മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയതും അദ്ദേഹത്തിന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞ മുഖവും ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്ലാമിന്റേതെന്ന് അന്വേഷണ സംഘം. പ്രതിക്ക് നടത്തിയ ഫെയ്സ് റെക്കഗ്നിഷൻ പരിശോധനാഫലം ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് പോലീസ് വ്യക്തമാക്കി. രണ്ടാഴ്ച മുൻപാണ് സെയ്ഫിനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചത്.
ഷെരീഫുൾ ഇസ്ലാമിനും സെയ്ഫിന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞയാൾക്കും തമ്മിൽ യാതൊരപ മുഖസാദൃശ്യവുമില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ഫെയ്സ് റെക്കഗ്നിഷൻ ടെസ്റ്റ് നടത്താൻ പോലീസ് തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് പരിശോധനാഫലം വന്നത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടേത് തന്നെയാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഷെരീഫുളിന്റെ വിരലടയാളങ്ങളും സെയ്ഫിന്റെ വീട്ടിൽനിന്ന് ലഭിച്ച വിരലടയാളങ്ങളും വ്യത്യസ്തമാണെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇത് പോലീസിനെതിരെ വിമർശനമുയരാനും ഇടയാക്കി. ഫേഷ്യൽ റെക്കഗ്നിഷൻ പരിശോധനാ ഫലത്തിനുപുറമേ മാധ്യമങ്ങൾക്കുപോലും കിട്ടാത്ത സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡീറ്റയിൽ റിപ്പോർട്ടും ഷെരീഫുളിനെതിരെ ശേഖരിച്ചിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഈ മാസം 16-ാം തീയതിയാണ് ബാന്ദ്രയിലെ വസതിയിൽവെച്ച് സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നത്. ആറ് മുറിവുകളാണ് അദ്ദേഹത്തിന്റെ ദേഹത്തുണ്ടായിരുന്നത്. സംഭവത്തിനുശേഷം 19-ാം തീയതി താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവെച്ചാണ് ഷെരീഫുൾ പിടിയിലായത്. നിലവിൽ ആർതർ റോഡ് സെൻട്രൽ ജയിലിലാണ് ഇയാളുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]