
പ്രശസ്ത പാക് ഗായകൻ റാഹത് ഫത്തേ അലി ഖാൻ തന്റെ ശിഷ്യനെ ചെരിപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഈ വിഷയത്തിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഫത്തേ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപാദ.
ഭീകരം എന്നാണ് ചിന്മയി ഈ സംഭവത്തേക്കുറിച്ച് എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശേഷിപ്പിച്ചത്. ഇവരിൽ ചിലർ പൊതുസ്ഥലത്ത് സൗമ്യരും മൃദുഭാഷികളുമായ ആത്മാക്കളെപ്പോലെയാണ് പെരുമാറുക. പണ്ട് ക്യാമറകളുണ്ടായിരുന്നെങ്കിൽ മഹാന്മാർ എന്നുവിളിക്കപ്പെടുന്ന കൂടുതൽപേർ യഥാർത്ഥത്തിൽ ആരായിരുന്നുവെന്ന് തുറന്നുകാട്ടപ്പെടുമായിരുന്നെന്നും ചിന്മയി എഴുതി.
ശിഷ്യനെ അടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനേത്തുടർന്ന് വിശദീകരണവുമായി ഗായകൻതന്നെ രംഗത്തെത്തിയിരുന്നു. ഒരു തെറ്റുചെയ്തെന്ന് കണ്ടെത്തിയതാണ് അടിക്കാൻ കാരണമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. റാഹത്തിന്റെ ഈ വിശദീകരണവും ചിന്മയി പോസ്റ്റ് ചെയ്തിട്ടുണ്ട്.
“അദ്ദേഹം ഇവിടെ പറയുന്ന ന്യായീകരണം, വിദ്യാർത്ഥികൾ നന്നായി ചെയ്യുമ്പോൾ ടീച്ചർ അവരോട് സ്നേഹം ചൊരിയുന്നു, അവർ തെറ്റ് ചെയ്യുമ്പോൾ ശിക്ഷയും തുല്യമാണ് എന്നാണ്.” ഗുരുക്കന്മാർ അവർ അലങ്കരിക്കുന്ന സ്ഥാനത്തിന്റെ ദിവ്യത്വംകൊണ്ട് സംരക്ഷിക്കപ്പെടുന്നു. അവരുടെ എല്ലാ ലംഘനങ്ങളും, അക്രമം, വൈകാരിക ദുരുപയോഗം മുതൽ ലൈംഗിക ദുരുപയോഗം വരെ അവരുടെ ‘കലാവൈഭവം’, ‘പ്രതിഭ’ മുതലായവയ്ക്ക് വേണ്ടി ക്ഷമിക്കപ്പെടുന്നു. ഇത് നിർത്തേണ്ടതുണ്ട്.” ചിന്മയി കൂട്ടിച്ചേർത്തു.
റാഹത് അലി ഖാന്റെ വീഡിയോ വൈറലായതിനുപിന്നാലെ തെറ്റ് തന്റെ ഭാഗത്തായിരുന്നെന്ന് പറഞ്ഞ് അടികൊണ്ട വിദ്യാർത്ഥിയും രംഗത്തെത്തിയിരുന്നു. വീഡിയോ പ്രചരിപ്പിക്കുന്നവർ തന്റെ അധ്യാപകനെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇയാൾ പറഞ്ഞു. ഗായകന്റെ പെരുമാറ്റത്തിൽ മോശമായി ഒന്നുമില്ലെന്നാണ് വിദ്യാർത്ഥിയുടെ പിതാവും പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]