വന്കരകള്ക്കപ്പുറത്തുനിന്ന് കാതിലേക്കൊഴുകുയാണ് യേശുദാസ്; പ്രായത്തെ വെല്ലുന്ന ഭാവദീപ്തിയോടെ: ‘വന്ദേമാതരം വാഴ്ത്തിയ മുനിയേ, പാരില്‍ വന്‍ പുകള്‍കൊണ്ട കൃപാനിധിയേ..’ ഏഴു പതിറ്റാണ്ടിലേറെക്കാലം മുന്‍പ് അഗസ്റ്റിന് ജോസഫ് ഭാഗവതര്‍ക്ക് നാടകത്തില്‍ പാടി അഭിനയിക്കാന്‍ വേണ്ടി അഭയദേവ് എഴുതിയ ഗാനം. പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ ഏഴാം ക്ലാസുകാരനായി സ്വയം മാറിക്കൊണ്ട് ഓര്‍മ്മയില്‍നിന്ന് യേശുദാസ് ആ പാട്ട് പാടികേള്‍പ്പിച്ചപ്പോള്‍ വിസ്മയത്തോടെ കേട്ടുനിന്നു ഞാന്‍. ‘നിരവധി തവണ അപ്പച്ചന് പാടിക്കേട്ടിട്ടുള്ള പാട്ടായതിനാല്‍ വരികളും ഈണവും ഇന്നും മനഃപാഠമാണ് എനിക്ക്’, യേശുദാസ്.
സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ട അപൂര്‍വമായ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ പൊരുള്‍ തേടിയുള്ള യാത്രയാണ് പാട്ടിലും ഗായകനിലും ചെന്നെത്തിയത്. വേദിയില്‍ മൈക്കിന് മുന്നില്‍ സ്കൗട്ട് വേഷധാരിയായി ഷോര്‍ട്ട്സ് ധരിച്ചുനില്കുന്ന നീണ്ടു മെലിഞ്ഞ കുട്ടി യേശുദാസ് ആണെന്ന് വ്യക്തം. എന്നാല്‍, പാടുന്ന പാട്ടോ?
‘കോണ്‍ഗ്രസ്സ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയാണെന്നാണ് ഓര്‍മ്മ. ഗാന്ധിജയന്തിയുടെയോ സ്വാതന്ത്ര്യദിനത്തിന്റെയോ ഭാഗമായിട്ടാവണം. പള്ളുരുത്തി സ്കൂളിനെ പ്രതിനിധാനം ചെയ്താണ് ഞാന്‍ പാടാനെത്തിയത്. അന്ന് പാടിയ പാട്ട് കൃത്യമായി ഓര്‍മ്മയുണ്ട്. അപ്പച്ചന് അഭിനയിച്ച ഒരു നാടകത്തിന് വേണ്ടി അഭയദേവ് സാര്‍ എഴുതിയ വന്ദേമാതരം വാഴ്ത്തിയ മുനിയേ എന്ന ദേശഭക്തിഗാനം. നാടകത്തില്‍ പാടിയത് അപ്പച്ചന് തന്നെ. സംഗീതം ദക്ഷിണാമൂര്‍ത്തി സ്വാമി ആണെന്നാണ് ഓര്‍മ്മ’.
അപൂര്‍വമായ ഈ സ്കൗട്ട് വേഷം? ‘അക്കാലത്ത് ഞാന്‍ സ്കൂളിലെ സ്കൗട്ടിലും അംഗമായിരുന്നു. തിരഞ്ഞെടുത്തത് കായികശേഷി പരിഗണിച്ചൊന്നുമല്ല. പാട്ടുപാടുമെന്നതുകൊണ്ടാണ്. എല്ലാം പാട്ട് കൊണ്ടുവന്ന സൗഭാഗ്യങ്ങള്‍..’, ഗാനഗന്ധര്വന് ചിരിക്കുന്നു.
കുട്ടിക്കാലത്ത് പല വേദികളില്‍ പാടിയിട്ടുണ്ട്. ഗാന്ധിജിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ‘വന്ദേമാതരം വാഴ്ത്തിയ മുനിയേ…’ മത്സരങ്ങളിലും പാടി. പിന്നീട്, വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളില്‍ (ഇന്നത്തെ അയ്യങ്കാളി ഹാള്‍) കെ. കരുണാകരന്, എ.കെ. ആന്റണി തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്ന വേദിയില്‍ ഒരു ഗാന്ധിജയന്തി നാളില്‍ അതേഗാനം അവതരിപ്പിച്ചത് ഓര്‍മ്മയുണ്ട്. എഴുതിയത് അപ്പച്ചന്റെ ആത്മമിത്രമായ അഭയദേവ്, സ്വരപ്പെടുത്തിയത് ഗുരുതുല്യനായ സ്വാമി, പാടിയത് അപ്പച്ചന്; പാട്ടാകട്ടെ സാക്ഷാല്‍ മഹാത്മാഗാന്ധിയേക്കുറിച്ചും. വൈകാരികമായി ഏറെ അടുപ്പമുള്ള ഗാനമാണതെന്ന് സൂചിപ്പിക്കുന്നു, കഴിഞ്ഞ ജനുവരി പത്തിന് എണ്‍പത്തഞ്ചാം പിറന്നാള്‍ ആഘോഷിച്ച യേശുദാസ്.
ഈ ഗാനമുള്‍പ്പെടെ പല ഗാനങ്ങളും അപ്പച്ചന് നാടകത്തില്‍ പാടി അഭിനയിക്കുന്നതിന് മകന് സാക്ഷി. ‘ഇന്നത്തെ പോലെ പാട്ടിന്റെ റെക്കോര്‍ഡ് പ്ലേ ചെയ്ത് അതിനനുസരിച്ച് ചുണ്ടനക്കുന്ന ഏര്‍പ്പാടില്ല അന്ന്. എല്ലാം ലൈവ് ആണ്. വേദിക്ക് മുന്നില്‍ ശ്രുതിയിട്ടു തരാന്‍ ഒരു ഹാര്‍മോണിസ്റ്റ് ഉണ്ടാകും. മൈക്കില്ലാത്ത കാലമായതിനാല്‍ കഴിയുന്നത്ര ഉറക്കെ വേണം പാടാന്‍. ഏറ്റവും പിന് നിരയില്‍ ഇരിക്കുന്നവര്‍ക്കും കേള്‍ക്കണമല്ലോ…’, യേശുദാസിന്റെ ഓര്‍മ്മ. പലവിധ ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടാണ് ഓരോ നാടകവും അരങ്ങിലെത്തിച്ചിരുന്നത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്ന ഒരു കാലം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]