത്രീ കഥാപാത്രത്തിന് സിനിമയിൽ ഇടം കണ്ടെത്തുക സാധ്യവുമാണ്. സുഹൃത്തുക്കളെ സഹായിക്കാൻ അച്ഛന് പ്രേരണ നൽകുന്ന ചായക്കടക്കാരന്റെ മകളുടെ വീറും ഊർജ്ജവുമാണ് രക്ഷാപ്രവർത്തനത്തിനുള്ള സാധ്യതയ്ക്ക് ആദ്യമായി ഉണർവ്വ് നൽകുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാൽ രക്ഷാപ്രവർത്തനത്തിൽ തന്നെ സജീവമായി പങ്കെടുക്കാൻ തക്ക പ്രാപ്തിയും ത്രാണിയും ആ കഥാപാത്രത്തിൽ നിക്ഷിപ്തവുമാണ്. പക്ഷേ സിനിമയിൽ അത് വേണ്ട വിധത്തിൽ ബലപ്പെടുത്താൻ അതിന്റെ സൃഷ്ടാക്കൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ഈ ചിത്രത്തെ സാഹസികത (Adventure) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ അതിസാഹസികത (Over hastiness) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട ഒരു ചലച്ചിത്രമാണിത്. അതിസാഹസികതയിൽ നിന്നാണ് ഇത് പിറവിയെടുത്തിട്ടുള്ളത്. വിലക്കപ്പെട്ട ഒരു സ്ഥലത്ത് ഏതാനും യുവാക്കൾ കടന്നുചെന്നതിന്റെ ഫലമായി ഉണ്ടായ ഒരു ദുരന്തത്തിൽ നിന്നാണല്ലോ ഈയൊരു ചലച്ചിത്രം രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ ഇതൊരു സാഹസികതയുടെ പരിണിതഫലമല്ല മറിച്ച് അതിസാഹസികതയുടേതാണ്. അതിസാഹസികത എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെടുന്നതോടെ ഈ ചിത്രം സമൂഹത്തിന് നൽകുന്ന ഒരു സന്ദേശം കൂടി പ്രസക്തമാകുന്നുണ്ട്. മാധ്യമങ്ങളിലൂടെ നിത്യമെന്നോണം നാമറിഞ്ഞു കൊണ്ടിരിക്കുന്ന വാർത്തയാണ് വീടുകളിൽ നിന്ന് വിനോദയാത്രയ്ക്കിറങ്ങുന്ന യുവാക്കൾ അപകടത്തിൽ പെടുന്നതും പലപ്പോഴും അവർക്ക് ദാരുണാന്ത്യം വരെ സംഭവിക്കുന്നതും. അവർക്കായി സിനിമ മുന്നോട്ടു വയ്ക്കുന്ന ഒരു താക്കീത് കൂടിയാവും ഈ അതിസാഹസികത എന്ന വാക്കിലെ സാന്ദർഭിക ധ്വനി.
അവസാനമായി ഒന്നുകൂടി. ഇനിയൊരു ദുരന്തത്തിന് കാരണമാകാതിരിക്കാൻ ആ ഗുണാ ഗുഹയെ ഇരുമ്പു വാതിൽ വച്ച് കൊട്ടിയടക്കുമ്പോൾ അതിനകത്ത് വസിക്കുന്ന വവ്വാൽ കൂട്ടങ്ങളുടെ ഗതി എന്താകുമെന്ന ആശങ്കയും ആലോചനയും അറിയാതെ പൊന്തി വരുന്നത് മാനവിക സ്നേഹത്തിന്റെ ബലവും ഫലവും വെളിപ്പെടുത്തുന്ന സിനിമയാണ് ഇതെന്നതുകൊണ്ട് തന്നെയാണ്. അവയുടെ ജീവന് ആകാശസ്വാതന്ത്ര്യം നൽകാൻ ഒരേയൊരു കല്ലിന്റെ ആവശ്യമല്ലേ ഉണ്ടായിരുന്നുള്ളൂ ചിത്രത്തിൽ? ഗുഹയ്ക്കകം ശൂന്യമാണെന്നതിനുള്ള വ്യംഗ്യാർത്ഥ സൂചനകൾ കൊണ്ടുമാത്രം സിനിമയുടെ സന്ദേശം പൂർണമാകണമെന്നില്ല. അതിന്റെ സാക്ഷ്യപ്പെടുത്തലും അനിവാര്യമാണ്. എങ്കിൽ മനുഷ്യൻ മനുഷ്യനോടു മാത്രമല്ല, ഈ പ്രകൃതിയോടും സകല ജീവജാലങ്ങളോടും അവൻ വാഗ്ദാനം ചെയ്യുന്ന (ചെയ്യേണ്ട) കരുണയുടെ തലം കൂടി ഈ സിനിമയ്ക്ക് കൈ വന്നേനെ.
ഓ! സോറി, പറയാൻ മറന്നു പോയ പരിഭവമൊന്ന് ഇപ്പോഴാണ് ഓർമയിൽ വരുന്നത്. ജയമോഹൻ പറഞ്ഞപോലെ പെറുക്കികളായ ഒരു യുവാവിനെയും എനിക്കീ സിനിമയിൽ കണ്ടുമുട്ടാൻ കഴിഞ്ഞില്ല എന്നുള്ളതാണ്. പകരം സ്നേഹവും യുക്തിയും ആത്മവിശ്വാസവും കൈമുതലായുള്ള ഒരുപറ്റം യുവാക്കളെയാണ് ഇവിടെ കണ്ടത്. ഭാവനയും യാഥാർത്ഥ്യവും കൂടിക്കുഴഞ്ഞ ഒരു സിനിമ കണ്ടപ്പോൾ സംഭവിച്ച വെറുമൊരു സ്ഥലജലഭ്രമം മാത്രമാവാനാണ് സാധ്യത, ജയമോഹന്റെ മലയാളി സമൂഹത്തെ പറ്റിയുള്ള ആ ‘പെറുക്കി’ പ്രസ്താവന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]