
തമിഴ് സിനിമാ ഗാനലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ലാൽ സലാം എന്ന ചിത്രത്തിലെ തിമിരി യെഴുഡാ എന്ന ഗാനം. സംഗീത സംവിധായകൻ എ.ആർ റഹ്മാൻ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ഗാനമാണിത് എന്നതാണ് ആ ചർച്ചകൾക്ക് അടിസ്ഥാനം. ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എ. ആർ. റഹ്മാൻ.
2022-ൽ അന്തരിച്ച ബംബാ ബാക്കിയ, 1997-ൽ അന്തരിച്ച ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ റഹ്മാൻ ലാൽ സലാമിലെ ഗാനത്തിനായി പുനഃസൃഷ്ടിക്കുകയായിരുന്നു. ഗാനവും ഗാനത്തിന്റെ പ്രത്യേകതയും സംഗീതാസ്വാദകരിലേക്ക് എത്തിയതോടെ നിരവധി ചർച്ചകളാണുയർന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ രണ്ട് ഗായകരുടെ ശബ്ദം വീണ്ടും കേൾക്കാനായല്ലോ എന്ന സന്തോഷമാണ് ചിലർ പങ്കുവെച്ചതെങ്കിൽ ഇങ്ങനെ ചെയ്യുന്നതിന് രണ്ട് ഗായകരുടെ കുടുംബങ്ങളോട് അനുവാദം ചോദിച്ചിരുന്നോ എന്നായിരുന്നു മറ്റൊരു കൂട്ടർക്കറിയേണ്ടത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി റഹ്മാൻ തന്നെയെത്തിയത്.
രണ്ട് ഗായകരുടെ കുടുംബങ്ങളോടും ഇത്തരത്തിലൊരു പാട്ടൊരുക്കാൻ താൻ അനുവാദം ചോദിച്ചിരുന്നെന്ന് എ.ആർ. റഹ്മാൻ എക്സിലൂടെ വ്യക്തമാക്കി. ഗായകരുടെ ശബ്ദത്തിന്റെ അൽഗോരിതം ഉപയോഗിക്കുന്നതിന് രണ്ട് കുടുംബങ്ങൾക്കും അവർ അർഹിക്കുന്ന പ്രതിഫലം നൽകിയിട്ടുണ്ട്. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ, സാങ്കേതികവിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആവില്ലെന്നും എ.ആർ. റഹ്മാൻ പറയുന്നു. റെസ്പെക്റ്റ്, നൊസ്റ്റാൾജിയ എന്നീ ഹാഷ്ടാഗുകളാണ് അദ്ദേഹം പോസ്റ്റിനൊപ്പം ഉപയോഗിച്ചിരിക്കുന്നത്.
ഐശ്വര്യ രജനികാന്ത് സംവിധാനംചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് റിലീസ് ചെയ്തത്. രജനികാന്ത് ചിത്രത്തിൽ കാമിയോ വേഷത്തിലെത്തുന്നുണ്ട്. രണ്ട് ഗായകരും വിടപറഞ്ഞ കാലഘട്ടംകൂടിയാണ് ലാൽ സലാമിലെ ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നത്. 2022 സെപ്റ്റംബർ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. ഷാഹുൽ ഹമീദ് 1997-ലും. എ.ആർ. റഹ്മാന്റെ സ്ഥിരം ഗായകരായിരുന്നു ഇരുവരും.
വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 9-ന് ചിത്രം തിയറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]